06 December, 2018 11:44:49 AM


മഴയും വെയിലും ഏറ്റ് തെരുവില്‍ പ്രിയ പാടി; നീണ്ട 12 മണിക്കൂര്‍പെരുമ്പാവൂര്‍: പൊരിവെയിലും കനത്ത മഴയും വകവെയ്ക്കാതെ പ്രിയ പാടിയത് നീണ്ട 12 മണിക്കൂര്‍. ഇരുവൃക്കകളും തകരാറിലായ പെരുമ്പാവൂര്‍ വളയംചിറങ്ങര ചിരപ്പുറത്ത് വീട്ടില്‍ സി.വി.വിനീതിന് ചികിത്സാസഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഗീതയജ്ഞവുമായി പ്രിയ തെരുവിലിറങ്ങിയത്. പാവങ്ങളുടെ പാട്ടുകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിയയോടൊപ്പം ഫ്ലവേഴ്സ് ടിവി, മഴവില്‍ മനോരമ കട്ടുറുമ്പ് ഫെയിം യുവി  എന്ന കുട്ടിയും പാട്ടും ഡാന്‍സുമായി രംഗത്തെത്തിയത് നാട്ടുകാരില്‍ കൌതുകം ജനിപ്പിച്ചു.


ഇരുവരുടെയും ഒരു ദിനം നീണ്ട കലാപരിപാടിക്കൊടുവില്‍ നാട്ടുകാരില്‍ നിന്ന് സംഭാവനയായി ലഭിച്ച തുക വിനീതിന് കൈമാറി. 35500 രൂപയാണ് പ്രിയയും സംഘവും സമാഹരിച്ചത്. ചെലവിനുള്ള പണം പോലും എടുക്കാതെ പൂര്‍ണ്ണമായും വിനീതിന് നല്‍കിയ പ്രിയയുടെ സന്മനസിനെ നാട്ടുകാര്‍ ഏറെ അഭിനന്ദിച്ചു. പ്രിയയോടൊപ്പം ചെറിയ പ്രായത്തിലേ നന്മയേറിയ മനസുമായി രംഗത്തെത്തിയ യുവിയുടെ പ്രകടനവും ഏറെ അഭിനന്ദനാര്‍ഹമായി. ജയന്‍, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ വേഷങ്ങളില്‍ മിന്നിയ യുവി ഇതേ വേഷത്തില്‍ നാട്ടുകാരുടെയിടയില്‍ ബക്കറ്റുമായി നടന്ന് പിരിവെടുത്തതും കൌതുകമായി.


ചികിത്സയ്ക്കായി പണമില്ലാതെ വിഷമിക്കുന്ന ഒട്ടേറെ പേര്‍ക്ക് കാരുണ്യസ്പര്‍ശവുമായി പ്രിയ ഇതിനോടകം എത്തികഴിഞ്ഞു. ദൈവം തന്ന തന്‍റെ ശബ്ദം സമൂഹത്തില്‍ വിഷമം അനുഭവിക്കുന്നവര്‍ക്ക് പ്രയോജനപ്പെടട്ടെ എന്ന് തീരുമാനിച്ചാണ് പ്രിയ തെരുവോരങ്ങളില്‍ പാടാനിറങ്ങിയത്. പ്രിയയുടെ നല്ല മനസിന് സര്‍വ്വ പിന്തുണയുമേകി ഭര്‍ത്താവ് സുമേഷ് കൂടെ കൂടിയപ്പോള്‍ പ്രിയയെ തേടിയെത്തിയത് ഒട്ടേറെ അംഗീകാരങ്ങള്‍. പ്രിയയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് യുവിയുടെ മാതാപിതാക്കള്‍ പാലക്കാട് കൊപ്പത്തുനിന്നും പെരുമ്പാവൂരിലേക്ക് വണ്ടി കയറിയത്. ചാനല്‍ ഫ്ലോറുകളില്‍ തിളങ്ങിയ യുവി പെരുമ്പാവൂര്‍ തെരുവിലെത്തി തന്‍റെ കഴിവുകള്‍ പ്രകടിപ്പിച്ചപ്പോള്‍ മാതാപിതാക്കള്‍ അഭിമാനം കൊള്ളുകയായിരുന്നു. ഒരു പുണ്യപ്രവൃത്തിയില്‍ തങ്ങള്‍ക്കും പങ്കാളികളാകാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത്.  


രാവിലെ 10 മണിയ്ക്ക് പെരുമ്പാവൂര്‍ ടൌണില്‍ പാടിതുടങ്ങിയ പ്രിയയുടെയും സംഘത്തിന്‍റെയും പരിപാടി അവസാനിച്ചത് രാത്രി 10ന്. ഉച്ചയ്ക്ക് കത്തി നിന്ന വെയിലിന്‍റെ ചൂടിലാണ് നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും കാതിനിമ്പം പകര്‍ന്ന് പ്രിയയുടെ പാട്ടുകള്‍ ഒഴുകിയെത്തിയതെങ്കില്‍ വെകിട്ടായതോടെ അത് കനത്ത മഴയിലായി. മഴ പെയ്തിട്ടും പാട്ട് നിര്‍ത്താന്‍ ഈ കലാകാരി കൂട്ടാക്കിയില്ല. കേള്‍വിക്കാര്‍ മാറി നിന്നപ്പോഴും നന‍‍ഞ്ഞുകൊണ്ട് തന്നെ പ്രിയ പാട്ട് തുടര്‍ന്നു. ഒട്ടേറെ സ്ഥലങ്ങളില്‍  പാട്ടുപാടിയെങ്കിലും  ആദ്യമായാണ് ഇതുപോലൊരു ദൌത്യം പ്രിയ ഏറ്റെടുക്കുന്നത്.

Share this News Now:
  • Google+
Like(s): 193