19 December, 2018 07:24:25 PM


ഹൈടെക് ആയി പുത്തന്‍കുരിശ് പുറ്റുമാനൂര്‍ ഗവണ്‍മെന്‍റ് യു പി സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളും



കൊച്ചി: പുറ്റുമാനൂര്‍ ഗവണ്‍മെന്‍റ് യു പി സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ആക്കി. വടവുകോട്-പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ചാണ് വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തിലേക്ക് മാറ്റിയിരിക്കുന്നത്. 100 വര്‍ഷം പിന്നിടുന്ന പുറ്റുമാനൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിന്റെ ശതാബ്ദി ദിനത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.


വിദ്യാഭ്യാസ സംരക്ഷണത്തിനായി പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന ദിശ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ കീഴിലാണ് ക്ലാസ് മുറികള്‍ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളാണ് വിദ്യാലയത്തില്‍ ഉള്ളത്. ഓരോ ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും പ്രായമനുസരിച്ച്‌ ആകര്‍ഷകമായ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍, കളിയുപകരണങ്ങള്‍, ബ്ലാക്ക് ബോര്‍ഡ് തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രൊജക്ടര്‍, ലാപ്‌ടോപ്പുകള്‍ എന്നീ സംവിധാനങ്ങളും കുട്ടികള്‍ക്ക് ലഭ്യമാകും.



എല്ലാ ക്ലാസ് മുറികളും ടൈല്‍ വിരിച്ച്‌ ഭംഗിയാക്കിയിട്ടുണ്ട്. പഞ്ചായത്തിനു കീഴിലെ ആദ്യ ഹൈടെക് വിദ്യാലയമാണ് പുറ്റുമാനൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍. വടവുകോട്-പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ വേലായുധന്‍, വൈസ് പ്രസിഡണ്ട് അംബിക നന്ദനന്‍, സെക്രട്ടറി എന്‍ അനില്‍ കുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സോഫിയ ഐസക്, റ്റി കെ പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായിരിക്കുന്നത്.




Share this News Now:
  • Google+
Like(s): 262