05 December, 2018 08:02:42 AM


വായനക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും വായനയുടെ ഗൗരവം വര്‍ധിച്ചിട്ടുണ്ട് - എം മുകുന്ദന്‍



കണ്ണൂര്‍: പഴയ കാലത്തെ അപേക്ഷിച്ച് വായനക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും വായനയുടെ ഗൗരവം വര്‍ധിച്ചിട്ടുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരംപോക്കിന് വേണ്ടി പുസ്തകം വായിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. താല്‍പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് വളരെ ഗൗരവത്തോടെ വായിക്കുന്നതാണ് ഇന്ന് കണ്ടുവരുന്നത്. 
 
വായനയുടെ ഭൂമിശാസ്ത്രം മാറിയിട്ടുണ്ട്. കഥയും കവിതയും മാത്രമല്ല എല്ലാ വിഷയങ്ങളും ഇന്ന് വായിക്കപ്പെടുന്നു. നമ്മുടെ ജീവിതം സാങ്കേതികവിദ്യയുടെ സൃഷ്ടിയായി മാറുകയാണ്. നോക്കുന്നിടത്തെല്ലാം യന്ത്രങ്ങളാണ്. പ്രണയവും സ്‌നേഹവുമൊന്നുമില്ലാതെ നമ്മളും യന്ത്രങ്ങളെപ്പോലെ ആകുന്നത് തടയാനുള്ള ഏക വഴി സര്‍ഗാത്മക വായനയാണ്. 
 
മനുഷ്യന്റെ ശരീരത്തില്‍ വരെ യന്ത്രങ്ങള്‍ സ്ഥാനം പിടിക്കുന്ന കാലത്ത് കഥകളും കവിതകളും നോവലുകളുമെല്ലാം വായിക്കപ്പെടേണ്ടതുണ്ട്. ഇന്ന് കൂടുതല്‍പേരും ഓണ്‍ലൈനായാണ് പുസ്തകങ്ങള്‍ വായിക്കുന്നത്. എവിടെ നിന്ന് എങ്ങനെ വായിക്കുന്നു എന്നതല്ല, പുസ്തകം വായിക്കുന്നുവെന്നതിനാണ് പ്രാധാന്യം. എഴുത്തച്ഛന്‍ പുരസ്‌കാരം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നതായും മുകുന്ദന്‍ പറഞ്ഞു. 
 
എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ച എം മുകുന്ദനെ ചടങ്ങില്‍ ആദരിച്ചു. 'എം മുകുന്ദന്റെ സര്‍ഗവിചാരങ്ങള്‍' എന്ന വിഷയത്തില്‍ ഇ പി രാജഗോപാലന്‍ പ്രഭാഷണം നടത്തി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എം വി വിഷ്ണു നമ്പൂതിരിയുടെ 'ചിമ്മാനക്കളി', ആര്‍ വീണാറാണിയുടെ 'കാര്‍ഷിക പ്രശ്‌നോത്തരി' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. കഥാകൃത്ത് ശിഹാബുദീന്‍ പൊയ്ത്തുംകടവ്, സംസ്ഥാന കര്‍ഷക മിത്ര അവാര്‍ഡ് ജേതാവ് കെ പി ശ്രീധരന്‍ നമ്പൂതിരി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ ജയകൃഷ്ണന്‍, എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം പി ബീന, വി ബി ഷിബിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.



Share this News Now:
  • Google+
Like(s): 17