05 December, 2018 12:07:40 PM


നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയുടെ കാല് മാറി ശസ്ത്രക്രിയ; രോഗിയെ പഴിചാരി ഡോക്ടര്‍




നിലമ്പൂര്‍: നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയുടെ കാല് മാറി ശസ്ത്രക്രിയ ചെയ്തു. കവള മുക്കട്ട മച്ചിങ്ങല്‍ സ്വദേശി ആയിഷയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഒന്നരവര്‍ഷം മുന്‍പ് വീണ് പരിക്കേറ്റ ആയിഷയുടെ ഇടതുകാലിന് മുട്ടിന് താഴെയായി എല്ലിന് ഒടിവ് സംഭവിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ശസ്ത്രിക്രിയ നടത്തി കമ്പിയിട്ടു. അതേ ഡോക്ടറെ തന്നെയാണ് കമ്പിയെടുക്കാനായി അയിഷ സമീപിച്ചത്.


ഒമ്പദ് ദിവസം മുമ്പ് ആയിഷ ആശുപത്രിയില്‍ അഡ്മിറ്റായി. പ്രമേഹമുള്ളതിനാല്‍ കരുതലോടെ വേണം ശസ്ത്രക്രിയ എന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നേരത്തെ അഡ്മിറ്റായത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം എക്‌സറേ എടുത്തു. ഒടിവ് സംഭവിച്ചപ്പോള്‍ എടുത്ത എക്‌സറേയും ചേര്‍ത്ത് ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് ഡോക്ടറെ കാട്ടി. എന്നാല്‍ വലത് കാലിലാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. മരവിപ്പിച്ചിരുന്നതിനാല്‍ പെട്ടെന്ന് ആയിഷയ്ക്ക് കാര്യങ്ങള്‍ മനസിലായിരുന്നില്ല.


ഒടുവില്‍ അബദ്ധം മനസിലായപ്പോള്‍ ഡോക്ടര്‍ ഇടത് കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുത്തു. ആയിഷയുടെ വലത് കാലിന്റെ മുട്ടിന് താഴെ മുറിപ്പാടുണ്ട്. അതുകണ്ട് ഡോക്ടര്‍ തെറ്റിദ്ധരിച്ചെന്നാണ് സൂചന. ഏത് കാലിലാണ് കമ്പിയിട്ടതെന്ന് ചോദിച്ചപ്പോള്‍ ആയിഷ വലത് കാലില്‍ ചൂണ്ടിയതിനാലാണ് അബദ്ധം പറ്റിയതെന്ന് ഡോക്ടര്‍ വിശദീകരിച്ചു. ഡോക്ടര്‍ക്കെതിരെ ഡിഎംഓയ്ക്കും സൂപ്രണ്ടിനും പരാതി നല്‍കുമെന്ന് ആയിഷയുടെ മകന്‍ ഷൗക്കത്ത് പറഞ്ഞു



Share this News Now:
  • Google+
Like(s): 17