06 December, 2018 11:54:32 PM


കേസുകള്‍ ഏതെന്നറിയാതെ വക്കീലിന് ഫീസ് കൊടുക്കണമെന്ന് ആവശ്യം; ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലില്‍ ബഹളം



ഏറ്റുമാനൂര്‍: കേസുകള്‍ ഏതൊക്കെയെന്നോ അവയുടെ അവസ്ഥ എന്തെന്നോ അറിയാതെ വക്കീലിന് ഫീസ് കൊടുക്കണമെന്ന ആവശ്യം അജണ്ടയില്‍ ഉള്‍കൊള്ളിച്ചത് ഏറ്റുമാനൂര്‍ നഗരസഭ കൌണ്‍സിലില്‍ ബഹളത്തിനിടയാക്കി. ഏറ്റുമാനൂര്‍ നഗരസഭയ്ക്കുവേണ്ടി ഹൈക്കോടതിയില്‍ അഞ്ച് കേസുകള്‍ വാദിച്ച വക്കില്‍ 52500 രൂപയുടെയും ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതിയില്‍ അഞ്ച് കേസുകള്‍ വാദിച്ചതിന് മറ്റൊരു വക്കീല്‍ 50000 രൂപയുടെയും ബില്‍ നല്‍കിയത് കൌണ്‍സില്‍ പരിഗണനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ഈ കേസുകല്‍ ഏതെന്നോ അവയുടെ നടത്തിപ്പിനെ സംബന്ധിച്ചോ യാതൊരു അറിവും ബില്‍ കൌണ്‍സിലില്‍ വെച്ച ധനകാര്യവിഭാഗത്തിനോ സെക്രട്ടറിക്കോ ഇല്ലാതിരുന്നതാണ് ബഹളത്തിന് കാരണമായത്.

ഓരോ കേസിന്‍റെയും നമ്പര്‍ സഹിതമാണ് വക്കീല്‍ ബില്‍ നല്‍കിയത്. എന്നാല്‍ ഈ കേസുകള്‍ ഏതെന്ന് അറിവില്ലെന്ന് പറഞ്ഞ സെക്രട്ടറിയും മറ്റും ഇവയുടെ ഫയലുകളും നഗരസഭയില്‍ ഇല്ലെന്ന് വ്യക്തമാക്കി. മുന്‍സിഫ് കോടതിയുടേതായി പറഞ്ഞിരുന്ന കേസുകള്‍ അഞ്ചിനും 5000 രൂപ വീതം അഡ്വാന്‍സ് അനുവദിച്ചിട്ടുള്ളതാണ് എന്നും ഒന്നൊഴികെ നാലെണ്ണവും വാദി ഹാജരാകാതിരുന്നതിനാല്‍ തള്ളികൊണ്ട് വിധിയായി എന്നും അജണ്ടയില്‍ വ്യക്തമാക്കിയിരുന്നു. ഈ കേസുകളെകുറിച്ച് കൌണ്‍സിലര്‍മാരുടെ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. 

കേസ് വിവരങ്ങള്‍ അറിയാതെ പണം നല്‍കാനാവില്ലെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ നടത്തിയ കേസുകളുടെ ഫീസ് നല്‍കണമെന്നായി മറ്റൊരു വിഭാഗം. തുടര്‍ന്ന് വിധിപകര്‍പ്പ് ഉള്‍പ്പെടെ കേസിന്‍റെ പൂര്‍ണ്ണവിവരങ്ങള്‍ അടുത്ത കൌണ്‍സിലിന് മുമ്പ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വക്കീലിന് കത്ത് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് പല നഗരസഭകളിലും ചെയ്യുന്നതുപോലെ കേസുകള്‍ക്ക് നല്‍കേണ്ട ഫീസ് ഘടന കൌണ്‍സിലില്‍ തീരുമാനിക്കണമെന്നും ആവശ്യമുയര്‍ന്നു. അതിനായി സബ് കമ്മറ്റിയും രൂപീകരിച്ചു.

ഇന്നലെ കൌണ്‍സില്‍ തുടങ്ങിയതുതന്നെ ബഹളത്തോടെയായിരുന്നു. 2019-2020 വര്‍ഷത്തെ പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് അന്തിമരൂപരേഖ തയ്യാറാക്കുന്നതിന് കൂടിയ യോഗത്തില്‍ നഗരസഭയുടെ നിലവിലെ ധനസ്ഥിതി അന്വേഷിച്ച കൌണ്‍സിലിന് മുന്നില്‍ സെക്രട്ടറി കൈമലര്‍ത്തിയതാണ് പ്രശ്നമായത്. നഗരസഭാ ഫണ്ടിനെകുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് അറിവില്ലാ എന്ന് പറഞ്ഞതിനെ കൌണ്‍സിലര്‍മാര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഓഫീസില്‍ നിന്നും രേഖകള്‍ എത്തിച്ചശേഷമാണ് യോഗനടപടികള്‍ തുടര്‍ന്നത്.  



Share this News Now:
  • Google+
Like(s): 353