21 December, 2018 02:03:19 PM


സേലം കാരിമംഗലത്ത് വാഹനാപകടത്തില്‍ ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി മരണമടഞ്ഞു



സേലം: തമിഴ്നാട് കാരിമംഗലത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. ഏറ്റുമാനൂര്‍ പേരൂര്‍ കണ്ടഞ്ചിറയ്ക്ക് സമീപം കാവുംപാടം മഠത്തുമാലിയില്‍ രാജന്‍റെയും അമ്മിണിയുടെയും മകന്‍ ഗിരീഷ് രാജന്‍ (34) ആണ് മരിച്ചത്. രണ്ട് മണിയോടെ ടോറസ് ലോറിയുടെ പിന്നില്‍ ഗിരീഷും സുഹൃത്തും സഞ്ചരിച്ചിരുന്ന മിനി ലോറി ഇടിച്ചായിരുന്നു അപകടം. മിനിലോറി ഓടിച്ചിരുന്ന പേരൂര്‍ കാശാംകുറ്റിയില്‍ രാജേഷി(48)നെ പരിക്കുകളോടെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളുരുവിലുള്ള ബന്ധുവിന്‍റെ വീട്ടുസാധനങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുവാന്‍ ഗിരീഷ് സുഹൃത്തായ രാജേഷിനെയും കൂട്ടി പോയ വഴിയായിരുന്നു അപകടം. 



സേലത്തുനിന്നും 87 കിലോമീറ്റര്‍ മാറി ബംഗളുരുവിന് 118 കിലോമീറ്റര്‍ ഇപ്പുറത്തായിരുന്നു അപകടം. മിനിലോറിയെ മറികടന്ന ഒരു ടോറസ് ലോറിയുമായി ഇടിക്കാതിരിക്കാന്‍ ഇടത്തോട്ട് വെട്ടിച്ചപ്പോള്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് രാജേഷ് സുപ്രഭാതത്തോട് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ മുന്‍വശവും കാബിനും പൂര്‍ണമായും തകര്‍ന്നു. അപകടം ഉണ്ടായ ഉടന്‍ ടോറസ് ലോറി ഓടിച്ചുപോയി. ലോറിയില്‍ നിന്നും ഇറങ്ങിയ രാജേഷ് ഒരുവിധം തൊട്ടടുത്ത പമ്പിലെത്തി വിവരമറിയിച്ചശേഷം പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തും മുമ്പേ ഗിരീഷ് മരണമടഞ്ഞിരുന്നു. 


ഏറ്റുമാനൂര്‍ ടാക്സി സ്റ്റാന്‍റിലെ ജീപ്പ് ഡ്രൈവര്‍ ആയിരുന്നു ഗിരീഷ്. വ്യാഴാഴ്ച  ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ഇവര്‍ പേരൂരില്‍ നിന്നും പോയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: മഞ്ചുഷ, മകള്‍: ഐശ്വര്യ. സഹോദരിമാര്‍: മിനി, ബിന്ദു. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പില്‍.



Share this News Now:
  • Google+
Like(s): 7630