24 December, 2018 09:39:35 PM


ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തല്‍ 26ന് ; 27ന് രാത്രി നട അടയ്ക്കും, 30ന് നട തുറക്കും




ശബരിമല: മണ്ഡലവിളക്ക് ഉത്സവത്തിലെ പ്രധാനപൂജയായ മണ്ഡലപൂജ ഡിസംബര്‍ 27ന് ഉച്ചയ്ക്ക് 12.30ന് നടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. തങ്കഅങ്കി ചാര്‍ത്തി നടക്കുന്ന പൂജയ്ക്ക് ശേഷം പ്രസാദം ഭക്തര്‍ക്ക് വിതരണം ചെയ്യും. ഡിസംബര്‍ 26ന് ഒരുമണിയ്ക്ക് നട അടച്ചശേഷം ഫയര്‍ഫോഴ്‌സും ദേവസ്വം ജീവനക്കാരും ചേര്‍ന്ന് സന്നിധാനവും പതിനെട്ടാംപടിയും കഴുകും. അന്ന് 4 മണിയ്ക്ക് നടതുറക്കും. എന്നാല്‍ ഭക്തര്‍ക്ക് ദീപാരാധനയോടെയാണ് പ്രവേശനം. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ മാലയണിയിച്ച് ഭസ്മം തൊടിയിച്ച് തങ്കഅങ്കി സ്വീകരിക്കാന്‍ യാത്രയയ്ക്കും. ശരംകുത്തിയില്‍വെച്ച് തങ്കഅങ്കിയെ ഇവര്‍ ചേര്‍ന്ന് സ്വീകരിക്കും.


ആറരയോടെ സന്നിധാനത്ത് എത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ പതിനെട്ടാംപടിയ്ക്ക് മുകളില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള സംഘം സ്വീകരിക്കും. തുടര്‍ന്ന് ശ്രീകോവിലിലേയ്ക്ക് ആനയിക്കും. കളഭാഭിഷേകത്തിന് ശേഷമാവും 41-ാം ദിനത്തിലെ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. 26ന് ഒരു മണിയ്ക്ക് നട അടച്ചശേഷം മൂന്നിന് നട തുറക്കും. 6.30ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 7ന് പുഷ്പാഭിഷേകത്തിനു ശേഷം രാത്രി 9.30ന് അത്താഴപൂജയും കഴിഞ്ഞ് 10.50ന് ഹരിവരാസനം പാടി 11ന് നട അടയ്ക്കും.  27ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും. തുടര്‍ന്ന് ഡിസംബര്‍ 30ന് വൈകീട്ട് 5.30ന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും.



Share this News Now:
  • Google+
Like(s): 141