06 December, 2018 12:02:28 PM


ഞെട്ടലില്‍ നിന്നും മുക്തരാകാതെ രക്ഷിതാക്കള്‍; ജിന്‍സുവിന്‍റെ ഇരകളായത് 12നും 23നും ഇടക്ക് പ്രായമുള്ള വിദ്യാര്‍ത്ഥിനികള്‍

ജിന്‍സു - മക്കളെക്കാള്‍ വാട്സ് ആപ്പിനും ഫെയ്സ്ബുക്കിനും മുന്‍തൂക്കം നല്‍കുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പ്കോട്ടയം: പരമ്പരയായി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതിന് അറസ്റ്റിലായ കല്ലറ സ്വദേശി ജിത്തുഭവനില്‍ ജിന്‍സു (24) വിനെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പന്ത്രണ്ട് മുതല്‍ 23 വയസ് വരെയുള്ള വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ തന്‍റെ ഇരകളാക്കിയിരുന്നത്. ഫേസ്ബുക്കിലൂടെ സ്ഥാപിച്ചെടുക്കുന്ന ബന്ധത്തിലൂടെ ഇയാളുടെ വലയില്‍ കുടുങ്ങിയത് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പെണ്‍കുട്ടികള്‍. വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം ഭാഗങ്ങളിലെ സ്കൂളുകളില്‍ പഠിക്കുന്നവരായിരുന്നു ഇവരില്‍ ഏറെയും.


27 വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ജിന്‍സു പീഡിപ്പിച്ചത്. തന്‍റെ വലയിലാവുന്ന കുട്ടികളെ ലോഡ്ജുകളിലോ മറ്റേതെങ്കിലും സുരക്ഷിതകേന്ദ്രങ്ങളിലോ എത്തിച്ചല്ല ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ഓരോ കുട്ടിയുടെയും വീടായിരുന്നു ഇതിനായി ഇയാള്‍ തെരഞ്ഞെടുത്തത്. പിടിക്കപ്പെടാതിരിക്കാന്‍ ആദ്യം തന്നെ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് സൂക്ഷിച്ചശേഷം ഭീഷണി മുഴക്കിയാണ് ഓരോ വീട്ടിലും രാത്രികാലങ്ങളില്‍ ഇയാള്‍ കടന്നുചെന്നത്. പെണ്‍കുട്ടികളുടെ വീടാകുമ്പോള്‍ മറ്റാരെയും പേടിക്കാതെയും സാമ്പത്തികബാധ്യതയില്ലാതെയും കാര്യം സാധിക്കുമെന്നതായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍.


ഇയാള്‍ പകര്‍ത്തിയ പെണ്‍കുട്ടികളുടെ വീഡിയോകള്‍ കണ്ട രക്ഷിതാക്കള്‍ ഇനിയും ഷോക്കില്‍നിന്ന് മുക്തരായിട്ടില്ല. വളരെ പ്രതീക്ഷയോടെ സ്കൂളിലേക്ക് അയച്ച പെണ്‍കുട്ടികള്‍ ചതിക്കുഴികളില്‍ പെടുന്നതിന്‍റെ കാര്യകാരണങ്ങള്‍ വിശദീകരിച്ച പോലീസിന് മുന്നില്‍ പല രക്ഷകര്‍ത്താക്കളുടെയും തല കുമ്പിട്ടു പോയി. പലയിടത്തും രക്ഷകര്‍ത്താക്കള്‍ തന്നെയായിരുന്നു കാരണമായി മാറിയത്. വാട്സ് ആപ്പിനും ഫേസ്ബുക്കിനും അമിതപ്രാധാന്യം നല്‍കുന്ന രക്ഷകര്‍ത്താക്കള്‍ കുട്ടികളുടെ ദൈനംദിനകാര്യങ്ങളില്‍ ശ്രദ്ധിക്കാതെവരുന്നു. മാതാപിതാക്കളെ കണ്ട് പഠിക്കുന്ന കുട്ടികളും തിരിയുന്നു സമൂഹ മാധ്യമങ്ങള്‍ക്കു പുറമെ. സ്കൂളില്‍ പോകുന്ന കുട്ടികള്‍ അവര്‍ ആവശ്യപ്പെടുമ്പോഴേ ഇന്‍റര്‍നെറ്റ് കണക്ഷന്‍ സഹിതം ആധുനിക മൊബൈല്‍ വാങ്ങിനല്‍കുന്നു. സ്കൂളിലും കോളേജിലും ഇത് കൊടുത്തുവിടുന്നു.

കുട്ടികള്‍ മൊബൈലില്‍ എന്തൊക്കെ ചെയ്യുന്നുവെന്നോ ഇവര്‍ ഏത് വഴിക്ക് സഞ്ചരിക്കുന്നുവെന്നോ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവുന്നില്ല. രാത്രികാലങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ പെണ്‍കുട്ടികള്‍ മൊബൈലില്‍ ചാറ്റ് ചെയ്യുന്നത് കണ്ടാലും അതിന് തടയിടാന്‍ കവിയാതെ വരുന്ന അവസ്ഥ. ജിന്‍സുവിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പോലീസ് വിളിച്ചു വരുത്തിയ പല കുട്ടികളുടെയും പരാതി വീട്ടില്‍ നിന്നും തങ്ങള്‍ക്ക് ആവശ്യമായ കരുതലും സ്നേഹവും ലഭിക്കുന്നില്ലാ എന്നായിരുന്നു. തങ്ങളുടെ വീട്ടിലെ കിടപ്പുമുറി തങ്ങളറിയാതെ മകളുടെ വഴിവിട്ട ബന്ധത്തിന് വേദിയായി എന്നറിഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ പലരും തങ്ങളുടെ തെറ്റുകളെ കുറിച്ച് ബോധവാന്മാരും ബോധവതികളുമായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 27 പെണ്‍കുട്ടികളെയും ജിന്‍സു വലവീശിപിടിച്ചത് ഒരേ രീതിയില്‍ തന്നെ. പെണ്‍കുട്ടികളുടെ മാനസികാവസ്ഥ ചൂഷണം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടികളെ വശീകരിച്ചിരുന്നത്.

ആദ്യം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം ദൃഡമാക്കും. പിന്നീട് പ്രണയം നടിച്ച് നേരിട്ട് കാണുകയും മൊബൈലില്‍ സെല്‍ഫി എടുക്കുകയും ചെയ്യുന്നു. ഈ ഫോട്ടോ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപെടുത്തി ആദ്യം പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളും പിന്നീട് പൂര്‍ണ്ണനഗ്നയായുമുള്ള ദൃശ്യങ്ങള്‍ ചാറ്റിംഗിലൂടെ പകര്‍ത്തും. ഈ ദൃശ്യങ്ങള്‍ വെച്ച് പിന്നീട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയാണ് ജിന്‍സു തുടര്‍ന്നു വന്ന രീതി. രാത്രിയില്‍ എത്തുമ്പോള്‍ വാതില്‍ തുറന്നിട്ടിരിക്കണം എന്ന് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കിയാണ് ഇയാള്‍ ഓരോ വീടിനുള്ളിലും പ്രവേശിച്ചിരുന്നത്. വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് കാട്ടി ഭീഷണിപ്പെടുത്തിയാണ് തുടര്‍ന്നും ഇയാള്‍ ബന്ധം നിലനിര്‍ത്തിയിരുന്നത്. 

കോട്ടയം ജില്ലയിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപിക തന്‍റെ സ്കൂളിലെ ഒരു കുട്ടിയുടെ കാര്യത്തിനായി ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍കുമാറിനെ അറിയിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ജിന്‍സു കുടുങ്ങാനിടയായത്. ഒരു പെണ്‍കുട്ടി നല്‍കിയ വിവരമനുസരിച്ച് കോട്ടയം ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തിയ ഇയാള്‍ അവിടെ നിന്നും ഇറങ്ങി മുങ്ങുകയായിരുന്നു. പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നുമാണ് പീഡനപരമ്പരയുടെ ചുരുള്‍ അഴിയുന്നത്.

27 പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും അടുക്കും ചിട്ടയോടെയും ഓരോ ഫോള്‍ഡറുകളിലാക്കിയാണ് ഇയാള്‍ തന്‍റെ മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. ഇയാളുടെ വലയില്‍ വീണു തുടങ്ങിയ വേറെ കുട്ടികള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജിന്‍സു ഇടയ്ക്ക് ഒളിവില്‍ പോയ സമയത്ത് ജിന്‍സു വല വീശിയ ഒരു യുവതി പിന്നീട് പോലീസുമായി ബന്ധപ്പെട്ടിരുന്നുവത്രേ. പെയിന്‍റിംഗ് തൊഴിലാളിയാളിയായ ജിന്‍സു കാറ്ററിംഗ് സര്‍വ്വീസിനും പോകാറുണ്ടായിരുന്നു. എന്നാല്‍ എഞ്ചിനീയറാണ് താനെന്നാണ് ഇയാള്‍ പലരെയും പരിചയപ്പെടുത്തിയിരുന്നത്. കഞ്ചാവ് കേസിലെ പല പ്രതികളും ഇയാളുടെ കൂട്ടുകാരായി ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ജിന്‍സു പിടിയിലായതോടെ കല്ലറ ഭാഗത്ത് വില കൂടിയ ബൈക്കുകളും ന്യൂ ജെന്‍ സ്റ്റൈലില്‍ നടക്കുന്നവരുമായ യുവാക്കല്‍ പോലീസ് നിരീക്ഷണത്തിലാണ്. 

-  എം.പി.തോമസ്


Share this News Now:
  • Google+
Like(s): 4398