03 January, 2019 09:32:22 AM


ഹര്‍ത്താലില്‍ പരക്കെ അക്രമം; സിപിഎം ഓഫീസിന് തീയിട്ടു, പൊലീസ് ജീപ്പടക്കം വാഹനങ്ങള്‍ തകര്‍ത്തു
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം നടന്നതിനെതിരേ ശബരിമല കര്‍മ്മസമിതി നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപകമായി അക്രമം. മലപ്പുറത്ത് സിപിഎം ഓഫീസിനും പാലക്കാട് സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കും അക്രമികള്‍ തീയിട്ടു. പല ജില്ലകളിലും ബസിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ്. തിരുവനന്തപുരത്ത് ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു.


മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍കമ്മറ്റി ഓഫീസിന് തീയിട്ടു. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. 2000 ചതുരശ്ര അടിയില്‍ പിണറായി തുറന്നുകൊടുത്ത പുതിയതായി പണികഴിപ്പിച്ച ഓഫീസിന് നേരെ ഇന്നലെ കല്ലേറുണ്ടായിരുന്നു. പാലക്കാട് എണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം ഉണ്ടായി. ഇഎംഎസിന്റെ പേരിലുള്ള ലൈബ്രറിക്കാണ് തീയിട്ടിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ പാലക്കാട് നടന്ന പ്രക്ഷോഭത്തിന് പിന്നാലെ സിപിഎം ഓഫീസുകള്‍ക്ക് നേരെ നേരിയതോതില്‍ ആക്രമണം നടന്നിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍, പയ്യന്നൂര്‍, എടാട്ട, പെരുമ്പ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ബസിന്റെ ചില്ല് തകര്‍ത്തു. കോഴിക്കോട് ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയുണ്ട്. പത്തനാപുരത്തും കൊട്ടാരക്കരയിലും ബസുകള്‍ തടഞ്ഞു. പത്തനപുരത്ത് ഗതാഗതതടസ്സം സൃഷ്ടിക്കാന്‍ റോഡില്‍ മരക്കഷ്ണങ്ങളും തടിയും കൂട്ടിയിട്ടു. കൊല്ലത്ത് ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചുാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. ഹര്‍ത്താലില്‍ കട തുറക്കാന്‍ ആവശ്യപ്പെട്ട വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.നസറുദ്ദിന്റെ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.


തിരുവനന്തപുരത്ത് സ്വകാര്യവാഹനങ്ങളും ഓട്ടോകളും സര്‍വീസ് നടത്തുന്നുണ്ട്. കെ എസ് ആര്‍ ടിസി സര്‍വീസ് നടത്തുന്നില്ല. പോലീസിന്റെ വകയായി ആശുപത്രികളിലേക്കും എയര്‍പോര്‍ട്ടിലേക്കും വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയാല്‍ സംരക്ഷണ നല്‍കുമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ തിരുവനന്തപുരം നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കഴക്കൂട്ടം പ്രദേശങ്ങളില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഹര്‍ത്താല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ തിരുവനന്തപുരത്ത് കാര്യമായി അക്രമം ഉണ്ടായിട്ടില്ല. ആംബുലന്‍സ് കിട്ടാതെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഇന്നലെ പന്തളത്ത് ശബരിമല സമിതി നടത്തിയ പ്രതിഷേധത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കല്ലേറ് ഏറ്റ് മരണമടഞ്ഞിരുന്നു. സംഭവത്തില്‍ കണ്ണന്‍ അജു എന്നിങ്ങനെ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണ്. സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി ഓഫീസിന് മുകളില്‍ നിന്നുമാണ് കല്ലേറ് ഉണ്ടായതെന്നാണ് ശബരിമല കര്‍മ്മസമിതി ആരോപിച്ചിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്തവരുടെ കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. ബിജെപി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താനാണ് മരണമടഞ്ഞത്.


കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ്. ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടത്തും. തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പരിക്കേറ്റയാള്‍ ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ മരണമടഞ്ഞത്. പന്തളം സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്ങന്നൂരും തിരുവല്ലയിലും കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കൊച്ചിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ 49 സംഘടനകള്‍ ഇന്നലെ കൂടിയാലോചിച്ച് തീരുമാനം എടുത്തിരുന്നെങ്കില്‍ ആദ്യ മണിക്കൂറില്‍ കടകള്‍ തുറന്നിട്ടില്ല. സ്വകാര്യ ബസുകളോ കെഎസ്ആര്‍ടിസി ബസുകളോ സര്‍വീസ് തുടങ്ങിയിട്ടില്ല. ആലുവയിലും അങ്കമാലിയിലും നെടുമ്പാശ്ശേരി എന്നിവിങ്ങളില്‍ ബിജെപി പ്രതിഷേധം നടത്തിയിരുന്നു. തെരുവുകളിലും നിരത്തുകളിലും ആള്‍ക്കാര്‍ കുറവാണ്. ഹോട്ടലുകളും കടകളും തുറക്കുമെന്നാണ് വ്യാപാരികള്‍ ഇന്നലെ പറഞ്ഞിരുന്നെങ്കിലും ആരും ഇതുവരെ തുറന്നിട്ടില്ല. ഇന്നലെ ബിജെപിയിലെ 16 പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലില്‍ ഇട്ടിട്ടുണ്ട്.


ശബരിമലയിലെ നിലയ്ക്കലില്‍ തീര്‍ത്ഥാടകരുടെ വരവിനെ ബസ് സര്‍വീസിന്റെ കുറവ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് ഉറപ്പാക്കപ്പെട്ടിട്ടില്ല. മകരവിളക്ക് സീസണില്‍ വലിയ തിരക്ക് അനുഭവപ്പെടുമ്പോള്‍ അന്യസംസ്ഥാന ഭക്തര്‍ ബസിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. സന്നിധാനത്ത് ഭക്തരുടെ തിരക്കിനെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. ഫ്‌ളൈ ഓവറുകളില്‍ വലിയ തിരക്കുണ്ട്. മറ്റു സാഹചരങ്ങള്‍ തടസ്സപ്പെടുന്നതിനാല്‍ ആള്‍ക്കാരുടെ വരവ് വരും മണിക്കൂറില്‍ വലിയ തോതില്‍ കുറഞ്ഞേക്കാനാണ് സാധ്യത.


എരുമേലിയെ ആദ്യ മണിക്കൂറില്‍ ഹര്‍ത്താല്‍ ബാധിച്ചിരുന്നില്ല. കനത്ത തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാല്‍ ഹോട്ടലും ഭക്ഷണശാലകളുമെല്ലാം തുറന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ എത്തി അടപ്പിച്ചു. തീര്‍ത്ഥാടകരെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് സൂചന. ഹര്‍ത്താലിനെതിരേ കൈകോര്‍ത്ത 64 സംഘടനകള്‍ ഇന്നലെ യോഗം ചേര്‍ന്ന് കൊച്ചിയില്‍ കടകള്‍ തുറക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ നഗരത്തില്‍ കടകള്‍ തുറന്നിട്ടില്ല. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മിക്കയിടത്തും കടകള്‍ അടഞ്ഞു കിടക്കുകയാണ്Share this News Now:
  • Google+
Like(s): 330