05 December, 2018 12:10:28 AM


കോഴിക്കോട് കല്ലാച്ചിയിലെ ജ്വല്ലറിയിൽ വൻ കവർച്ച; സ്വർണ്ണവും പണവും വെള്ളി ആഭരണങ്ങളും കവർന്നു




നാദാപുരം : കല്ലാച്ചി വളയം റോഡിലെ  ജ്വല്ലറിയിൽ വൻ കവർച്ച. ഒന്നേ മുക്കാൽ കിലോ ഗ്രാം സ്വർണ്ണവും മൂന്നര ലക്ഷം രൂപയും, ആറ് കിലോ വെള്ളിയാഭരണവും  മോഷണം പോയി. കല്ലാച്ചി  പഴങ്കൂട്ടത്തിൽ എ കെ  കേളുവിന്‍റെ ഉടമസ്ഥതയിലുള്ള  റിൻസി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ജ്വല്ലറിയുടെ പിറക് വശത്തെ ഭിത്തി  തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ലോക്കറും  ഭിത്തി പൊളിക്കാനുപയോഗിച്ചതെന്നു കരുതുന്ന ഒരടിയോളം നീളമുള്ള കമ്പി പാരയും സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 

ചൊവാഴ്ച്ച  രാവിലെ ഒൻപതര മണിയോടെ ഉടമ കേളു ജ്വല്ലറി തുറന്നപ്പോഴാണ് കവർച്ച നടന്നത് മനസ്സിലായത്. ജ്വല്ലറിക്കുള്ളിലെ ലോക്കറും, സീലിംഗ്, ഭിത്തിയിലെ ഗ്ലാസ് തുടങ്ങിയവ തകർത്ത നിലയിലായിരുന്നു. രണ്ട്  ലോക്കറിനകത്ത് സൂക്ഷിച്ച സ്വർണ്ണവും പണവുമാണ്  നഷ്ടപ്പെട്ടത്.  ഉടൻ തന്നെ നാദാപുരം പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി  ജയദേവൻ, നാദാപുരം ഡി വൈ എസ് പി  ഇ സുനിൽ കുമാർ , സബ് ഇൻസ്പെക്ടർ എൻ  പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

വടകരയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. ഉച്ചയോടെ ബാലുശേരിയിൽ നിന്ന് എത്തിയ  ഡോഗ് സ്ക്വാഡ് ജ്വല്ലറിയിലും പരിസരത്തെ പറമ്പിലും കുറ്റിക്കാട്ടിലുമെല്ലാം മണം പിടിച്ചു കൊണ്ട് ഓടിയെ ങ്കിലും കാര്യമായ  തെളിവുകളൊന്നും കിട്ടിയില്ല. അന്വേഷണത്തിന് എസ് പി യുടെ മേൽനോട്ടത്തിൽ പ്രത്യേക  സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി  ഡി വൈ എസ് പി പറഞ്ഞു.



Share this News Now:
  • Google+
Like(s): 44