09 December, 2018 08:09:54 PM


പാലായില്‍ യുവതിയുൾപ്പെടെ കാര്‍ യാത്രികരെ മർദ്ദിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയിൽ


പാലാ: കാർ യാത്രക്കാരായ യുവതിയെയും കുടുംബാംഗങ്ങളെയും നടുറോഡിൽ മർദിച്ച സംഭവത്തില്‍ മൂന്നു പേർ പിടിയിൽ. റാന്നി സ്വദേശിയുടെ പരാതിയെത്തുടർന്നാണ് നെച്ചിപ്പുഴൂർ തെക്കേകളത്തിനാനിക്കൽ ബിനീഷ്(42), ഇയാളുടെ അഛൻ ബാലകൃഷ്ണൻ (78), നെച്ചിപ്പുഴൂർ മാവേലിൽ ജോഷി ജോസഫ് (45) എന്നിവരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തോളം പേർ സംഘത്തിലുണ്ടായിരുന്നതായാണ് പരാതി. റാന്നി ഇടമൺ തോമ്പിക്കണ്ടം കല്ലിച്ചേത്ത് സജി മാത്യു(50), മകൻ ജോർജ് (17), മകൾ മേഘ (22) എന്നിവരെ മർദ്ദിച്ച സംഭവത്തിലാണ് നടപടി.

ശനിയാഴ്ച രാത്രി വെള്ളപ്പുര ഭാഗത്താണ് സംഭവം. മുബൈയിൽ നഴ്‌സായ മേഘ അവധിക്ക് നാട്ടിൽ എത്തിയപ്പോൾ അഛനും സഹോദരനും ചേർന്ന് നെടുമ്പാശേരിയിൽ നിന്ന് കാറിൽ  റാന്നിയിലേയക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. യാത്രാക്ഷീണം കാരണം മേഘക്ക് ഛർദി വന്നതിനാൽ വാഹനം റോഡരുകിൽ നിർത്തി. വെള്ളക്കുപ്പിയുമായി വാഹനത്തിനു പുറത്തിറങ്ങിയ മേഘയുടെ ഫോട്ടോ സമീപത്തെ വീട്ടിൽനിന്ന് ഇറങ്ങിയ സംഘം മൈബൈലിൽ പകർത്തി. ഇതു ചോദ്യം ചെയ്ത സജി മാത്യുവിനെയും മകനെയും സംഘം മർദിക്കുകയായിരുന്നു. മേഘയുടെ കൈയ്ക്കു പിടിച്ചു വലിച്ചതായും മർദിച്ചതായും പരാതിയുണ്ട്.

പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുടുംബാഗങ്ങളുടെ മൊഴിയെടുത്ത പൊലീസ് പ്രതികളെ ഞായറാഴ്ച അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. സമീപത്തെ വീട്ടിലിരുന്നു മദ്യപിക്കുകയായിരുന്ന സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. പാലാ സി  ഐ രാജൻ കെ അരമന, എസ് ഐ ബിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.



Share this News Now:
  • Google+
Like(s): 694