15 December, 2018 07:57:02 AM


ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു
ഗ്വാളിയോർ: ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് (65) വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍  പങ്കെടുത്തതിനു ശേഷം വെള്ളിയാഴ്ച രാത്രി തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ചരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍തന്നെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ്  ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ് (എസ്.എ.സി.) സഭാംഗമായ ഡോ. തോമസ്  കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ഇടവകാംഗവുമാണ്.  1953 നവംബര്‍ 26-ന് കൂടല്ലുര്‍ ഇടവകയില്‍ തെന്നാട്ട് കുരുവിള - അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച തോമസ് 1969ല്‍ പള്ളോട്ടൈന്‍ സന്യാസസഭയില്‍ ചേര്‍ന്നു. 1978 ഒക്ടോബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് അമരാവതി, ഏലൂരു രൂപതകളില്‍ ചാപ്ലെയിന്‍ ആയി പ്രവര്‍ത്തിച്ചു. പൂന സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷിയേറ്റ് നേടി.  

ഹൈദരാബാദ് അതിരൂപതയില്‍പ്പെട്ട മഡ്ഫോര്‍ട്ട് സെന്റ് ആന്റണീസ്, ഇന്‍ഡോര്‍ രൂപതയിലെ പുഷ്പനഗര്‍, ജാബുവയിലെ ഇഷ്നഗര്‍, നാഗ്പൂര്‍ അതിരൂപതയിലെ മങ്കാപ്പൂര്‍ ഇടവകകളില്‍ വികാരിയായി. 1987-1991 വരെ യംഗ് കാത്തലിക് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (വൈ.സി.എം / വൈ.സി.എസ്) ഡയറക്ടര്‍, കോണ്‍ഫ്രന്‍സ് ഓഫ് റിലിജിയസ് ഇന്‍ഡ്യ പ്രസിഡന്റ്, ഹൈദരബാദ് രൂപതയിലെ കുടുംബങ്ങള്‍ക്കും അത്മായര്‍ക്കുമായുള്ള കമ്മീഷന്‍, ദളിത് ക്രൈസ്തവ സമൂഹങ്ങള്‍ക്കു  വേണ്ടിയുള്ള കമ്മീഷന്റ് ഡയറക്ടര്‍ എന്നി നിലകളിലും മധ്യപ്രദേശ്, ഛത്തീസ്ഗഡ് രൂപതകളിലും  പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗ്വാളിയോര്‍ രൂപത പാസ്റ്ററല്‍ കമ്മീഷന്‍ പ്രസിഡന്റായിരിക്കെയാണ് 2016 ഒക്ടോബര്‍ 18ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. ബിഷപ്പ് ജോസഫ് കൈതത്തറ വിരമിച്ച ഒഴിവിലായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം. പള്ളോട്ടൈന്‍ എന്നറിയപ്പെടുന്ന സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റില്‍ നിന്നുള്ള ലോകത്തിലെ ആദ്യ ബിഷപ്പാണ് മാര്‍ തോമസ് തെന്നാട്ട്. അപ്പോസ്തലേറ്റിനുള്ള അംഗീകാരമാണ് മാര്‍ തോമസിന്റെ നിയമനമെന്ന് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയ നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തിക്കുളങ്ങര അന്ന് പറഞ്ഞിരുന്നു. ഭോപ്പാല്‍ അതിരൂപതയുടെ ഭാഗമായി 1999ല്‍ സ്ഥാപിച്ച ഗ്വാളിയോര്‍ രൂപതയില്‍ ഫാ.തോമസ് ബിഷപ്പായി ചാര്‍ജെടുക്കുമ്പോള്‍ 13 ഇടവകകളിലായി 4900 കത്തോലിക്കരാണ് ഉണ്ടായിരുന്നത്.

ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി എന്നിവര്‍  സഹോദരങ്ങളാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് ഗ്വാളിയാര്‍ ബിഷപ്സ് ഹൗസില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം സെന്റ് പോള്‍സ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും. സംസ്‌ക്കാര ശുശ്രൂഷകളില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടും രൂപതാ പ്രതിനിധികളും പങ്കെടുക്കും.Share this News Now:
  • Google+
Like(s): 421