06 December, 2018 08:38:18 PM


നെയ്യഭിഷേകസമയം കഴിഞ്ഞാലും അഭിഷേകം ഉറപ്പാക്കി ദേവസ്വം ബോര്‍ഡിന്‍റെ പുതിയ ക്രമീകരണം




ശബരിമല: നെയ്യഭിഷേകസമയം കഴിഞ്ഞാലും ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന നെയ്യ് പൂര്‍ണമായും അയ്യപ്പന് അഭിഷേകം നടത്താന്‍ പ്രത്യേക ക്രമീകരണങ്ങളൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡധികൃതര്‍. സന്നിധാനത്തെത്തുന്ന ഭക്തര്‍ അഭിഷേകത്തിന് നല്‍കുന്ന നെയ്യ് പ്രത്യേകം തയ്യാറാക്കിയ പാത്രത്തില്‍ ശേഖരിക്കുകയും പകരം മുദ്രയുടെ 30 ശതമാനം ആടിയ ശിഷ്ടം തിരികെ നല്‍കുകയും ചെയ്യും. ശേഖരിച്ച നെയ്യ് അടുത്ത നെയ്യഭിഷേക സമയത്ത് പൂര്‍ണമായും അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം നടത്തും. 

സി.സി.ടി.വി. ക്യാമറയുടെ നിരീക്ഷണത്തില്‍ തികച്ചും സുതാര്യമായാണ് ശേഖരണവും അഭിഷേകവും നടത്തുകയെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍ അറിയിച്ചു. ഇത്തരത്തില്‍ നെയ്യഭിഷേകം നടത്തുന്നതിന് മുദ്രയൊന്നിന് പത്തുരൂപ ടിക്കറ്റ് നിരക്കും ഏര്‍പ്പെടുത്തി. ഒരു നെയ്യ്‌തേങ്ങയില്‍ നിറയ്ക്കുന്ന നെയ്യ് എന്നതാണ് ഒരു മുദ്രകൊണ്ട് ഉദ്ദേശിക്കുന്നത്. നേരത്തെ നെയ്യഭിഷേകസമയം കഴിഞ്ഞ് സന്നിധാനത്തെത്തുന്ന സ്വാമിമാര്‍ കൊണ്ടുവരുന്ന നെയ്യ് നെയ്യ്‌തോണിയില്‍ ഒഴിച്ചശേഷം ആടിയശിഷ്ടം നെയ്യ് വില നല്‍കി വാങ്ങിപ്പോവുകയായിരുന്ന പതിവ്.

ഇതിനുപകരം അയ്യപ്പന് സമര്‍പ്പിക്കുന്ന നെയ്യ് പൂര്‍ണമായും വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും എന്നതാണ് പുതിയ ക്രമീകരണത്തിന്‍റെ നേട്ടം. ഇതിനായി സന്നിധാനത്ത് വടക്കേനടയില്‍ പുതിയ കൗണ്ടറും ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഭഗവാന് വഴിപാടായി സമര്‍പ്പിച്ച ഒരു തുള്ളി നെയ്യ്‌ പോലും പാഴാവാതെ അഭിഷേകം ചെയ്യുന്നൂവെന്ന ഉറപ്പോടെ ഭക്തന് മലയിറങ്ങാന്‍ കഴിയുമെന്നതാണ് പുതിയ ക്രമീകരണത്തിന്‍റെ മെച്ചം. 



Share this News Now:
  • Google+
Like(s): 23