17 December, 2018 07:23:46 AM


മയക്കുമരുന്നുമായി സിനിമാ-സീരിയൽ നടിയും ഡ്രൈവറും പിടിയിൽ





കൊച്ചി: വിലകൂടിയ മയക്കുമരുന്നുമായി സിനിമാ -സീരിയൽ നടിയും ഡ്രൈവറും പോലീസിന്റെ പിടിയിലായി. കാക്കനാട് പാലച്ചുവടിനടുത്തുള്ള സ്വകാര്യ ഫ്ലാറ്റിൽ താമസിച്ച് മയക്കുമരുന്നു വില്പന നടത്തിവന്ന തിരുവനന്തപുരം തുമ്പ ആറാട്ടുവഴി പുതുവൽ പുരയിടത്തിൽ നടി അശ്വതി ബാബു (22) ഇവരുടെ ഡ്രൈവർ കോട്ടയം ചിങ്ങവനം പരുത്തുംപാറ പറയന്തറ വീട്ടിൽ ബിനോ എബ്രഹാം (38) എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃക്കാക്കര അസി: കമ്മീഷണറുടെ നിർദേശപ്രകാരം തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരിൽ നിന്നും കാറിലെത്തിച്ച മയക്കുമരുന്ന് ക്രിസ്മസ് -പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് വിറ്റഴിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. വീര്യമേറിയ എം.ഡി.എം.എ എന്ന മയക്കുമരുന്നിന്റെ 4 ഗ്രാം അശ്വതി ബാബുവിൽ നിന്നും കണ്ടെടുത്തു. ഇന്നലെ രണ്ട് മണിയോടെ കാറിൽ കൊണ്ടുവന്ന മയക്കുമരുന്നടങ്ങിയ ബാഗ് ഡ്രൈവർ കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. ഒരു ഗ്രാം എം.ഡി. എം. എ ഡ്രൈവറുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു.


ഗ്രാമിന് 2000 രൂപയിലധികം വിലയുള്ള ഈ മയക്കുമരുന്ന് ഉപയോഗിച്ച് 45 മിനിട്ടുകഴിയുമ്പോൾ ഉപയോഗിക്കുന്നയാൾ ലഹരിയിലേക്ക് വീഴും. ആറുമണിക്കൂറിലേറെ നേരം ലഹരി നിലനിൽക്കും.കൊച്ചിയിൽ എം.ഡി.എം.എയുടെ ഉപയോഗം വ്യാപകമാണ്. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിച്ചു വരുന്ന അശ്വതി ബാബു ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പവും ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നതായി തൃക്കാക്കര പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Google+
Like(s): 273