04 January, 2019 08:21:21 AM


ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ററിനെ പമ്പയില്‍ തടഞ്ഞു



പമ്പ: ശബരിമലയിലേക്ക് പോകാനെത്തിയ ട്രാന്‍സ്ജെന്‍ററിനെ പമ്പയില്‍വച്ച് പ്രതിഷേധകര്‍ തടഞ്ഞു. തേനി സ്വദേശി കയലിനെയാണ് തടഞ്ഞത്. പുലര്‍ച്ച ആറരയോടെയാണ് കയല്‍ പമ്പയില്‍ എത്തിയത്. പമ്പയില്‍നിന്ന് കാനന പാതയിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. കയല്‍ വസ്ത്രം മാറുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. 

ആദ്യം സാരിയുടുത്താണ് കയല്‍ എത്തിയത്. പിന്നീട് വസ്ത്രം മാറി. ഇതോടെയാണ് ആളുകള്‍ ഇവരെ ശ്രദ്ധിച്ചത്. ആദ്യം ചില ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ എത്തി. ഇവരുടെ പ്രതിഷേധം ആരംഭിച്ചതോടെ മലയിറങ്ങുന്ന അയ്യപ്പ ഭക്തരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. 

17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളാണ് താന്‍ എന്നാണ് കയല്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരിച്ച് പോകുകയാണെന്ന് കയല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. നേരത്തേ ട്രാന്‍സ്ജെന്‍റേഴ്സ് ശബരില ദര്‍ശനത്തിനെത്തിയിരുന്നു. ഇവരെ വഴി മധ്യേ പ്രതിഷേധകര്‍ തടയുകയും പിന്നീട് ഇവര്‍ മല കയറുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇന്നലെ ശ്രീലങ്കന്‍ സ്വദേശിയായ ശശികല എന്ന യുവതി മലകയറാന്‍ എത്തിയതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധകര്‍ പമ്പയില്‍ താവളം ഉറപ്പിച്ചിരിക്കുകയാണ്. ഈ സാഗചര്യം കണക്കിലെടുത്താണ് കയല്‍ തിരിച്ച് പോയതെന്നാണ് വ്യക്തമാകുന്നത്. കയലിനെ പൊലീസ് അകമ്പടിയോടെ പമ്പയിലേക്ക് തിരിച്ചെത്തിച്ചു. തുടര്‍ന്ന് ഇവര്‍ മടങ്ങിയെന്നാണ് വിവരം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K