02 January, 2019 10:51:37 AM


ശബരിമല നട അടച്ചു: പോലീസ് വാക്കു പാലിച്ചു; സുപ്രീംകോടതി വിധി യാഥാര്‍ഥ്യമായി

സന്നിധാനത്ത് ഒരു മണിക്കൂര്‍ നീളുന്ന പരിഹാരക്രിയ; തീരുമാനം എടുത്തത് തന്ത്രിയും മേൽശാന്തിയും




ശബരിമല: യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ചു. ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ചു. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. ശുദ്ധിക്രിയയ്ക്കായി സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റി. നെയ്യഭിക്ഷേകം നിറുത്തി. പ്രവേശനം നിയന്ത്രിച്ചു. യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഇനി നട തുറക്കുന്നത് ശുദ്ധികലശം നടത്തിയ ശേഷം മാത്രമായിരിക്കും. 


പുലര്‍ച്ചെ തുറക്കുന്ന നട സാധാരണ ഗതിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് അടക്കാറ്. ആചാരം ലംഘനം നടന്നുവെന്ന് തന്ത്രി വിശദമാക്കിയിരുന്നു. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 മണിയോടെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.


പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നട തുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും വിശദമാക്കിയിരുന്നു. 


ശബരിമല നട അടക്കേണ്ടി വന്നതിന് ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ബി.ജെ.പി. നട അടച്ച തന്ത്രിയുടെ നടപടി തെറ്റെന്നും സുപ്രീം കോടതി വിധിയുടെ ലംഘനമെന്നും കോടിയേരി ബാലകൃഷ്ണൻ. സംഭവത്തിൽ ഹൈക്കോടതി നിരീക്ഷക സമിതി റിപ്പോർട്ട് തേടി. യുവതി പ്രവേശനത്തെ തുടർന്ന് അടച്ച നട ഇനി മകരവിളക്ക് മഹോത്സവത്തിനായി ജനുവരി 12ന് മാത്രമേ നട തുറക്കൂ എന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K