07 December, 2018 04:25:48 PM


ന്യൂജൻമാരോടൊപ്പമോ പെണ്‍മക്കള്‍? മാതാപിതാക്കൾ സൂക്ഷിക്കുക; ചതിക്കുഴികളുണ്ട്!
പ്രബുദ്ധ കേരളം, ദൈവത്തിന്‍റെ സ്വന്തം നാട് എന്നൊക്കെ നാടിനെക്കുറിച്ച്  ഊറ്റംകൊള്ളുന്നവരാണ് മലയാളികൾ. എന്നാൽ, കുറച്ചു കാലമായി  വളരെ  അപമാനകരമായ അവസ്ഥയാണ്  ഇവിടെ നിലനിൽക്കുന്നത്. പഴമക്കാർ പറഞ്ഞുവന്നിരുന്ന മൂല്യങ്ങൾ ശോഷിക്കുക മാത്രമല്ല പൊടിയിട്ടാൽപ്പോലും കാണാത്ത അവസ്ഥ! 

ഈ അവസ്ഥ മാറ്റുന്നതിന് അധികാരികളോ പൊതുസമൂഹമോ വേണ്ടത്ര താൽപ്പര്യം എടുത്തുകാണുന്നില്ല. എന്നാൽ, ഈ പോക്ക് എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ നമ്മുടെ സമൂഹം ലൈംഗികാരാജകത്വത്തിലേക്ക് അപകടകരമായി കൂപ്പുകുത്തും. പിന്നീട് ചെയ്യുന്നതൊക്കെ കതിരിൽ വളംവയ്ക്കുന്നതുപോലെ നിഷ്പ്രയോജനം ആകുകയേയുള്ളൂ.

അനാശാസ്യവും അവിഹിതങ്ങളും നാൾക്കുനാൾ ഏറിവരുന്നു. ഉഭയകക്ഷിസമ്മതമുള്ള ബന്ധങ്ങൾ വിലക്കേണ്ടതില്ലെന്നു കോടതിതന്നെ വിധിച്ചിട്ടുമുണ്ട്. അതിനാൽ സംശയകരമായി തോന്നി ചോദ്യം ചെയ്യാനുള്ള പോലീസിന്‍റെ അധികാരം ഫലത്തിൽ ഇല്ലാതായിരിക്കുകയാണ്. പോലീസിനെ ഭയന്ന് ഇത്തരം ബന്ധങ്ങളുടെ എണ്ണവും കുറവായിരുന്നു. ഇവയ്ക്കു പുറമെ ഇപ്പോൾ പീഡനങ്ങൾ , ലൈംഗികാതിക്രമങ്ങൾ ഇവയൊക്കെയും ഏറിവരുന്നുണ്ട്. 

സ്വാതന്ത്ര്യത്തിന്‍റെ പേരിൽ അമിതസ്വാതന്ത്ര്യം അനുഭവിക്കുന്ന കുട്ടികൾ അപകടങ്ങളിലേക്ക് തീയിൽ ഈയാംപാറ്റകളെന്ന പോലെ ചെന്നുകയറുകയാണ്. 

കോട്ടയം ജില്ലയിലെ കല്ലറയിൽ നിന്നുള്ള വാർത്തകൾ ഇതാണ് നമ്മളോട് പറയുന്നത്. രണ്ടു ഡസനിലേറെ കുട്ടികളാണ് ഒരു പെയിൻറിംഗ് തൊഴിലാളിയായ യുവാവിന്റെ ഇരകളായത്. ഫേസ് ബുക്ക് വഴി പരിചയപ്പെട്ട് ചാറ്റിങ്ങിലൂടെ അടുത്തുകൂടി വളരെ വിദഗ്ധമായാണ് അയാൾ കുട്ടികളെ വലയിലാക്കിയത്. സ്വന്തം ശരീര ഭാഗങ്ങൾ അയാൾക്കുമുമ്പിൽ ചാറ്റിലൂടെ തുറന്നുകാട്ടാൻ ഈ കുട്ടികളെ പ്രേരിപ്പിച്ച ഘടകം എന്താകും? കിട്ടിയ ചിത്രങ്ങൾ വച്ച് ബ്ലാക് മെയിൽ ചെയ്താണ് അയാൾ ഇരകളെ സൃഷ്ടിച്ചിരുന്നത്. ഒരുകുട്ടിയുടെ വെളിപ്പെടുത്തലിലൂടെയാണ് അയാൾ പിടിയിലായത്. അല്ലായിരുന്നെങ്കിൽ ഈ നീചപ്രവൃത്തി അയാൾ തുടർന്നുകൊണ്ടിരുന്നേനെ! നമ്മുടെ നാടിന്റെ ഓരോ കോണിലും ഇത്തരം കെണികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണം. അവയിൽ ചിലതുമാത്രമേ പുറത്തുവരുന്നുള്ളൂ.

പൊതുസമൂഹം ഇത്തരം കെണികളെക്കുറിച്ചു കരുതലോടെയിരിക്കുകയും അപകടത്തിലേക്ക് പോകുംമുമ്പേ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം. കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. പ്രായപൂർത്തിയായവർക്കു മാത്രമേ വിധിയുടെ പിൻബലമുള്ള ഉഭയകക്ഷി സമ്മതം ബാധകമാകുന്നുള്ളൂ. അതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സഞ്ചാരം പൊതുസമൂഹത്തിന്‍റെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കേണ്ടതാണ്. 

ന്യൂജൻ യുവാക്കളിൽ പലരും മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണ്. സ്വബോധം നഷ്ടപ്പെട്ട അവർക്കുമുമ്പിൽ യുവതിയും വയസ്സിയും കുട്ടിയുമൊക്കെ തുല്യരാണ്! കുട്ടികൾ വീട്ടിലായാലും പുറത്തായാലും അവരുടെമേൽ രക്ഷാകർത്താക്കളുടെ ആയിരം കണ്ണുകൾ തുറന്നിരിക്കണം. കാരണം പണ്ടൊക്കെ അധ്യാപകർക്ക് കുട്ടികൾക്കുമേൽ നിയന്ത്രണം ഉണ്ടായിരുന്നു. പുതിയകാലത്ത് അത് നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടികളെ വഴക്കുപറയാനോ തല്ലാനോ അധികാരമില്ലാത്ത അധ്യാപകരാണ് ഇന്നുള്ളത്. അതിനാൽ കുട്ടികളുടെമേലുള്ള  മുഴുവൻ ശ്രദ്ധയും മാതാപിതാക്കൾക്കാണ്.
 
ഉപദേശം കേൾക്കുന്നത് ഇന്നത്തെ കുട്ടികൾക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. അവരെ ഉപദേശിച്ചതുകൊണ്ടു കാര്യമില്ല. അവരുമായി ഏറെ അടുത്ത് അവർക്ക് എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തുവേണം അവരെ നിയന്ത്രിക്കാൻ. അടിയും വഴക്കുമൊന്നും ഇന്ന് ചെലവാകില്ല. സ്നേഹപൂർവ്വം, കരുതലോടെയുള്ള സമീപനമാണാവശ്യം. അത് വളരെ എളുപ്പമല്ല. മാതാപിതാക്കൾക്ക് ഇന്നത്തെ കുട്ടികളെ നിയന്ത്രിക്കാനുള്ള  പരിശീലനകേന്ദ്രങ്ങൾ വ്യാപകമായി സർക്കാർ സൃഷ്ടിക്കണം. 

പ്രായപൂർത്തിയാകാത്ത കുട്ടികൾ സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നത് മാതാപിതാക്കളുടെയോ ഉത്തരവാദപ്പെട്ടവരുടെയോ സാന്നിധ്യത്തിൽ മാത്രമായിരിക്കണം. കാരണം പ്രളയകാലത്തു സമൂഹമാധ്യമങ്ങളുടെ സേവനം എത്രമേൽ ഗുണകരമായിരുന്നോ അതിനേക്കാൾ ദോഷകരമായ ചതിക്കുഴികൾ ഉണ്ടാക്കാനും സമൂഹമാധ്യമം കൈകാര്യം ചെയ്യുന്നവർക്കറിയാം.

കോട്ടയം ജില്ലയിലെ കല്ലറ സ്വദേശിയായ യുവാവിന് മുന്നില്‍ 27 കുട്ടികള്‍ അതും വിദ്യാര്‍ത്ഥിനികല്‍ ബലിയാടാകേണ്ടി വന്ന സംഭവത്തെ തുടര്‍ന്ന് കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ പോലീസ് അറിയിക്കുന്നത് താഴെപറയും പ്രകാരമാണ്.

*  വിദ്യാര്‍ഥികളായ കുട്ടികള്‍ക്ക് ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കരുത്.
*  അത്യാവശ്യം രക്ഷിതാക്കളുടെ മൊബൈല്‍ ഫോണ്‍ നല്‍കാം. രക്ഷിതാക്കളുടെ സാമീപ്യത്തില്‍ മാത്രം. 
*  പെണ്‍കുട്ടികള്‍ കൂട്ടുകാരായ പെണ്‍കുട്ടികളുടെ പേരില്‍ സേവ് ചെയ്തിരിക്കുന്ന നമ്പരുകള്‍ അവരുടേത് തന്നെ ആണെന്ന് ഉറപ്പു വരുത്തുക.
*  അലാറം വയ്ക്കാന്‍ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകള്‍  കുട്ടികള്‍ക്ക് നല്‍കേണ്ടതില്ല.  കുറഞ്ഞ ചിലവില്‍ ഒരു അലാറം വാങ്ങി നല്‍കുക.
*  രക്ഷിതാക്കള്‍ അറിയാതെ കുട്ടികള്‍ ഫേസ് ബുക്ക്‌, ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ട്‌ തുടങ്ങിയവ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. പരിചയമില്ലാത്തവര്‍ ഫ്രണ്ട് ലിസ്റ്റില്‍ ഇല്ല എന്ന് ഉറപ്പു വരുത്തുക. മെസന്‍ജറിലെ ചാറ്റുകള്‍ ഇടയ്ക്കിടെ പരിശോധിക്കുക. 
*  കുട്ടികള്‍ അറിയാതെ തന്നെ അവരുടെ ബാഗുകള്‍ അലമാരകള്‍ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുക. 
*  പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫേസ് ബുക്കിലും വാട്സ് ആപ്പിലും   ഉപയോഗിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തുക.
*  തന്‍റെ കൂടെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന് പെണ്‍കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്തുക.
*  രാത്രികാലങ്ങളില്‍ വീടിനു പുറത്തേയ്ക്കുള്ള വാതിലുകള്‍ പൂട്ടി താക്കോലുകള്‍ രക്ഷിതാക്കള്‍ സൂക്ഷിക്കുക. 
*  അസൈന്‍മെന്‍റുകള്‍, നോട്ടുകള്‍ എന്നിവ വാട്സ്അപ്പ് വഴി കൂട്ടുകാര്‍ അയച്ചു നല്‍കുന്നതും കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ടതില്ല.   
*  രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളുടെ ലോക്ക് പാറ്റെണ്‍, പാസ്‌ വേര്‍ഡ്‌ എന്നിവ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക.  ആവശ്യമുള്ളപ്പോള്‍ അവര്‍ കാണാതെ തന്നെ അണ്‍ ലോക്ക് ചെയ്ത് നല്‍കുകയും ചെയ്യുക. 
*  കുട്ടികളുടെ സാധാരണ പെരുമാറ്റത്തില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കാണപ്പെട്ടാല്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാരണം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക 
*  കുട്ടികളുടെ മുന്‍പില്‍ വച്ച് രക്ഷിതാക്കള്‍ വഴക്കിടാതിരിക്കുക.  ഒരാള്‍ ശാസിക്കുമ്പോള്‍ മറ്റൊരാള്‍ ഇടപെടാതിരിക്കുക. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ പങ്കാളി മാത്രമുള്ളപ്പോള്‍ തെറ്റ് ചൂണ്ടിക്കാണിക്കുക. രക്ഷിതാക്കളുടെ ഇടയിലുള്ള മാനസികമായ വിയോജിപ്പ് കണ്ടെത്തി കുട്ടികള്‍ അത് ചൂഷണം ചെയ്യാന്‍ സാധ്യത ഉണ്ട്.  
*  തങ്ങളുടെ നഗ്ന ഫോട്ടോ ചോദിക്കുന്ന ഒരാളുടെയും ഉദ്ദേശം നന്നല്ല എന്ന് പെണ്‍കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക 
*  നല്ല സ്പര്‍ശത്തിന്‍റെയും മോശം സ്പര്‍ശത്തിന്‍റെയും അര്‍ത്ഥം പെണ്‍കുട്ടികളെ മനസ്സിലാക്കി കൊടുക്കുക.
*  മാതാവും പിതാവും ഒന്നിച്ചിരുന്ന്  കുട്ടിക്ക് സ്ത്രീ പുരുഷ ലൈഗികതയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കി നല്‍കുക.  Share this News Now:
  • Google+
Like(s): 652