02 January, 2019 06:39:51 PM


തരിശ് കിടന്ന ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ പാടശേഖരം വീണ്ടും ഹരിതമയമാകുന്നു

ഒരു ദശാബ്ദത്തിന് ശേഷം പാടത്ത് നെല്ലും പച്ചക്കറികളും വിളയിക്കുന്നു



ഏറ്റുമാനൂര്‍: ഒരു ദശാബ്ദത്തിന് ശേഷം ചെറുവാണ്ടൂര്‍ പാടശേഖരത്ത് വീണ്ടും നെല്‍ വിളയുന്നു. തരിശ് കിടന്ന 130 ഏക്കര്‍ വരുന്ന പാടശേഖരം അടുത്ത മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ണ്ണമായി കൃഷിക്ക് ഉപയുക്തമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഞാറ് നടീല്‍ ഇന്നലെ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 30 ഏക്കറിലാണ് കൃഷിയിറക്കുന്നത്.


ഏറ്റുമാനൂര്‍ നഗരസഭയിലെ മാടപ്പാട്, ചെറുവാണ്ടൂര്‍, പേരൂര്‍ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാടത്ത് നടീല്‍ ആരംഭിച്ചത് മൂന്ന് നടീല്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ്. ഇതിന് മുന്നോടിയായി 15 ദിവസം മുമ്പ് ഞാറ്റടി ഉണ്ടാക്കി വിത്ത് വിതച്ചിരുന്നു. ജ്യോതി വിത്താണ് പാകിയത്. ജൈവകൃഷിയിലൂടെ കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം ലക്ഷ്യമിട്ട് ഗ്രോ ക്രോപ്സ് അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനിയും റോട്ടറി ഇന്‍റര്‍നാഷണലും പിന്തുണയുമായി എത്തിയത് കര്‍ഷകര്‍ക്ക് ഏറെ സഹായമായി.


പുഞ്ചകൃഷിയ്ക്ക് സമയം അധികരിച്ചതുകൊണ്ടാണ് തല്‍ക്കാലം 30 ഏക്കറില്‍ മാത്രം കൃഷി ആരംഭിക്കുന്നത്. മീനച്ചിലാറ്റില്‍ നിന്നുമാണ് കൃഷിക്കാവശ്യമായ ജലം എത്തിക്കുന്നത്. പാടശേഖരം മുഴുവന്‍ കൃഷിയിറക്കണമെങ്കില്‍ കനാല്‍ നവീകരണം ഉള്‍പ്പെടെയുള്ള ജോലികള്‍ ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്. വെള്ളം വാര്‍ന്നുകിട്ടുന്ന മുറയ്ക്ക് 10 ഏക്കറില്‍ ഈ സീസണില്‍ പച്ചക്കറികൃഷി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണിവര്‍. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും സംയുക്ത സംരംഭമായ പാമ്പാക്കുട അഗ്രോ സര്‍വ്വീസ് സെന്‍ററിന്‍റെ കീഴില്‍ നാല്‍പത് വനിതകള്‍ അംഗങ്ങളായുള്ള ഗ്രീന്‍ ആര്‍മി എന്ന ടീം ആണ് കൃഷിയിറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നത്. 


നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തു. വളര്‍ച്ചയെത്തിയ ഞാറ് പറിച്ച് നടുന്ന ജോലികള്‍ രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ സാബു ജോര്‍ജ് പറഞ്ഞു. ഇവിടെ ഉത്പാദിപ്പിക്കുന്ന നെല്ല് സംസ്കരിച്ച് ഗുണമേന്മയുള്ള അരിയാക്കി 'റീപ്പ്' എന്ന പേരില്‍ വിപണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രോ ക്രോപ്സ് അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ റോയി ചെമ്മനവും റോട്ടറി ഇന്‍റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ.ലൂക്കും പറഞ്ഞു.   


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K