12 December, 2018 08:36:54 AM


ആശങ്കയുടെ നടുവില്‍ പുഞ്ചകൃഷിയ്ക്കൊരുങ്ങി ഏറ്റുമാനൂരിലെ നെല്‍കര്‍ഷകര്‍
ഏറ്റുമാനൂര്‍: പ്രളയത്തിനു ശേഷം ആശങ്കയിലായിരുന്ന നെല്‍കര്‍ഷകര്‍ അവസാനം പുഞ്ചകൃഷിയിറക്കുന്നു. ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചാണ് ഏറെ താമസിച്ച് ഇവർ കൃഷിയ്ക്കൊരുങ്ങിയിരിക്കുന്നത്. കൃഷിവകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരം നവംബര്‍ 15ന് മുമ്പ് പുഞ്ചകൃഷി ഇറക്കേണ്ടതായിരുന്നു. ഒരു മാസം വൈകിയുള്ള കൃഷിയിറക്കല്‍ ഒരു കറക്കികുത്തായാണ് കര്‍ഷകര്‍ നോക്കികാണുന്നത്. 

കൃത്യമായ സമയത്ത് വിളവെടുപ്പ് നടന്നില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ അനുഭവം തന്നെയുണ്ടാവും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഏറ്റുമാനൂരിലെ ഒരു വിഭാഗം കര്‍ഷകര്‍ പാടത്തിറങ്ങിയിരിക്കുന്നത്. പ്രളയത്തെതുടര്‍ന്ന് പാടത്ത് കയറിയ വെള്ളം തിരിച്ചിറങ്ങാതെ കിടന്നതായിരുന്നു ആദ്യപ്രശ്നം. വെള്ളം ഇറങ്ങികഴിഞ്ഞപ്പോള്‍ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നതായി പരാതി.  ഏക്കറിന് 40 കിലോ നെൽവിത്ത് വീതം കര്‍ഷകര്‍ക്ക് ലഭ്യമാക്കിയെങ്കിലും ഇത് വിതയ്ക്കാനാവുമോ എന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍. പേരൂര്‍ - തെള്ളകം പാടശേഖരങ്ങളില്‍ വെള്ളം ലഭിക്കാത്തതിനാല്‍ കൃഷിക്ക് നിലം ഒരുക്കല്‍ പൂര്‍ത്തിയാക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. പ്രശ്നം കൂടുതല്‍ വഷളായതോടെ പുഞ്ചകൃഷി ഉപേക്ഷിച്ച് മരച്ചീനി തുടങ്ങിയ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞ കര്‍ഷകരുമുണ്ട്.

പുഞ്ചകൃഷി ഇറക്കാന്‍ തയ്യാറായെങ്കിലും പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഇതുവരെ കര കയറിയിട്ടില്ല. വെള്ളത്തില്‍ മുങ്ങിയ മോട്ടോറുകള്‍ നന്നാക്കി ജലസേചനം സുഗമമാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനും കഴിഞ്ഞിട്ടില്ല. തെള്ളകത്ത് നഗരസഭയുടെ വക ഒരു മോട്ടോര്‍ ഉള്ളത് മിക്കവാറും പണിമുടക്കിലാണ്. നഗരസഭ കൃത്യമായി പണികള്‍ നടത്താത്തതിനാല്‍ കര്‍ഷകര്‍ തന്നെ പണം മുടക്കി അറ്റകുറ്റപണികള്‍ നടത്തും. നല്ലൊരു തുക ഈയിനത്തില്‍ ചെലവായി. ഇതിനിടെ വൈദ്യുതി വകുപ്പിന്‍റെ വക ഇരുട്ടടിയും പ്രശ്നമായി. തെള്ളകത്ത് കഴിഞ്ഞ കൃഷിയ്ക്കു ശേഷം താല്‍ക്കാലികമായി വൈദ്യുതി വിശ്ചേദിക്കാന്‍ അപേക്ഷ നല്‍കിയ കര്‍ഷകര്‍ക്ക് അത് തിരികെ ലഭ്യമാക്കാന്‍ ഏറെ പണിപെടേണ്ടിവന്നു. മീറ്റര്‍ വാടകയും സര്‍വ്വീസ് ചാര്‍ജും കുടിശിഖയും തീര്‍ത്തടച്ചിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു തരുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതിനാല്‍ പാടത്തേക്ക് വെള്ളം എത്തിക്കാന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.    

കഴിഞ്ഞ വര്‍ഷം വെള്ളം കയറി വിള നശിച്ചതിന്‍റെ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുമില്ല. പേരൂര്‍, തെള്ളകം പാടശേഖരങ്ങളിലേക്ക് മീനച്ചിലാറ്റില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം വേനലില്‍ കൃഷിക്ക് മതിയാകുന്നില്ല എന്ന പരാതി വര്‍ഷങ്ങളായുള്ളതാണ്. പേരൂര്‍ പാലാപ്പുഴ പമ്പ് ഹൗസില്‍ നിന്നും ഇറിഗേഷന്‍ കനാല്‍ വഴിയുള്ള വെള്ളം തെള്ളകം - പന്നികൊമ്പ് പാടശേഖരത്തേക്ക് തിരിച്ചുവിടുന്നതില്‍ കര്‍ഷകര്‍ക്കിടയിലുളള തര്‍ക്കം കഴിഞ്ഞ വർഷം സംഘടനത്തിലും വെട്ടിലും കലാശിക്കുകയായിരുന്നു. പാറമ്പുഴ അയ്മനംകുഴി ഭാഗത്തുള്ള പമ്പ് ഹൗസില്‍ നിന്നുള്ള ജലവിതരണം നിലച്ചതോടെ തെള്ളകത്തിന്‍റെ ഭാഗമായ പന്നികൊമ്പ് പാടത്തെ കര്‍ഷകരും പാലാപ്പുഴയില്‍ നിന്നുമുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അയ്മനംകുഴി പമ്പ് ഹൗസില്‍ നിന്നും ജലവിതരണം പുനസ്ഥാപിക്കാനായി തുക അനുവദിച്ചതല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല.

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിത നടന്നാല്‍ വിളവെടുപ്പ് ഏപ്രില്‍ - മെയ് മാസങ്ങളിലാകും. ഈ സമയം വേനല്‍മഴ കനത്താല്‍ കൃഷിനാശം ഉറപ്പെന്ന മുന്‍വിധിയോടെയാണ് പേരൂര്‍, തെള്ളകം, തുരുത്തേല്‍, ഏറ്റുമാനൂര്‍ പാടശേഖരങ്ങളിലെ കര്‍ഷകര്‍ കൃഷി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് തുക പോലും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു പരീക്ഷണത്തിന് മുതിരുന്നത് പാടം തരിശ് കിടക്കേണ്ടല്ലോ എന്ന് കരുതിയാണെന്ന് കര്‍ഷകര്‍ പറയുന്നു.Share this News Now:
  • Google+
Like(s): 198