23 December, 2018 08:23:32 PM


നാട്ടുകാര്‍ക്ക് ക്രിസ്മസ് കാഴ്ചയായി മാന്നാനം കെ.ഇ. സ്കൂളിലെ പുല്‍ക്കൂടും സാന്താക്ലോസും




ഏറ്റുമാനൂര്‍: ക്രിസ്തുമസിന് കൗതുകമൊരുക്കി മാന്നാനം കെ.ഇ. സ്കൂളിലെ പുല്‍ക്കൂടും സാന്താക്ലോസും. സ്കൂള്‍ കവാടത്തില്‍ ഒരുക്കിയ കൂറ്റന്‍ പുല്‍ക്കൂട്ടിനുള്ളിലൂടെ അകത്ത് കടന്നാല്‍ കാമ്പസ് നിറയെ കണ്‍ ചിമ്മുന്ന നക്ഷത്രങ്ങളും വർണവിളക്കുകളും. ഇതിന്‍റെ ഒത്ത നടുവിലാണ് സാന്താക്ലോസിന്‍റെ ഭീമാകാരമായ രൂപം. സ്കൂളിന് മുന്നിലൂടെ കടന്നുപോകുന്നവര്‍ വാഹനങ്ങള്‍ ഒന്നു നിര്‍ത്തി പുല്‍ക്കൂടിന്‍റെ ഭംഗി ആസ്വദിച്ചശേഷമാണ് യാത്ര തുടരുക. 25 അടി പൊക്കമുള്ള ക്രിസ്തുമസ് പപ്പായുടെയും പുല്‍ക്കൂടിന്‍റെയും മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്നവരുടെ തിരക്ക് വേറെ.


അല്‍പം വ്യത്യസ്തതയോടെ യേശുദേവന്‍റെ പിറവി തിരുന്നാള്‍ ആഘോഷിക്കുക എന്ന സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരിയുടെ ആശയമാണ് സ്കൂള്‍ കവാടത്തില്‍ സാക്ഷാത്ക്കരിക്കപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം ചാക്ക്, പ്ലാസ്റ്റര്‍ ഓഫ് പാരിസ്, തെര്‍മോകോള്‍ എന്നിവ ഉപയോഗിച്ച് മനോഹരമായ രീതിയില്‍ പുല്‍ക്കൂട് ഒരുക്കിയത്  മാന്നാനം സ്വദേശിയായ ആര്‍ട്ടിസ്റ്റ് പ്രബീഷ് ആണ്. രണ്ട് ആഴ്ചയിലധികമെടുത്തു പുല്‍ക്കൂടിന്‍റെ പണി തീരുവാന്‍. 



Share this News Now:
  • Google+
Like(s): 552