05 January, 2019 05:45:53 PM


കാരൾ സംഘത്തെ ആക്രമിച്ച സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കും; പള്ളിയിൽ കഴിയുന്നവർ മടങ്ങും



കോട്ടയം: പാത്താമുട്ടത്ത് കാരൾ സംഘത്തെ ഡിവൈഎഫ്ഐ പ്രവർത്തകരുൾപ്പടെയുള്ളവർ ആക്രമിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊലീസുമായി സിപിഎം നേതൃത്വവും പള്ളിയിൽ കഴിയുന്നവരും നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രാദേശിക നേതാക്കൾ പ്രശ്നമുണ്ടാക്കിയാൽ ഇടപെടാമെന്ന് സിപിഎം നേതൃത്വം ഉറപ്പ് നൽകി. പള്ളിയിൽ കഴിയുന്നവർ ഉടൻ വീടുകളിലേക്ക് മടങ്ങും.


13 ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം ഭയന്ന് പള്ളിയിൽ കഴിയുന്നവർ വീടുകളിലേക്ക് മടങ്ങുന്നത്. പത്താമുട്ടം കൂമ്പാടി സെന്‍റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കയറിയാണ് കഴിഞ്ഞയാഴ്ച ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെയുള്ളവർ കാരൾ സംഘത്തെ ആക്രമിച്ചത്. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ഇവരെ ജാമ്യത്തിൽ വിട്ടിരുന്നു.


കഴിഞ്ഞ 23-നാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളുൾപ്പെടെ 43 പേരടങ്ങുന്ന കരോൾ സംഘം മുട്ടുചിറ കോളനിക്ക് സമീപത്തെ വീടുകളിൽ കയറിയപ്പോൾ ഒരു സംഘം ഇവർക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെ‍‍ൺകുട്ടികളെ ഉപദ്രവിച്ചു. നഗ്നത പ്രദർശിപ്പിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പള്ളി ഭാരവാഹികളുടെ ആരോപണം. പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ അമ്പതോളം ഡിവൈഎഫ്ഐ പ്രവർത്തകർ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്ന് പള്ളി ഭാരവാഹികൾ പറയുന്നു.


പരിസരത്തെ നാലു വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവർക്കു പരിക്കേറ്റു. ബൈക്കുകളും ഓട്ടോറിക്ഷയും തകർത്തു. പള്ളിക്കു നേരെയും കല്ലേറുമുണ്ടായി. കൂട്ടമണിയടിച്ചതോടെയാണ് അൻപതോളം വരുന്ന അക്രമികൾ പിരിഞ്ഞുപോയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K