30 December, 2018 10:00:51 AM


പൊലിസ് ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ പ്രതി ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കി

കടുത്തുരുത്തി: പോലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച് രക്ഷപെട്ട പ്രതി മണിക്കൂറുകൾക്കകം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ കയറി ബഹളം വെച്ചതിനാണ് അന്യസംസ്ഥാന തൊഴിലാളിയെ കടുത്തുരുത്തി പോലീസെത്തി ജീപ്പിൽ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടു പോയത്. സ്റ്റേഷനിലേക്ക് പോകും വഴി ജീപ്പിനുള്ളിൽ വച്ച് അക്രമസക്തനായ പ്രതി ജീപ്പിന്റെ ചില്ല് തകർക്കുകയായിരുന്നു. ഇത് കണ്ട് നിർത്തിയ ജീപ്പിൽ നിന്നും ഇറങ്ങി ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.


ശനിയാഴ്ചപുലർച്ചെ അഞ്ച് മണിയോടെ ഇരവിമംഗലം ചെറുവള്ളിപ്പറമ്പിൽ സിബിയുടെ വീട്ടിൽ കയറി വീട് അടിച്ചു തകർക്കുവാൻ ശ്രമിക്കുകയും ബഹളം വയ്ക്കുകയും ചെയ്ത തൊഴിലാളിയെ സിബിയും അയൽവാസികളും ചേർന്ന് കീഴ്പ്പെടുത്തി കെട്ടിയിട്ടു. തുടർന്ന് വിവരമറിയിച്ചതനുസരിച്ച് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി. പോലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോരുന്നതിനിടെയാണ് സംഭവം. പോലീസുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ മള്ളിയൂർ റോഡിലെ മേൽപ്പാലത്തിന് സമീപം ഇയാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഉദ്ദേശം 45 വയസ് പ്രായമുള്ളയാളാണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ കോട്ടയത്തേക്കുള്ള യാത്രക്കിടെ വഴിതെറ്റി ഇവിടെ ഇറങ്ങിയെന്നും, ഇയാൾ മദ്യം കഴിച്ചാൽ അക്രമകാരിയാണെന്നും ഇയാളുടെ കൂടെയുണ്ടായിരുന്നവർ പറഞ്ഞതായി പോലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 205