19 December, 2018 09:21:15 PM


ബാലവേല: സ്‌ക്വാഡ് പരിശോധനയില്‍ ഇതര സംസ്ഥാനക്കാരായ മൂന്നു കുട്ടികളെ മോചിപ്പിച്ചു




കാസര്‍കോട്: ബാലവേല വിരുദ്ധ ജില്ല ടാസ്‌ക് ഫോഴ്‌സിന്റെ അംഗങ്ങള്‍ നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ മൂന്നു കുട്ടികളെ മോചിപ്പിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കളനാട് വില്ലേജില്‍ ചെമ്പരിക്ക പ്രദേശത്തെ നോര്‍ത്ത് മുബാറക് മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ കുട്ടികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനത്ത് നിന്നുള്ള 18 വയസ്സ് തികയാത്ത മൂന്ന് കുട്ടികളെ ജോലി ചെയ്യിക്കുന്നതായി കണ്ടെത്തിയത്. 


ജില്ലാ ലേബര്‍ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, ലീഗല്‍ കം പ്രൊബേഷണറി ഓഫീസര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോഡിനേറ്റര്‍, ബേക്കല്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പരിശോധന. പരിസര വാസികളുടെ സാന്നിദ്ധ്യത്തില്‍ കുട്ടികളെ മോചിപ്പിച്ച് കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. കുട്ടികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും ജില്ലയില്‍ ഇത് സംബന്ധിച്ച പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും, ബാലവേല വിരുദ്ധ ജില്ല ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 269