07 January, 2019 12:10:36 AM


ആലപ്പാട് കരിമണല്‍ ഖനനം: സമരത്തിന് ഐക്യദാര്‍ഢ്യവുമായി ടൊവിനോ തോമസ്കൊല്ലം:  കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ചലച്ചിത്രതാരം ടൊവിനോ തോമസ്. ഒരു ജനത നടത്തുന്ന സമരം കാണാതെ മുന്നോട്ട് പോകാൻ അധികകാലം കഴിയില്ലെന്നും കേരളം ഈ വിഷയം ഏറ്റെടുക്കുമെന്നും ടൊവിനോ തോമസ് കൊല്ലത്ത് പറഞ്ഞു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്യാംപെയിനെ കുറിച്ച് കണ്ടിട്ടുണ്ടെന്നും പക്ഷേ കേരളത്തിന്‍റെ മുഖ്യധാരാ പ്രശ്നമായി ഇതു ചർച്ചചെയ്യുന്നില്ലെന്നും ടൊവിനോ പറഞ്ഞു.


കേരള സംസ്ഥാന യുവജന കമ്മീഷന്‍ കൊല്ലത്ത് നടത്തിയ നവോത്ഥാന യുവസംഗമത്തില്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയതായിരുന്നു ടോവിനോ. എനിക്കിതില്‍ നടപടി എടുക്കാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ എനിക്ക് ചെയ്യാവുന്ന കാര്യം അത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുത്തുകയാണ്. ചിലപ്പോള്‍ ഞാന്‍ ഒരു പൊതുവേദിയില്‍ പറഞ്ഞാല്‍ ഇത് കൂടുതല്‍ ആളുകള്‍ അറിയുമായിരിക്കുമെന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്, കേരളാ മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ആലപ്പാട് കരിമണല്‍ ഖനനം നടത്തുന്നത്. കുത്തക കമ്പനിയുടെ അനധികൃതമായ കരിമണൽ ഖനനം, കടലിനോട് ചേർന്നു നിൽക്കുന്ന പ്രദേശത്തെ അക്ഷരാർത്ഥത്തിൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ പെട്ട ജനങ്ങളെ സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ചു കൊണ്ട് രക്ഷിക്കാൻ പുറപ്പെട്ടവരാണവർ. സമരങ്ങളും നിരഹാരങ്ങളുമൊക്കെയായിട്ടു മാസങ്ങൾ പിന്നിട്ടിട്ടും അധികാരി വർഗം ഇപ്പോഴും നടപടിയെടുക്കാൻ തയ്യാറായിട്ടില്ലന്നത് തീർത്തും നിർഭാഗ്യകരമാണ്, പ്രദേശ വാസിയായ കാവ്യ തന്നെ കാര്യങ്ങൾ വിശദമാക്കുന്ന വീഡിയോ ഇതിനോടകം നവമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.


കാവ്യ പറയുന്നു : "ആലപ്പാട്ട്‌ എന്ന പ്രദേശത്തെ കുറിച്ച് ഒരു വീഡിയോ മുൻപ് ചെയ്തിരുന്നു. ഒരിക്കൽ കൂടി ആ പ്രദേശത്തെ പ്രശ്നങ്ങൾ നിങ്ങളുടെ മുന്നിലേക്കെത്തിക്കുകയാണ്. കൊല്ലം ജില്ലയിലെ ആലപ്പാടെന്ന പ്രദേശം, കടലിനും കായലിനും ഇടക്കുള്ളൊരു ഗ്രാമമാണ് ഇവിടെ ധാരാളമായി കാണപ്പെടുന്നത് കരിമണൽ ഖനനം ആണ്. ഐ ആർ ഐ എന്ന കമ്പനി ഇവിടെ ധാരാളം ആയി കരിമണൽ ഖനനം ചെയ്യുകയാണ്. കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ഖനനം മൂലം കടൽ കയറി കയറി വരികയും, ആലപ്പാട്ട്‌ എന്ന് പറയുന്ന ഒരു പ്രദേശം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു.


ഇവിടെ താമസിക്കുന്നത് ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. ഇവിടം വിട്ടൊരു ജീവിതം ഈ മനുഷ്യർക്കില്ല, അവരുടെ വരുമാന മാർഗം കടൽ തന്നെ ആയത് കൊണ്ട്. ഇത്തരത്തിൽ ഇന്ന് ഞങ്ങളുടെ ആലപ്പാട്ട്‌ നാളെ കേരളം മുഴുവനും നശിക്കാൻ ഇത്തരത്തിൽ ഉള്ള ഖനനം കാരണം ആയേക്കാം. ഒരുപാട് പ്രതിഷേധങ്ങളും, സമരങ്ങളൂം ഞങ്ങൾ നടത്തിയെങ്കിലും മാധ്യമങ്ങൾ പൂർണമായും അവഗണിച്ചു. അത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ടി വന്നത്. ജനിച്ച മണ്ണില്‍ തന്നെ മരിക്കാന്‍ അനുവദിക്കണം എന്നൊരപേക്ഷ മാത്രം നിങ്ങളുടെ മുന്നിൽ വെച്ച് കൊണ്ട് ഈ വീഡിയോ ഞാൻ അവസാനിപ്പിക്കുന്നു."


തീരദേശഗ്രാമങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ ഖനനം മൂലം പ്രദേശം വിട്ടൊഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ. ലോകരാഷ്ട്രങ്ങൾക്കിടയിൽ സംഭവിക്കുന്നതുപോലെ പോലെ യുദ്ധമോ ദാരിദ്ര്യമോ ഒന്നുമല്ല ഇവരെ ജനിച്ച മണ്ണിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്നത്. ഇവർ ചവിട്ടി നിൽക്കുന്ന മണ്ണ് വലിയൊരു സമ്പത്തിന്റെ സ്രോതസ്സാണ് എന്ന ഒറ്റക്കാരണം മാത്രം. വിയർപ്പിന്റെ ഓരോ തുള്ളിയും ചേർത്തുവച്ചു കെട്ടിപ്പൊക്കിയ കിടപ്പാടങ്ങൾ സ്വയം ഇടിച്ചു നിരത്തി പരിചയമില്ലാത്ത മറ്റൊരു നാട്ടിലേക്ക് മുന്‍പെതന്നെ ആയിരങ്ങൾ പലായനം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവർ കുടിയൊഴിപ്പിക്കൽ ഭീഷണിയിലും. 

Share this News Now:
  • Google+
Like(s): 309