09 December, 2018 11:06:12 AM


കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു; പ്രതിപക്ഷം ബഹിഷ്കരിച്ചു

ശബരിമല വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി



കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 9.30 ന് ഡിപ്പാർച്ചർ ഹാളിൽ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേർന്ന് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിച്ചു. 



അബുദാബിയിലേക്കാണ് കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ്. രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.


ശബരിമല വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകണം

ശബരിമല വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് കേന്ദ്ര വ്യോമയാന മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. കണ്ണൂരില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത് പ്രഹസനമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഉമ്മൻചാണ്ടി സർക്കാർ കണ്ണൂര്‍ വിമാനത്തവളത്തിന്‍റെ ഉദ്ഘാടനം നടത്തിയത് പ്രഹസനമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 2001 മുതൽ 2006 വരെ യുഡിഎഫ് കണ്ണൂര്‍ വിമാനത്താവള പദ്ധതി നിശ്ചലമാക്കിയെന്നും പദ്ധതി പുനരുജ്ജീവിപ്പിച്ചത് വിഎസ് മന്ത്രിസഭയാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 



Share this News Now:
  • Google+
Like(s): 212