04 December, 2018 11:16:08 PM


ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് കരുത്താകാന്‍ അഞ്ച് പേസര്‍മാര്‍; ആദ്യ ടെസ്റ്റിന് നാളെ തുടക്കം




അഡ്‌ലെയ്ഡ് : പേസര്‍മാരുടെ പറുദീസയായ ആസ്ട്രേലിയയില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര നേടുക എന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആവനാഴിയിലുള്ളത് അഞ്ച് മികച്ച പേസര്‍മാരാണ്. സമീപകാലത്തെ ഏറ്റവും മികച്ച പേസ് ബൗളിംഗ് നിരയാണ് കൊഹ്‌ലിയുടെ കൈവശമുള്ളതെന്ന് പറയാം. ഒരു പക്ഷേ നിലവിലെ ഫോമിന്റെ കാര്യത്തില്‍ ആസ്ട്രേലിയന്‍ പേസര്‍മാരുടെ ഒരു പടി മുകളില്‍ നില്‍ക്കും ഇന്ത്യന്‍ പേസര്‍മാര്‍. ഇശാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുംറ എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ പേസര്‍മാര്‍.


ഇവരില്‍ എത്രപേരെ പ്ളേയിംഗ് ഇലവനില്‍ ഇറക്കുമെന്നതിനെച്ചൊല്ലി ക്യാപ്ടന്‍ വിരാട് കൊഹ്‌ലിയും കോച്ച്‌ രവിശാസ്ത്രിയും തല പുകയ്ക്കുന്നുണ്ട്. അഡ്‌ലെയ്ഡില്‍ മൂന്നു പേര്‍ ഇലവനിലുണ്ടാകുമെന്നാണ് സൂചന. ആസ്ട്രേലിയന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ പരിചയസമ്ബന്നന്‍ ഇശാന്ത് ശര്‍മ്മയാണ്. ഇശാന്തിന്റെ നാലാം ആസ്ട്രേലിയന്‍ പര്യടനമാണ്. കഴിഞ്ഞ മൂന്ന് പര്യടനങ്ങളിലായി 10 ടെസ്റ്റുകളില്‍ 20 വിക്കറ്റുകള്‍ നേടാനേ ഇശാന്തിന് കഴിഞ്ഞിട്ടുള്ളൂ.


പരിക്കിന്റെ ഇടവേള കഴിഞ്ഞാണ് ഷമിയുടെ വരവ്. ആസ്ട്രേലിയയില്‍ ഫിറ്റ്നസ് നിലനിറുത്താന്‍ കഴിഞ്ഞമാസം കേരളത്തിനെതിരെ നടന്ന രഞ്ജി ട്രോഫിയില്‍ 15 ഒാവറേ ഒരു ഇന്നിംഗ്സില്‍ ബൗള്‍ ചെയ്യാവൂ എന്ന് ബി.സി.സി.ഐ നിഷ്കര്‍ിച്ചിരുന്നുവെങ്കിലും അതിലേറെ ഷമി ബൗള്‍ ചെയ്തിരുന്നു. സിഡ്നിയില്‍ നടന്ന സന്നാഹ മത്സരത്തിലും ഷമി പന്തെറിഞ്ഞു.


വേഗതയില്‍ സ്ഥിരത പുലര്‍ത്തുന്നുവെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ സ്ഥിരത കാട്ടാത്തതാണ് ഉമേഷിന്റെ വെല്ലുവിളി. കഴിഞ്ഞ ഇംഗ്ളണ്ട് പര്യടനത്തില്‍ ഒരു ടെസ്റ്റില്‍ മാത്രമാണ് ഉമേഷിന് അവസരം നല്‍കിയത്. സ്വിംഗിന് അനുകൂലമായ പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന താരമാണ് ഭുവനേശ്വര്‍. ആദ്യ ആസ്ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ബുംറ മികച്ച രീതിയില്‍ യോര്‍ക്കര്‍ എറിയുന്നതില്‍ കേമനാണ്. പരിചയ സമ്ബത്തില്‍ പിന്നിലെങ്കിലും ബുംറയുടെ മികച്ച ഫോം ഫസ്റ്റ് ഇലവനിലെ സ്ഥാനം ഉറപ്പാക്കുന്നു.


1. മുഹമ്മദ് ഷമി : 36 ടെസ്റ്റുകളുടെ പരിചയ സമ്ബത്ത്, 128 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2014/15 ലെ ആസ്ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റുകളില്‍ കളിച്ചു. 15 വിക്കറ്റുകള്‍ സ്വന്തമാക്കി.


2. ഇശാന്ത് ശര്‍മ്മ : ഇന്ത്യന്‍ ടീമിലെ ഏറ്റവും പരിചയസമ്ബനായ പേസര്‍. 78 ടെസ്റ്റുകളില്‍ നിന്ന് 256 വിക്കറ്റുകള്‍. ആസ്ട്രേലിയയില്‍ 10 ടെസ്റ്റുകളില്‍ നിന്ന് 20 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാലാം ആസ്ട്രേലിയന്‍ പര്യടനം.


3. ഉമേഷ് യാദവ് : 40 ടെസ്റ്റുകളില്‍ നിന്ന് 117 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം. മൂന്നാം ഒാസീസ് ടൂര്‍. 2011/12 ല്‍ നാല് ടെസ്റ്റുകളില്‍ നിന്ന് 14 വിക്കറ്റ്. 2014/15 ല്‍ മൂന്ന് മത്സരങ്ങളില്‍നിന്ന് 11 വിക്കറ്റുകള്‍.


4. ഭുവനേശ്വര്‍ കുമാര്‍ : 21 ടെസ്റ്റുകളില്‍ നനിന്ന് 63 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ആസ്ട്രേലിയന്‍ പര്യടനത്തില്‍ ഒറ്റ മത്സരത്തിലേ കളിച്ചുള്ളൂ. ഒരുവിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.


5. ജസ്‌പ്രീത് ബുംറ : ആദ്യ ആസ്ട്രേലിയന്‍ പര്യടനം ആറ് ടെസ്റ്റുകളില്‍ നിന്ന് 28 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. ഇംഗ്ളണ്ട് പര്യടനത്തിലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.



Share this News Now:
  • Google+
Like(s): 46