12 December, 2018 09:10:36 PM


മനയ്ക്കപ്പാടം അടിപ്പാത: പഴയ പാലം ഇനി ഓര്‍മ്മയില്‍; മാഞ്ഞൂരില്‍ മേല്‍പ്പാലം പണി പുരോഗമിക്കുന്നു




ഏറ്റുമാനൂര്‍: പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഏറ്റുമാനൂര്‍ - അതിരമ്പുഴ റോഡില്‍ മനയ്ക്കപ്പാടത്തുള്ള റയില്‍വേ അടിപ്പാതയുടെ മുകളിലുള്ള പഴയ പാലം പൊളിച്ചു നീക്കി. നിലവില്‍ ഒരു വരി റയില്‍ പാതയായിരുന്നു ഇവിടെ. റയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്‍റെ ഭാഗമായി മനയ്ക്കപ്പാടം ഭാഗത്ത് നാല് വരി റയില്‍ പാത വരേണ്ടതുകൊണ്ടാണ് പാലം പൊളിച്ചത്. വലിയ ക്രയിന്‍ ഉപയോഗിച്ച് പാലത്തിന്‍റെ സ്ലാബുകള്‍ പൊക്കിമാറ്റുകയാണ് ചെയ്തത്. 

ഇവിടെ നാല് വരി പാതയാക്കുന്നതിന് പഴയ പാലത്തോട് ചേര്‍ന്ന് രണ്ട് വരിപാതയോടുകൂടിയ പുതിയ പാലം നേരത്തെ നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ ട്രയിന്‍ഗതാഗതം ഈ പാതയിലൂടെ മാത്രമാണ്. പണ്ട് മീറ്റര്‍ഗേജായിരുന്ന പാളം ബ്രോഡ്ഗേജാക്കിയതിന്‍റെ ഭാഗമായി ഇരുമ്പ് പാലം മനയ്ക്കപ്പാടത്ത് നിര്‍മ്മിച്ചത്  പഴമക്കാര്‍ ഇന്നും ഓര്‍ക്കുന്നു. ഇത് മാറ്റി കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിരത്തി അടിപ്പാതയുടെ മുകളില്‍ പുതിയ പാലം നിര്‍മ്മിച്ചത് 1992ലാണ്. 


പാലം പൊളിക്കുന്നതിന്‍റെ ഭാഗമായി രണ്ട് മണിക്കൂറോളം അതിരമ്പുഴ റോഡിലൂടെയുള്ള ഗതാഗതം നീണ്ടൂര്‍ റോഡിലൂടെ തിരിച്ചു വിട്ടു. പാലത്തിന്‍റെ നിലവിലുള്ള തൂണുകള്‍ ഒരാഴ്ചക്കകം പൊളിച്ചുനീക്കും. ഇതിനായും ഈ വഴിയുള്ള ഗതാഗതം ഒരാഴ്ചയോളം നീണ്ടൂര്‍ റോഡിലൂടെ തിരിച്ചുവിടും. റയില്‍വേ സ്റ്റേഷനു സമീപം നീണ്ടൂര്‍ റോഡില്‍ പൊളിച്ചു പണിത മേല്‍പ്പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെയും പുതിയ റയില്‍വേ സ്റ്റേഷന്‍ റോഡിന്‍റെയും ടാറിംഗ് ജോലികള്‍ അതിനുമുമ്പ് പൂര്‍ത്തീകരിക്കും.


മാഞ്ഞൂരില്‍ പൊളിച്ചു നീക്കിയ മേല്‍പ്പാലത്തിന് പകരം പുതിയ പാലത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പാലം നിര്‍മ്മാണത്തിന്‍റെ ഭാഗമായ ആദ്യഘട്ടം ഇരുമ്പ് ഗര്‍ഡറുകള്‍ ബുധനാഴ്ച സ്ഥാപിച്ചു. അഞ്ച് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. 10.30 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന പാലത്തിന് അപ്രോച്ച് റോഡ് കൂടാതെ 27 മീറ്റര്‍ നീളമാണ് ഉള്ളത്. ഏറ്റുമാനൂരിലെ മേല്‍പ്പാലത്തിന്‍റെ അതേ സ്വഭാവത്തിലാണ് ഇവിടെയും പാലം പണി പുരോഗമിക്കുന്നത്.




Share this News Now:
  • Google+
Like(s): 381