10 January, 2019 07:18:00 PM


ഏറ്റുമാനൂര്‍ നഗരഹൃദയത്തില്‍ മാലിന്യം നിറഞ്ഞ് ചിറക്കുളം; നഗരസഭയെ വിമര്‍ശിച്ച് മന്ത്രി മേഴ്സികുട്ടിയമ്മഏറ്റുമാനൂര്‍: ജലാശയങ്ങള്‍ മലീമസമായി കിടക്കുന്ന പ്രവണതയോട് യോജിക്കാനാവില്ലെന്നും തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി ജെ.മേഴ്സികുട്ടിയമ്മ. ഏറ്റുമാനൂര്‍ നഗരസഭയില്‍ ആരംഭിച്ച വനിതാ റിസോഴ്സ് സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം ജനലിലൂടെ പുറത്തേക്ക് നോക്കിയ മന്ത്രി നഗരഹൃദയത്തില്‍ മാലിന്യം നിറഞ്ഞ് കിടക്കുന്ന ചിറക്കുളത്തിന്‍റെ അവസ്ഥ കണ്ടിട്ടാണ് ഇങ്ങനെ പ്രതികരിച്ചത്. തൊട്ടുപിന്നാലെ നടന്ന യോഗത്തിലാണ് ഒരു ജലാശയം എങ്ങിനെ മലിനമാക്കാം എന്ന മാനസികാവസ്ഥ നമ്മള്‍ മാറ്റിയെടുക്കണമെന്ന് അധികൃതരെ മന്ത്രി ഓര്‍മ്മിപ്പിച്ചത്.


സ്ഥലം എംഎല്‍എ അഡ്വ കെ.സുരേഷ്കുറുപ്പും നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേലും സന്നിഹിതരായിരിക്കെയാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. എന്നാല്‍ ഇതിലും മലിനമായാണ് ചിറക്കുളം കിടന്നതെന്നും മാലിന്യം കുറെ വാരി നീക്കിയതാണെന്നും അധികൃതര്‍ മന്ത്രിയെ ധരിപ്പിച്ചു. മുന്‍ ചെയര്‍മാന്‍ ജോയി മന്നാമലയുടെ കാലത്ത് കുളം നവീകരിക്കാനായി ആരംഭിച്ച പദ്ധതിയുടെ തുടക്കമെന്നോണം കുളം വൃത്തിയാക്കിയ സംഭവമാണ് കഴിഞ്ഞയിടെ നടന്നപോലെ ഇവര്‍ മന്ത്രിയെ ധരിപ്പിത്. ഈ പദ്ധതി തുടക്കത്തില്‍ തന്നെ മുടങ്ങിയിരുന്നു. ഒരു കാലത്ത് ഏഴര പൊന്നാനകളുടെ നാടിന്‍റെ മുഖമുദ്രയായിരുന്ന ചിറക്കുളം നവീകരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ നഗരസഭ പദ്ധതിയിട്ടിരുന്നെങ്കിലും ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുന്നത് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരിക്കെ ഏറ്റുമാനൂര്‍ ഡിവിഷൻ കൗണ്‍സിലര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ മുന്‍കൈ എടുത്ത് ചിറക്കുളത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. മലിനജലം തേകി വൃത്തിയാക്കിയ ശേഷം ചുറ്റുമതില്‍ കെട്ടിയതല്ലാതെ ജോസ്മോന് പദ്ധതി പൂര്‍ണ്ണമാക്കാനായില്ല. കോണ്‍ക്രീറ്റ് കൊണ്ട് അലങ്കാരപണികള്‍ ചെയ്ത കുളത്തിന് ചുറ്റും ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ശിശുസൗഹൃദമാക്കി പെയിന്‍റിംഗ് നടത്തുവാനാണ് മുന്‍ നഗരസഭാ ചെയര്‍മാനായിരുന്ന ജോയി മന്നാമല പദ്ധതിയിട്ടത്. മൂന്ന് ലക്ഷം രൂപ ഇതിനായി നീക്കിവെച്ചു. 


കുളത്തിന് ചുറ്റും അലങ്കാരദീപങ്ങള്‍ സ്ഥാപിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് കളിക്കാനായി റൈഡറുകളും സ്ഥാപിക്കുക, മനോഹരമായ ടൈലുകള്‍ പാകി നടപ്പാത നിര്‍മ്മിക്കുക ഇവയെല്ലാം പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിനെല്ലാം കൂടി പത്ത് ലക്ഷം രൂപയും പദ്ധതിയില്‍ ഉള്‍കൊള്ളിച്ചു. ആറ് മാസം കാലാവധി പൂര്‍ത്തിയാക്കി ജോയി മന്നാമല പടിയിറങ്ങിയതോടെ ചിറക്കുളം നവീകരണ പദ്ധതി മുടങ്ങി. പണ്ട് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് നടന്നിരുന്ന കുളം മത്സ്യമാര്‍ക്കറ്റില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുമുള്ള മാലിന്യം മുഴുവന്‍ ഒഴുകിയെത്തിയാണ് മലീമസമായത്. എം.സി.റോഡരികിലെ ഹോട്ടലുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യം വരെ ഇപ്പോള്‍ ചിറക്കുളത്തിലേക്ക് ഒഴുകുന്നുണ്ട്. 


ഇതിനിടെ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും മലിനജലം ചെറുവാണ്ടൂര്‍ ചാലിലൂടെ പാടത്തേക്കും മീനച്ചിലാറ്റിലേക്കും ഒഴുക്കുന്ന നടപടിക്കെതിരെ ഏറ്റുമാനൂര്‍ സ്വദേശി വിജയകുമാര്‍ മന്ത്രിക്ക് നിവേദനം നല്‍കി. നഗരസഭയുടെ വരും വര്‍ഷത്തെ ഏറ്റവും വലിയ  പദ്ധതിയായ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന് സ്ഥലമെടുത്തതായും വളരെ വേഗം തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ഇതോടെ നഗരത്തിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.Share this News Now:
  • Google+
Like(s): 351