04 December, 2018 11:10:25 PM


ബധിരതയും മൂകതയും പ്രശ്നമായില്ല; വരകളും വര്‍ണ്ണങ്ങളും നിറച്ച്‌ അവര്‍ പ്രകൃതിയെ കാന്‍വാസില്‍ പകര്‍ത്തി




തിരുവനന്തപുരം: പ്രകൃതിയിലെ ഒരോ ദൃശ്യവും ക്യാന്‍വാസില്‍ പകര്‍ത്താന്‍ ശരീരത്തിന്റെ വൈകല്യം അവര്‍ക്ക് തടസമായില്ല. കുറവുകളെ മനോധൈര്യം കൊണ്ട് അതിജീവിച്ചപ്പോള്‍ അത് കാണികള്‍ക്കും പുതിയൊരു അനുഭവമായി. ബധിരരും മൂകരുമായ അഞ്ച് കലാകാരന്മാര്‍ ചേര്‍ന്ന് മ്യൂസിയം ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം ഒരേസമയം കാണികളെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയുമാണ്. മണക്കാട് സ്‌കൂളിലെ ചിത്രരചനാ അദ്ധ്യാപകന്‍ ജയപ്രകാശ്, ചിത്രരചനാ ദേശീയ അവാര്‍ഡ് ജേതാവ് മോഹന്‍വര്‍മ്മ, അനു ജെ രാജ, വിശ്വനാഥന്‍, തൃശൂര്‍ സ്വദേശിയായ സനല്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്.



അക്രലിക്, ഓയില്‍, വാട്ടര്‍ കളര്‍ എന്നിവയില്‍ ഒരുക്കിയിട്ടുള്ള 26 ചിത്രങ്ങളാണ് ജയപ്രകാശ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇവയില്‍ കടലാസുകള്‍ കൊണ്ട് കൊളാഷ് രീതിയില്‍ ഒരുക്കിയ ചിത്രങ്ങള്‍ കാണികളുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നവയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള മാഗസിന്‍ കടലാസുകളില്‍ ചിത്രം ഒരുക്കി വ്യത്യസ്തനാവുകയാണ് കെ മോഹന്‍ വര്‍മ്മ. രണ്ട് തവണ ഭിന്നശേഷിക്കാര്‍ക്കുള്ള ചിത്രരചനാ ദേശീയ അവാര്‍ഡ് ലഭിച്ച മോഹന്‍കുമാറിന്റെ ആദ്യത്തെ ചിത്രപ്രദര്‍ശനമാണിത്. മത്സ്യങ്ങളെ പ്രധാനകഥാപാത്രമാക്കിയാണ് അനു ജെ രാജന്റെ ചിത്രങ്ങള്‍. ഭിന്നശേഷിക്കാര്‍ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളാണ് അനു തന്റെ ചിത്രങ്ങൡലൂടെ പുനരാവിഷ്‌കരിച്ചത്.



രാജാരവിവര്‍മ്മയുടെ ചിത്രരചനാ ശൈലി സ്വീകരിച്ചാണ് വിശ്വനാഥന്‍ ചിത്രങ്ങള്‍ ഒരുക്കിയത്. സാമൂഹിക പ്രശ്‌നങ്ങളെ അധികരിച്ചുള്ള ചിത്രങ്ങളുമുണ്ട്. കേരളം നേരിട്ട മഹാപ്രളയത്തെ അതിജീവിച്ചതാണ് സനലിന്റെ ചിത്രങ്ങള്‍. സനല്‍ വരച്ച 16 ചിത്രങ്ങള്‍ പ്രളയത്തില്‍ നശിച്ചിരുന്നു. നിഷില്‍ നിന്ന്് ഒന്നാം റാങ്കോടെ ബിഎഫ്‌എ പൂര്‍ത്തിയാക്കിയ സനലിന്റെ അച്ഛന്‍ മത്സ്യത്തൊഴിലാളിയാണ്. നിശബ്ദതയും നീലക്കണ്ണുകളുമാണ് സനലിന്റെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഭിന്നശേഷി വാരത്തോട് അനുബന്ധിച്ച്‌ ആര്‍ട്ട് ഫോര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രപ്രദര്‍ശനം. സിംഗ്‌സ് ദ ആര്‍ട്ട് ഓഫ് സൈലന്‍സ് എന്ന പേരില്‍ 3 മുതല്‍ 6 വരെയാണ് പ്രദര്‍ശനം. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെയാണ് സന്ദര്‍ശന സമയം.



Share this News Now:
  • Google+
Like(s): 54