- സംഗീത എന്‍.ജി.
പെരുമ്പാവൂര്‍: പൊരിവെയിലും കനത്ത മഴയും വകവെയ്ക്കാതെ പ്രിയ പാടിയത് നീണ്ട 12 മണിക്കൂര്‍. ഇരുവൃക്കകളും തകരാറിലായ പെരുമ്പാവൂര്‍ വളയംചിറങ്ങര ചിരപ്പുറത്ത് വീട്ടില്‍ സി.വി.വിനീതിന് ചികിത്സാസഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഗീതയജ്ഞവുമായി പ്രിയ തെരുവിലിറങ്ങിയത്. പാവങ്ങളുടെ പാട്ടുകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിയയോടൊപ്പം ഫ്ലവേഴ്സ് ടിവി, മഴവില്‍ മനോരമ കട്ടുറുമ്പ് ഫെയിം യുവി എന്ന കുട്ടിയും പാട്ടും ഡാന്‍സുമായി രംഗത്തെത്തിയത് നാട്ടുകാരില്‍ കൌതുകം ജനിപ്പിച്ചു.
ഇരുവരുടെയും ഒരു ദിനം നീണ്ട കലാപരിപാടിക്കൊടുവില്‍ നാട്ടുകാരില്‍ നിന്ന് സംഭാവനയായി ലഭിച്ച തുക വിനീതിന് കൈമാറി. 35500 രൂപയാണ് പ്രിയയും സംഘവും സമാഹരിച്ചത്. ചെലവിനുള്ള പണം പോലും എടുക്കാതെ പൂര്‍ണ്ണമായും വിനീതിന് നല്കിയ പ്രിയയുടെ സന്മനസിനെ നാട്ടുകാര്‍ ഏറെ അഭിനന്ദിച്ചു. പ്രിയയോടൊപ്പം ചെറിയ പ്രായത്തിലേ നന്മയേറിയ മനസുമായി രംഗത്തെത്തിയ യുവിയുടെ പ്രകടനവും ഏറെ അഭിനന്ദനാര്‍ഹമായി. ജയന്, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ വേഷങ്ങളില്‍ മിന്നിയ യുവി ഇതേ വേഷത്തില്‍ നാട്ടുകാരുടെയിടയില്‍ ബക്കറ്റുമായി നടന്ന് പിരിവെടുത്തതും കൌതുകമായി.
ചികിത്സയ്ക്കായി പണമില്ലാതെ വിഷമിക്കുന്ന ഒട്ടേറെ പേര്‍ക്ക് കാരുണ്യസ്പര്‍ശവുമായി പ്രിയ ഇതിനോടകം എത്തികഴിഞ്ഞു. ഈശ്വരന് കനിഞ്ഞു നല്കിയ സിദ്ധി ഈശ്വരനു പ്രിയമുള്ളവര്‍ക്ക് വേണ്ടി നല്‍കുകയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത് പ്രിയുടെ ഈശ്വരസമര്‍പ്പണമാണ്. പ്രിയയുടെ നല്ല മനസിന് സര്‍വ്വ പിന്തുണയുമേകി ഭര്‍ത്താവ് സുമേഷ് കൂടെ കൂടിയപ്പോള്‍ പ്രിയയെ തേടിയെത്തിയത് ഒട്ടേറെ അംഗീകാരങ്ങള്‍. പ്രിയയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് യുവിയുടെ മാതാപിതാക്കള്‍ പാലക്കാട് കൊപ്പത്തുനിന്നും പെരുമ്പാവൂരിലേക്ക് വണ്ടി കയറിയത്. ചാനല്‍ ഫ്ലോറുകളില്‍ തിളങ്ങിയ യുവി പെരുമ്പാവൂര്‍ തെരുവിലെത്തി തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചപ്പോള്‍ മാതാപിതാക്കള്‍ അഭിമാനം കൊള്ളുകയായിരുന്നു. ഒരു പുണ്യപ്രവൃത്തിയില്‍ തങ്ങള്‍ക്കും പങ്കാളികളാകാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത്.
രാവിലെ 10 മണിയ്ക്ക് പെരുമ്പാവൂര്‍ ടൌണില്‍ പാടിതുടങ്ങിയ പ്രിയയുടെയും സംഘത്തിന്റെയും പരിപാടി അവസാനിച്ചത് രാത്രി 10ന്. ഉച്ചയ്ക്ക് കത്തി നിന്ന വെയിലിന്റെ ചൂടിലാണ് നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും കാതിനിമ്പം പകര്‍ന്ന് തന്റെ അസുഖം വക വെയ്ക്കാതെയുള്ള പ്രിയയുടെ പാട്ടുകള്‍ ഒഴുകിയെത്തിയതെങ്കില് വെകിട്ടായതോടെ അത് കനത്ത മഴയിലായി. മഴ പെയ്തിട്ടും പാട്ട് നിര്‍ത്താന്‍ ഈ കലാകാരി കൂട്ടാക്കിയില്ല. കേള്‍വിക്കാര്‍ മാറി നിന്നപ്പോഴും നനഞ്ഞുകൊണ്ട് തന്നെ പ്രിയ പാട്ട് തുടര്‍ന്നു. സുരേഷ്ബാബു, ആനന്ദ്, ആന്റണി, ജോഷി, സിബി, രാധാകൃഷ്ണന്, റഫീക്ക്, പ്രസാദ് തുടങ്ങിയ കലാകാരന്മാരും പ്രിയയുടെ ഉദ്യമത്തിന് പിന്തുണയുമായി പെരുമ്പാവൂരില്‍ എത്തിയിരുന്നു.
ബസ് സ്റ്റോപ്പുകളില്‍ ഒരു കുടയുടെ തണല്‍ പോലുമില്ലാതെ പാടുന്ന പെണ്‍കുട്ടിയുടെ ചിത്രം ആരോ സോഷ്യല്‍ മീഡിയായില്‍ ഇടുകയും അത് വൈറലാകുകയും ചെയ്തതോടെയാണ് പ്രിയ സുമേഷ് എന്ന കലാകാരിയുടെ നല്ല മനസ് പുറംലോകം അറിഞ്ഞുതുടങ്ങിയത്. മനുഷ്യമനസ്സില്‍ സ്നേഹവും കാരുണ്യവും ഇനിയും വറ്റിയിട്ടില്ലെന്നു പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് പ്രിയ. പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി തെരുവില്‍ "ആടിവാ കാറ്റേ..." എന്ന പാട്ട് പ്രിയ പാടിയത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ഗാനത്തോടെയാണ് പ്രിയ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
അച്ഛന് മനോഹരമായി പാടുമായിരുന്നു എന്നതൊഴിച്ചാല്‍ മറ്റു കാരണങ്ങള്‍ ഒന്നും തന്നെയില്ല പ്രിയയെ ഗായികയാക്കാന്‍. തന്നിലൊരു ഗായികയുണ്ടെന്ന് അറിഞ്ഞിട്ടും സംഗീതാഭ്യസനത്തിനു മുതിര്‍ന്നതുമില്ല. എന്നാല്‍ താനറിയാതെ തന്നില്‍ സാന്ദ്രമായ സംഗീതത്തെ മനുഷ്യനന്മയ്ക്ക് ഉപകാരപ്പെടുത്തുക എന്ന മഹത്തായ മനുഷ്യത്വപരമായ കാര്യമാണ് ഇപ്പോള്‍ പ്രിയ ചെയ്തുകൊണ്ടിരിക്കുന്നത്. ഭര്‍ത്താവിനോടും മറ്റ് കലാകാരന്മാരോടുമൊപ്പം 11 മണിയോടെ വീട്ടില്‍ നിന്നിറങ്ങും 12 മണിയോടെ ആരംഭിക്കുന്ന ഗാന പരിപാടി രാത്രി 8 മണി വരെയൊക്കെ നീളാറുണ്ട്. ഒട്ടേറെ സ്ഥലങ്ങളില്‍ പാടിയെങ്കിലും ആദ്യമായാണ് ഇതുപോലൊരു ദൌത്യം പ്രിയ ഏറ്റെടുക്കുന്നത്.
കോഴിക്കോട് സ്വദേശിനിയായ പ്രിയ വിവാഹത്തിനുശേഷം ഭര്‍ത്താവ് സുമേഷിനൊപ്പം ഇപ്പോള്‍ എറണാകുളം എളമക്കരയിലാണ് താമസം. തലച്ചോറിനെ ബാധിച്ച പിറ്റ്യൂറ്ററി അഡിനോമാ എന്ന അസുഖത്തെ തുടര്‍ന്ന് താന്‍ അനുഭവിച്ച വേദനകളാണ് പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കൂടിയുള്ളതാവണം ജീവിതം എന്ന തീരുമാനത്തില്‍ തന്നെ എത്തിച്ചതെന്ന് പ്രിയ പറയുന്നു. ഒപ്പം കാന്‍സര്‍ ബാധിതയായി മരിച്ച സഹോദരിയുടെ ഓര്‍മ്മകളും. തന്റെ അസുഖം മാറുവാന്‍ ഓപ്പറെഷന് വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ചിലപ്പോള്‍ ശബ്ദമോ കാഴ്ചയോ നഷ്ടപ്പെട്ടേക്കാമെന്നും. മരുന്നിന്റെ പാര്‍ശ്വഫലമായി നല്ല ക്ഷീണവും തലകറക്കവും അനുഭവപ്പെടാറുണ്ട്. ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയുന്നിടത്തോളം മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് ഈ ജീവിതം തുടരട്ടെ എന്നാണ് പ്രിയയുടെ പക്ഷം.
രണ്ടര വര്‍ഷമേ ആയി പ്രിയ തെരുവില്‍ പാടി തുടങ്ങിയിട്ട്. റോഡിലൂടെ നടന്നു പോകുമ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കായി പാട്ടുപാടുന്ന ഗായകസംഘങ്ങളോട് താനും ഒരു പാട്ട് പാടിക്കോട്ടെ എന്നു ചോദിച്ച്കൊണ്ടായിരുന്നു പ്രിയയുടെ തുടക്കം. പ്രതിഫലേച്ഛയില്ലാതെ ഇങ്ങനെ പലയിടത്തും പാടി. അവസാനം സുമേഷുമായി ആലോചിച്ച് പ്രിയ നേരിട്ട് തെരുവിലിറങ്ങുകയായിരുന്നു. പ്രിയ ഒരു അഭിനേത്രി കൂടിയാണ്. 'എന്റെ ചോറ്റാനിക്കര അമ്മ', 'എന്റെ പ്രണയതൂലിക', 'ഒണം പൊന്നോണം' എന്നീ ആല്‍ബങ്ങളിലും 'ഇതു തോറ്റു പോയവന്റെ കഥ' , 'തട്ടിം മുട്ടിം' തുടങ്ങിയ എന്ന ഷോര്‍ട്ട് ഫിലിമികളിലും 'കുന്തം' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പട്ടുറുമ്മാല് എന്ന ആല്‍ബത്തില്‍ പാടി അഭിനയിക്കുകയും ചെയ്തു.
കഴിഞ്ഞയിടെ എറണാകുളം മേനക ജംഗ്ഷനില്‍ പാടവെ അതുവഴി കടന്നുപോയ ഗായകന് മധു ബാലകൃഷ്ണന് വണ്ടി നിര്‍ത്തിയിറങ്ങി പ്രിയയോടൊപ്പം രണ്ട്മൂന്ന് പാട്ടുകള്‍ പാടി. ഒപ്പം പ്രിയയെ അനുമോദിക്കുകയും ചെയ്തു. പ്രിയയുടെ കാരുണ്യപ്രവൃത്തികള്‍ മനസിലാക്കിയ മസ്കറ്റിലെ മലയാളിസംഘടന മോഹന്‍ലാലിന്റെ വിസ്മസന്ധ്യ എന്ന പരിപാടിയില്‍ ഗസ്റ്റ് ഓഫ് ഓണര്‍ ആയി പ്രിയയെ ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഇതിനോടകം ഒട്ടേറെ അംഗീകാരങ്ങള്‍ പ്രിയയെ തേടിയെത്തി. സാന്ദ്ര അക്കാദമിയുടെ സംഗീത കാരുണ്യരത്ന പുരസ്കാരം പ്രിയയ്ക്ക് സമ്മാനിച്ചത് ഡിജിപി ലോക്നാഥ് ബഹ്റ ആയിരുന്നു. ശ്രീവരാഹം മഹാഗണപതി ക്ഷേത്രത്തിന്റെ പേരിലുള്ള ആദ്യ പുരസ്കാരവും കലാകൈരളിപുരസ്കാരവും ലഭിച്ചിരുന്നു. വയലാര്‍ രാമവര്‍മ്മയുടെ മകനും പ്രശസ്ത ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ പക്കല്‍ നിന്നും പ്രിയയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു.
കലാഭവന്‍ ഉള്‍പ്പെടെ ഒട്ടനേകം മ്യൂസിക് ഗ്രൂപ്പുകളില്‍ പാടിയിട്ടുള്ള പ്രിയ 2016ല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ആര്‍ട്സ് ആന്റ് മെഡിസിന് പരിപാടിയില്‍ നിറസാന്നിദ്ധ്യമായിരുന്നു. ആരുമില്ലെന്ന് ഉറപ്പിച്ച കുരുന്നു മനസുകളിലേക്ക് കരുതലിന്റെ തലോടലുമായി അനാഥാലയങ്ങളിലും തന്റെ പാട്ടുമായി പ്രിയ എത്തുന്നു. പാതവക്കില്‍ നമ്മള് പലപ്പോഴും കേള്‍ക്കുന്ന അശിക്ഷിതമായ പാട്ടുപോലെയല്ല. സംഗീതമഭ്യസിച്ചിട്ടില്ലെങ്കിലും നല്ലൊരു പ്രഫഷണല്‍ ഗായികയുടെ നിലവാരമുണ്ട് പ്രിയയുടെ പാട്ടിന്. കാതടിപ്പിക്കുന്ന അടിച്ചുപൊളി പാട്ടുകള്‍ക്കല്ല, മറിച്ച് കാറ്റിനൊപ്പം മൃദുലമായി ഒഴുകിയെത്തുന്ന പഴയ കാല മെലഡി ഗാനങ്ങള്‍ക്കാണ് പ്രിയ മുന്‍തൂക്കം നല്‍കുന്നതും.