21 December, 2018 02:58:33 PM


ദേഹാസ്വാസ്ഥ്യം: വിജിയെ സമരപന്തലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി



തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജിയെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപന്തലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. സനല്‍കുമാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭ്യമാകാതായതോടെ വിജിയും കുടുംബവും സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കുകയായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിന്‍റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും വിജിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാതായതോടെ മന്ത്രി എം.എം. മണിയെ വിജി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ തോന്ന്യവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിലപാട്. 



Share this News Now:
  • Google+
Like(s): 150