16 December, 2018 08:22:57 AM


ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയില്‍ ടൂറിസ്റ്റ് ബസും നാല് വാഹനങ്ങളും കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്ഏറ്റുമാനൂര്‍: എം.സി.റോഡില്‍ ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയില്‍ ടൂറിസ്റ്റ് ബസും മറ്റ് നാല് വാഹനങ്ങളും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ബസ് യാത്രികരായ 35 പേര്‍ക്ക് പരിക്ക്. ടൂറിസ്റ്റ് ബസിനെ കൂടാതെ ലോറി, കാര്‍, മിനി ലോറി, സ്കൂട്ടര്‍ എന്നിവയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് പിന്നോട്ട് ഉരുണ്ട് ക്ഷേത്രഗോപുരത്തില്‍ ഇടിച്ചുനിന്നു. ഞായറാഴ്ച വെളുപ്പിനെ നാല് മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ബംഗളൂരുവില്‍നിന്നും പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസില്‍ ഡ്രൈവര്‍മാരും ക്ലീനറും യാത്രക്കാരും ഉള്‍പ്പെടെ 41 പേരാണ് ഉണ്ടായിരുന്നത്. പൂഞ്ഞാര്‍ പുളിക്കല്‍ അഖില (22), സഹോദരി അനില (17), പൂഞ്ഞാര്‍ പോളക്കുഴിയില്‍ മഞ്ചു (21), മലയാലപ്പുഴ മണിമലപുതുവേലില്‍ വിനീത (36), മകള്‍ ശ്രീലക്ഷ്മി (18), ചങ്ങനാശേരി ചെത്തിപ്പുഴ തൈപ്പറമ്പില്‍ ഷൈനി (50), മകള്‍ മരിയ (18), ഫാത്തിമാപുരം കവലയ്ക്കല്‍ ഷൈനി (40), മകള്‍ നിമിഷ (18), മാടപ്പള്ളി അമ്പാട്ട്തടവ് ഓമന (43), മകള്‍ സുവര്‍ണ (17), വെച്ചൂച്ചിറ കുന്നം പ്ലാക്കുഴിയില്‍ മറിയാമ്മ (36) മകള്‍ കെസിയ (17), തിരുവല്ല വളഞ്ഞവട്ടം മുളവേലില്‍ പടവില്‍ സാലി ജോര്‍ജ് (42), മകള്‍ എഗ്ളിന്‍ (19) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ബസ് ഡ്രൈവര്‍മാരായ കര്‍ണാടക ഭവാനി ലക്ഷ്മിനിവാസില്‍ ശെന്തില്‍കുമാര്‍ (38), ഭവാനി സ്വദേശി കാര്‍ത്തിക് (23), മലയാലപ്പുഴ ചേന്നംപ്പള്ളില്‍ ശ്രീകല (43), മകള്‍ ശരണ്യ (18), കോട്ടയം ചേനപ്പാടി സ്വദേശി അ‍‍ജ്ഞന (18), ആലപ്പുഴ കാരിക്കുഴി തോട്ടുകണ്ടത്തില്‍ പൊന്നമ്മ (44) മകള്‍ രേഷ്മ (18), പത്തനംതിട്ട മുണ്ടമല അടിച്ചിത്രമലയില്‍ പ്രിന്‍സി ജോസഫ് (19), പുല്ലാട് പൂവംനില്‍ക്കുന്നതില്‍ സുമ (37), ചെറുവള്ളിയില്‍ സൂസമ്മ ജോസഫ് (56), മകള്‍ ജസ്ന (18), പത്തനംതിട്ട നിരവത്ത് ലാലി ഫിലിപ്പോസ് (46) തുടങ്ങിവയരെ തെളളകം മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
കമ്പിയും കയറ്റി കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിര്‍ദിശയില്‍ നിന്നും വന്ന കാറും കൂട്ടിയിടിച്ചതാണ് അപകടത്തിന് തുടക്കം. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡിന് കുറുകെയായി.  കാറുടമയും ലോറി ജീവനക്കാരും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് പിന്നാലെ വന്ന ബസ് ലോറിയുടെ പിന്നില്‍ ഇടിക്കുന്നത്. ഈ സമയം ലോറിയെ മറികടന്ന് എതിര്‍ദിശയില്‍ നിന്നും വന്ന മിനിലോറി ബസും ലോറിയുമായി കൂട്ടിയിടിച്ചു.നിയന്ത്രണം വിട്ട ബസ് പിന്നോട്ടുരുണ്ട് ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഗോപുരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിനെത്തിയ തിരുവല്ല സ്വദേശി വിഷ്ണുവിന്‍റെ സ്കൂട്ടറിന് മുകളിലൂടെയാണ് ബസ് ഉരുണ്ട് പോയത്. ലോറിയും കാറും തമ്മിലിടിച്ചത് കണ്ട വിഷ്ണു സ്കൂട്ടര്‍ നിര്‍ത്തി അപകടസ്ഥലത്തേക്ക് പോയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടു. ഇതിനിടെ ലോറിയുമായി കൂട്ടിയിടിച്ച കാറുടമ കാറുമെടുത്ത് സ്ഥലം കാലിയാക്കി. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാറാണ് അപകടത്തിന് തുടക്കം കുറിച്ചതെന്ന് ദൃക്സാക്ഷികളായ പടിഞ്ഞാറെനടയിലെ വ്യാപാരികള്‍ പറയുന്നു.


ബസിലെ യാത്രക്കാരെല്ലാം ബംഗളൂരു ആനക്കല്‍ സ്പുര്‍ത്തി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനികളും അവരുടെ രക്ഷിതാക്കളുമായിരുന്നു. ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് പോന്ന മലയാളികളായ ഇവര്‍ക്ക് കോളേജില്‍ നിന്നും ഏര്‍പ്പാടാക്കികൊടുത്ത ബസായിരുന്നു ഇത്. ബംഗളുരു - പത്തനാപുരം റൂട്ടില്‍ ദിവസേന സര്‍വ്വീസ് നടത്തുന്ന ബസ് കോളേജിലെ കുട്ടികള്‍ക്ക് മാത്രമായി പത്തനംതിട്ടയ്ക്ക് തിരിച്ചുവിട്ടതാണ്. ശനിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് ബംഗളുരുവില്‍നിന്നും ബസ് പുറപ്പെട്ടത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Share this News Now:
  • Google+
Like(s): 5531