23 December, 2018 02:58:32 PM


പിഎംജെഡിവൈ മൈനര്‍ അക്കൗണ്ട്: റുപേ കാര്‍ഡ് ലഭിച്ച ഇടപാടുകാരെ വട്ടം ചുറ്റിച്ച് ബാങ്കുകള്‍



- ഉണ്ണികൃഷ്ണന്‍

കൊച്ചി: സാധാരണ ജനങ്ങളെയും ഉള്‍പ്പെടുത്തി സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളില്‍ ലഭിച്ച റുപേ കാര്‍ഡുകള്‍ ബാങ്ക് ഇടപാടുകാര്‍ക്ക് തലവേദനയാവുന്നു. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്ന മൈനറായിട്ടുള്ള ഇടപാടുകാരെ റുപേ കാര്‍ഡിന്‍റെ പേരില്‍ ബാങ്കുകാര്‍ വട്ടം ചുറ്റിക്കുകയാണ്.  

2012 മാര്‍ച്ചിലാണ് ദേശീയ പെയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) രൂപീകരിച്ച ഇന്ത്യന്‍ ആഭ്യന്തര കാര്‍ഡ് റുപേ നിലവില്‍ വരുന്നത്. മാസ്റ്റര്‍, വിസ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന പോലെ തന്നെ റുപെയ് കാര്‍ഡുകളും ഉപയോഗിക്കാന്‍ സാധിക്കും. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം എല്ലാ ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ എന്ന ലക്ഷ്യത്തോടെ 2014 ആഗസ്തില്‍  പ്രധാനമന്ത്രി ജന്‍ ധന്‍ അക്കൗണ്ടുകള്‍ നടപ്പാക്കി. ഇപ്രകാരം അക്കൗണ്ട് തുറക്കുന്നവര്‍ക്ക് റുപെയ് കാര്‍ഡുകളാണ് നല്‍കുന്നത്. ഇടപാടുകാരില്‍ നിന്നും അഞ്ചു പൈസ വാങ്ങാതെ സീറോ ബാലന്‍സ് അക്കൗണ്ട് ഉള്ളവര്‍ക്കു വരെ റുപേ കാര്‍ഡുകള്‍ വിതരണം ചെയ്തു. 

എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച കാര്‍ഡുമായി ഇടപാടുകള്‍ക്ക് ശ്രമിച്ച പതിനെട്ട് വയസില്‍ താഴെയുള്ള നല്ലൊരു ശതമാനം ആളുകളും ഇടപാടുകള്‍ നടത്താനാവാതെ വെട്ടിലായിരിക്കുകയാണ്. എടിഎം കൗണ്ടറുകളില്‍ എത്തിയാണ് കാര്‍ഡിന്‍റെ പിന്‍ ജനറേറ്റ് ചെയ്യേണ്ടത്. ഇങ്ങനെ പിന്‍ എടുക്കാനായി എടിഎം കൗണ്ടറില്‍ കയറിയ എസ്ബിഐയുടെ ഒരു ഇടപാടുകാരന്‍ അതിന് സാധിക്കാതെ വന്നപ്പോള്‍ ബാങ്കുമായി ബന്ധപ്പെട്ടു. നിങ്ങള്‍ക്കാരാ ഡെബിറ്റ് കാര്‍ഡ് നല്‍കിയത് എന്ന മറുചോദ്യമാണ് ഉണ്ടായത്. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് നിയമപ്രകാരം കാര്‍ഡ് നല്‍കാനാവില്ലെന്നും ഇടപാടുകള്‍ ബാങ്കില്‍ നേരിട്ട് വന്ന് നടത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം. 

ആധാര്‍ ഇകെവൈസി ഉപയോഗിച്ചാണ് മുമ്പ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ പലരും തുറന്നിട്ടുള്ളത്. ആധാര്‍ ഉപയോഗിച്ച് വിരലടയാളത്തോടുകൂടി പണം പിന്‍വലിക്കാനുള്ള സൗകര്യവും ഈ അക്കൗണ്ടില്‍ ഉണ്ട്. സമീപകാലത്ത് അക്കൗണ്ട് തുറക്കുന്നതിന് ആധാര്‍ അവശ്യഘടകമല്ലാതെ വന്നതോടെ ചില സാങ്കേതികകാരണങ്ങളുടെ പേരില്‍ ഇങ്ങനെ തുറന്ന അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താനാവാതെ വന്നിരുന്നു. എന്തുചെയ്യണമെന്ന് വ്യക്തമായ കാഴ്ചപ്പാട് ഉദ്യോഗസ്ഥര്‍ക്കും ഇല്ലാതായി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചുവെന്ന് പറഞ്ഞപോലെ ഇടപാടുകാര്‍ വട്ടം ചുറ്റുന്നതിനിടെയാണ് റുപേ കാര്‍ഡുകളുടെ പ്രശ്നം പൊന്തി വന്നത്.

ഒരു ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് കവറേജും അയ്യായിരം രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ലഭ്യമാക്കുന്നതാണ് ജന്‍ ധന്‍ അക്കൗണ്ടുകളോടൊപ്പമുള്ള റുപേ കാര്‍ഡുകള്‍.  ഓണ്‍ലൈന്‍ ഇടപാടുകളും ഷോപ്പിങിനും ഉപയോഗിക്കാവുന്ന രീതിയില്‍ ഒട്ടേറെ സൗകര്യങ്ങള്‍ കാര്‍ഡിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അധിക ചാര്‍ജ് നല്‍കാതെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും കൃത്യമായ പെയ്മെന്‍റ് നടക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ തന്നെ പറയുന്നത്. ഇതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ബാങ്ക് വിതരണം ചെയ്ത കാര്‍ഡുകള്‍ക്ക് നേരെ മുഖം തിരിക്കുന്നത്. സാധാരണ അക്കൗണ്ട് തുറക്കുന്ന എല്ലാവര്‍ക്കും ഡബിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതുപോലെ അയയ്ക്കുന്നതാണെന്നും കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ മാത്രമേ ഇത് പ്രയോജനപ്പെടുത്താനാവൂ എന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

ബാങ്ക് ഉദ്യോഗസ്ഥരുടെ അഞ്ജതയാണ് പ്രശ്നങ്ങള്‍ക്കു പിന്നിലെന്നും പറയപ്പെടുന്നു. ബാങ്ക് തലത്തില്‍ കേന്ദ്രീകൃത കെവൈസി (സി-കെ വൈ സി) ചെയ്യാത്തതാണ് റുപേ കാര്‍ഡുകള്‍ ഉള്‍പ്പെടെ ജന്‍ ധന്‍ അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താന്‍ പറ്റാതെ വരുന്നതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. അതേ സമയം പഴയ അക്കൗണ്ടുള്ളവര്‍ക്ക് വിതരണം ചെയ്യാനായി എത്തിയ റുപേ കാര്‍ഡുകള്‍ ഒട്ടേറെയാണ് ബാങ്കുകളില്‍ കെട്ടികിടക്കുന്നതത്രേ. 


Share this News Now:
  • Google+
Like(s): 98