04 January, 2019 07:21:50 PM


സംഘര്‍ഷാവസ്ഥ : മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും




പത്തനംതിട്ട: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹച‌ര്യത്തില്‍ മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നു. ഇവിടെയും പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ വിന്യസിച്ചതിനേക്കാള്‍ കൂടുതല്‍ പൊലീസുകാരെ പുല്ലുമേട്ടില്‍ നിയോഗിക്കുന്നുണ്ട്.



കഴിഞ്ഞ തവണ 1500ല്‍ താഴെ മാത്രം പൊലീസുകാരെയാണ് പുല്ലുമേട്ടില്‍ നിയോഗിച്ചത്. അത് ഇത്തവണ 500 പൊലീസുകാരെ കൂടുതലായി നിയോഗിക്കും. ശബരിമലയില്‍ മകരവിളക്കിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി സ്പെഷ്യല്‍ ഓഫീസര്‍ വിളിച്ച അവലോകനയോഗത്തില്‍ വിലയിരുത്തി.



യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇടുക്കി ജില്ലയിലെ കുമളി,​ വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. മകരവിളക്ക് സമയത്ത് പുല്ലുമേട്ടിലടക്കം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K