13 December, 2018 10:41:39 PM


കഞ്ചാവുണ്ടെന്ന ഫോണ്‍ സന്ദേശം; ബസ് യാത്രക്കാരെ പോലീസ് പിടിച്ചിറക്കി; നിരാശ ഫലം




ഏറ്റുമാനൂര്‍: ബസില്‍ കഞ്ചാവ് കടത്തുന്നുവെന്ന ഫോണ്‍സന്ദേശത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കുടങ്ങിയത് തമിഴ്നാട്ടുകാരായ നാല് യുവാക്കള്‍. പരിശോധനയില്‍ ഒന്നും കണ്ടെത്താനാവാതെ വന്നതോടെ ഇവരെ വിട്ടയച്ചു. ഒപ്പം വിഷമിച്ചത് എറണാകുളം - മധുര ബസിലെ യാത്രക്കാരും. യുവാക്കളെ കസ്റ്റഡിയില്‍ എടുത്തപിന്നാലെ യാത്ര തുടര്‍ന്ന ബസ് പിന്നീട് ഇവര്‍ക്കായി അര മണിക്കൂറിലധികം കോട്ടയം കെ.എസ്.ആര്‍.ടി.സി ബസില്‍ കാത്തു കിടന്നു.  


കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നും മധുരയ്ക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ വൈറ്റിലയില്‍ നിന്നും കയറിയതാണ് യുവാക്കള്‍. ഇവരുടെ കയ്യില്‍ കഞ്ചാവ് ഉണ്ടെന്ന് ആരോ വിളിച്ചറിയിച്ചതനുസരിച്ച് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കാത്തുനിന്ന പോലീസ് ബസ് തടയുകയായിരുന്നു. ബസില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്താനായില്ലെങ്കിലും നാല് യുവാക്കളെ പിടിച്ചിറക്കി. ഇവര്‍ നിരപരാധികളാണെന്ന് മനസിലാക്കിയപ്പോഴേക്കും ബസ് കോട്ടയം ചെന്നിരുന്നു.


വിട്ടുപോയ ബസില്‍ ഇവരുടെ യാത്ര തുടരുന്നതിനായുള്ള പരക്കം പാച്ചിലിനിടെ ബസ് കോട്ടയത്ത് പിടിച്ചിടാന്‍  പോലീസ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പിന്നാലെ ഗുരുവായൂരില്‍ നിന്നും തൂത്തുക്കുടിയ്ക്കുള്ള തമിഴ്നാട് സര്‍ക്കാര്‍ ബസില്‍ ഇവരെ നാല് പേരെയും പോലീസ് കയറ്റിവിട്ടു. കോട്ടയത്ത് എത്തിയ യുവാക്കളെയും കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ബസ് യാത്ര തുടര്‍ന്നത്.


ഇതിനിടെ ഏറ്റുമാനൂരില്‍ വന്‍ കഞ്ചാവ് വേട്ട നടക്കുന്നതായി പറഞ്ഞ് വിവിധ പത്രങ്ങളുടെ ഓഫീസുകളിലേക്കും ഫോണ്‍ സന്ദേശമെത്തി. ഇതോടെ മാധ്യമപ്രവര്‍ത്തകരും സ്ഥലത്തേക്ക് പാഞ്ഞു. തെറ്റായ സന്ദേശമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കിയതോടെ ചില ചാനല്‍ സംഘങ്ങള്‍ പാതിവഴിയില്‍ മടങ്ങി. 



Share this News Now:
  • Google+
Like(s): 206