21 December, 2018 05:49:28 PM


കോട്ടയം കാണക്കാരിയിൽ യുവതി രണ്ട് എ ടി എം കൗണ്ടറുകൾ തകർത്തു (VIDEO കാണാം)



കുറവിലങ്ങാട്: കാണക്കാരിയിൽ യുവതി 2 എ ടി എം കൗണ്ടറുകൾ തകർത്തു. കാണക്കാരിയിലെ കേരളാ ഗ്രാമീൺ ബാങ്ക്, ആശുപത്രി പടിക്ക് സമീപമുളള സിൻഡിക്കേറ്റ് ബാങ്ക് എടിഎമ്മുകളാണ് തകർക്കപ്പെട്ടത്. ഇന്ന് പുലർച്ചെ ഒന്നരക്കും രണ്ടര മണിക്കും ഇടയ്ക്കായിരുന്നു സംഭവം.



പോലീസ് അന്വേഷണത്തിൽ മുപ്പത്തഞ്ച് വയസ് തോന്നിക്കുന്ന ഒരു യുവതി കല്ലെടുത്തെറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദ്യശ്യങ്ങളിൽ നിന്നു വ്യക്തമായി. മാനസിക രോഗിയായി അലഞ്ഞു നടക്കുന്ന യുവതിയാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു. രാത്രി നൈറ്റ് പട്രോളിംഗിനിടെ കുറവിലങ്ങാട് പോലീസ് ഇവരെ കളത്തൂര്‍ കവലയില്‍വെച്ച് കണ്ടിരുന്നു. വെളുപ്പിനെ രണ്ടരയോടെ ഇവരെ കണ്ട് പോലീസ് വാഹനം നിര്‍ത്തിയെങ്കിലും കല്ലെടുത്ത് എറിയാന്‍ ഭാവിച്ചശേഷം ഇവര്‍ ഓടികളഞ്ഞു. കയ്യില്‍ ഒരു നക്ഷത്രവുമുണ്ടായിരുന്നു. ഇതിന് ശേഷമാണ് എടിഎം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


യുവതിയെ കല്ലുമായി കണ്ട സമയം കണക്കാക്കിയപ്പോള്‍ പോലീസിന് സംശയം തോന്നിയിരുന്നു. ഇതിനിടെ ബാങ്ക് ജീവനക്കാര്‍ സമരത്തിന്‍റെ ഭാഗമായി ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. രാവിലെ യുവതി കല്ലെടുത്തെറിയുന്ന ദൃശ്യം കേരളാ ഗ്രാമീണ്‍ ബാങ്കിന്‍റെ കാമറയില്‍ പതിഞ്ഞ വിവരം ബാങ്ക് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇവരുടെ കയ്യില്‍ നക്ഷത്രം ഉണ്ടെന്ന് കൂടി പറഞ്ഞപ്പോള്‍ പോലീസിന് ആളെ വ്യക്തമായി. പിന്നാലെ സിസിടിവി ദൃശ്യം നേരില്‍ പരിശോധിച്ച് മാനസികരോഗിയായ യുവതി തന്നെയാണ് പുലര്‍ച്ചെ കല്ലെടുത്ത് എറിഞ്ഞതെന്ന് ഉറപ്പാക്കുകയായിരുന്നു.





Share this News Now:
  • Google+
Like(s): 1344