06 December, 2018 11:28:12 PM


ഏറ്റുമാനൂരില്‍ എക്സൈസ് സംഘത്തെ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയ സംഭവം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍




കുറവിലങ്ങാട്: എക്സൈസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട പ്രതിയെ രക്ഷപെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. അതിരമ്പുഴ മാവേലിനഗര്‍ വലിയതടത്തില്‍ ഡെല്‍വിന്‍ ജോസഫ് (20), മനയ്ക്കപ്പാടം കവനായില്‍ സിയാദ് (20) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലയച്ചു. 

നവംബര്‍ 26നാണ് കുറവിലങ്ങാട് റേഞ്ച് എക്‌സൈസ് സംഘം കഞ്ചാവുമായി അറസ്റ്റ് ചെയ്ത കോട്ടമുറി കോളനിയില്‍ ബിബിന്‍ ബാബു (22) എന്ന യുവാവിനെ വടിവാളും മറ്റ് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം രക്ഷപെടുത്തിയത്. തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെ പോലീസ്കാരനെ കുത്തിയതുള്‍പ്പെടെ എട്ടോളം കേസുകളില്‍ പ്രതിയായ അച്ചു സന്തോഷിന്‍റെ നേതൃത്വത്തിലായിരുന്ന ആക്രമണം നടന്നത്. അക്രമികളുടെ മര്‍ദ്ദനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബെന്നി, സിവില്‍ എക്‌സൈസ് ഓഫീസര്‍ തോമസ് ചെറിയാന്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.  

അക്രമികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടായിരുന്നു. ഇവരില്‍ ഒരാളെയും അക്രമികള്‍ എത്തിയ ഗുഡ്സ് ഓട്ടോയുടെ ഡ്രൈവര്‍ ഏറ്റുമാനൂര്‍ സ്വദേശി ജിസ് തോമസി(38)നെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തില്‍ അച്ചു സന്തോഷ്, ബിബിന്‍ ബാബു, മെല്‍ബിന്‍, വിഷ്ണു എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന പതിനേഴ് പേരുടെ പേരില്‍ കുറവിലങ്ങാട് പോലീസ് കേസെടുത്തിരുന്നു. പ്രതികള്‍ ജില്ല വിട്ടിരിക്കാമെന്ന സംശയം നേരത്തെ ഉണ്ടായിരുന്നു.



Share this News Now:
  • Google+
Like(s): 709