13 December, 2018 06:03:11 PM


ബിജെപി സമരപ്പന്തലിനു മുന്നില്‍ സ്വയം തീകൊളുത്തിയ ആള്‍ മരിച്ചു; നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.



തിരുവനന്തപുരം:  നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി  വേണുഗോപലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരപന്തലില്‍ സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍  ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്. വേണുഗോപാലൻ നായർ ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്നും ശബരിമല സ്ത്രീ പ്രവേശത്തിൽ ദു:ഖമുണ്ടായിരുന്ന ഇയാള്‍ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും മരുമകൻ ബിനു പറഞ്ഞിരുന്നു. 




Share this News Now:
  • Google+
Like(s): 445