09 January, 2019 05:45:29 PM


ഏറ്റുമാനൂരില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ വന്‍ കഞ്ചാവ് വേട്ട. വിദ്യാര്‍ത്ഥികള്‍ മുഖേന കഞ്ചാവ് - മയക്കുമരുന്ന് വിപണന ശൃംഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് പേര്‍ രണ്ട് കിലോയിലധികം കഞ്ചാവുമായി പോലീസ് പിടിയിലായി. പുന്നത്തുറ പുന്നവേലിതടത്തില്‍ പൊട്ടാസ് ജോമോന്‍ എന്ന ജോമോന്‍ മാത്യു (29), പുന്നത്തുറ കമ്പനിമലയില്‍ പള്‍സര്‍ കണ്ണന്‍ എന്ന  അനില്‍കുമാര്‍ (27) എന്നിവരാണ് പിടിയിലായത്.


ബുധനാഴ്ച രാവിലെ 11 മണിയോടെ പുന്നത്തുറ മന്നാകുളം ഭാഗത്ത് നിന്ന് ഏറ്റുമാനൂര്‍ എസ്ഐ കെ.ആര്‍. പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കമ്പത്തുനിന്നും എത്തിച്ച രണ്ട് കിലോ അഞ്ച് ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ചെറിയ പായ്ക്കറ്റുകളിലായി ആളൊഴിഞ്ഞ റബ്ബര്‍തോട്ടത്തിലും മറ്റും കുഴിച്ചിട്ട ശേഷം ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് ഇവരുടെ രീതി.


ഏറ്റുമാനൂര്‍, കോട്ടയം, കിടങ്ങൂര്‍ പ്രദേശങ്ങളിലെ സ്കൂളുകളില്‍ കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്ന സംഘങ്ങളില്‍ ഒന്നാണ് ഇവരുടേത്. അതിരമ്പുഴ, നീണ്ടൂര്‍, കല്ലറ, ആർപ്പൂക്കര, ആനമല, ഏറ്റുമാനൂര്‍ തുടങ്ങിയ മേഖലകളിലെ കോളനികളും ഇവരുടെ വിപണനകേന്ദ്രങ്ങളാണ്. വന്‍പാരിതോഷികങ്ങള്‍ വാഗ്ദാനം നല്‍കി ഏജന്‍റുമാരാക്കുന്ന സ്കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളെ പിന്നീട് ഒരിക്കലും തങ്ങളുടെ വലയില്‍ നിന്നും ചാടിപോകാത്ത വിധം കുടുക്കിയിടുകയാണ് ഇവര്‍ ചെയ്തുവരുന്നത്. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K