03 January, 2019 07:57:52 PM


'എന്നെ തകർക്കരുത് പ്ലീസ്' - തലസ്ഥാന നഗരിയില്‍ കെഎസ്ആർടിസി ബസുകളുടെ വിലാപയാത്ര!



തിരുവനന്തപുരം: ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളില്‍ കെഎസ്ആർടിസിക്ക് 3 കോടി 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. തകര്‍ന്ന ബസ്സുകളുമായി ജീവനക്കാര്‍ തിരുവനന്തപുരത്ത് പ്രതീകാത്മക വിലാപയാത്ര നടത്തി. ശബരിമലയിലെ യുവതി പ്രവേശനത്തെതുടര്‍ന്ന് 2 ദിവസമായി സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. അക്രമസംഭവങ്ങളില്‍ ഇതുവരെ നൂറ് ബസ്സുകളാണ് തകര്‍ന്നത്.


ഏത് രാഷ്ട്രീയ സംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കെഎസ്ആർടിസി ബസ്സുകള്‍ നശിപ്പിക്കുന്ന പ്രവണത തുടരുകയാണ്. പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസിയുടെ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിക്കുകയാണ്. ബസ്സുകള്‍ നന്നാക്കി വീണ്ടും, സര്‍വ്വീസ്  തുടങ്ങുന്നതുവരെയുള്ള  വരുമാനവും നഷ്ടമാവുകയാണ്. ഈ സാഹചര്യത്തിലാണ് 'ദയവായി എന്നെ എറിഞ്ഞ് തകര്‍ക്കരുത്' എന്ന അഭ്യർഥനയുമായി കെഎസ്ആർടിസി വ്യത്യസ്തമായ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.


ആക്രമണത്തില്‍ തകര്‍ന്ന ബസ്സുകള്‍ക്കൊപ്പം ജീവനക്കാരും ചേര്‍ന്നാണ് പ്രതീകാത്മക വിലാപയാത്ര സംഘടിപ്പിച്ചത്. കിഴക്കേക്കോട്ടയിൽ നിന്നാരംഭിച്ച യാത്ര നഗരം ചുറ്റി മടങ്ങി. പൊതു മുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥയനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K