04 December, 2018 07:48:23 PM


തങ്ങളും നഗ്നരായോ? വിവാഹ ആല്‍ബങ്ങള്‍ അനീഷിനെ ഏല്‍പ്പിച്ച യുവതികള്‍ അങ്കലാപ്പില്‍

യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച അനീഷ് എന്ന ഗ്രാഫിക് ഡിസൈനറെ പോലീസ് വലയിലാക്കിയത് വളരെ തന്ത്രപൂര്‍വ്വം
എം.പി.തോമസ്

ഏറ്റുമാനൂര്‍: യുവതിയുടെ നഗ്നചിത്രം കാട്ടി പണം തട്ടാന്‍ ശ്രമിച്ച ഗ്രാഫിക് ഡിസൈനര്‍ കൂടിയായ യുവാവ് അറസ്റ്റിലായതോടെ ഒട്ടേറെ പെണ്‍കുട്ടികളും അവരുടെ കുടുംബാംഗങ്ങളും ആശങ്കയില്‍. ഏറ്റുമാനൂരിലും പരിസരങ്ങളിലുമായി ഒട്ടേറെ പേരുടെ വിവാഹ ആല്‍ബങ്ങള്‍ ഡിസൈന്‍ ചെയ്തയാളാണ് പിടിക്കപ്പെട്ട നീണ്ടൂര്‍ സ്വദേശിയും ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസിന് സമീപം പിക്സല്‍ ഡിസൈന്‍ പാര്‍ക്ക് എന്ന സ്ഥാപനമുടമയുമായ അനീഷ്. ഇയാള്‍ ഡിസൈന്‍ ചെയ്ത ആല്‍ബങ്ങളിലെ ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികളും യുവതികളുമാണ് ഇപ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്.

അതേസമയം യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുവാന്‍ മൊബൈലില്‍ തന്നെയുള്ള രണ്ട് ആപ്പുകളാണ് അനീഷ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. പിടിക്കപ്പെടാതിരിക്കാന്‍ വളരെ വിദഗ്ധമായാണ് ഇയാള്‍ കരുക്കള്‍ നീക്കിയിരുന്നത്. സൈബര്‍ സെല്ലിനു പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടുളവാക്കും വിധമാണ് ഇയാള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും വെര്‍ച്വല്‍ നമ്പര്‍ എടുത്തത്. ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ഒരു മൊബൈലിലെ വൈഫൈയിലൂടെ മറ്റൊരു മൊബൈലില്‍ നിന്നുമാണ് വെര്‍ച്വല്‍ നമ്പരുകള്‍  സംഘടിപ്പിച്ചിരുന്നത്. സിം കാര്‍ഡ് ഇല്ലാതെ  ഈ രീതിയില്‍ സംഘടിപ്പിക്കുന്ന നമ്പര്‍ പെട്ടെന്നാര്‍ക്കും കണ്ടു പിടിക്കാനാവില്ലെന്ന് കേസന്വേഷിക്കുന്ന എസ് എച്ച് ഓ എ.ജെ. തോമസ് പറഞ്ഞു. 

വാട്സ് ആപ്പില്‍ തന്‍റെ നഗ്നചിത്രം കിട്ടിയ യുവതിയ്ക്ക് ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിരുന്നില്ല. ഇതുപോലെ ഒട്ടനവധി ചിത്രങ്ങള്‍ തന്‍റെ പക്കലുണ്ടെന്നും യു ട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും താനിത് പ്രചരിപ്പിക്കുമെന്നും അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശത്തോടെയായിരുന്നു മോര്‍ഫ് ചെയ്ത നഗ്നചിത്രം യുവതിയ്ക്ക് ലഭിച്ചത്. തൊട്ടടുത്ത സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അനീഷിന്‍റെ ബന്ധു കൂടിയായ യുവതി കോട്ടയം ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. യുവതിയെ കൊണ്ട് തനിക്ക് സന്ദേശമയച്ച നമ്പരിലേക്ക് പണം റഡിയാണെന്ന് കാട്ടി ചാറ്റ് ചെയ്യിച്ച് പോലീസ് തന്ത്രപരമായി ഒരുക്കിയ കെണിയില്‍ അനീഷ് കുടുങ്ങുകയായിരുന്നു. 

ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍റില്‍ എത്താനായിരുന്നു യുവതി ചാറ്റ് ചെയ്തപ്പോള്‍  ലഭിച്ച ആദ്യ നിര്‍ദ്ദേശം. സ്റ്റാന്‍റിലെത്തിയ യുവതിയോട് വൈക്കം റോഡിലൂടെ നടക്കുവാനും വില്ലേജ് ഓഫീസിന് മുന്നിലെത്തി വലത്തോട്ട് തിരിയുവാനും ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസ് റോഡിലെ ഡ്രൈക്ലീനിംഗ് കടയോട് ചേര്‍ന്ന് മുകളിലേക്കുള്ള സ്റ്റെപ്പിലൂടെ കയറി അവിടെ ഒരു പത്രത്തിന്‍റെ ന്യൂസ് ബ്യൂറോയോട് ചേര്‍ന്നുള്ള പൊത്തില്‍ പണം വെച്ച് തിരികെ പോകാനുമായിരുന്നു പിന്നീട് ലഭിച്ച സന്ദേശം. ഇതനുസരിച്ച് നീങ്ങിയ യുവതിയോടൊപ്പം എത്തിയ ബന്ധുക്കളും പോലീസും പതിയിരുന്ന് ഇയാളെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.

സൈബര്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ ഇയാളുടെ കമ്പ്യൂട്ടറുകള്‍ പരിശോധിച്ചു. അനീഷിന്‍റെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും പത്തിലധികം യുവതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടു വരുന്നതായി പോലീസ് കണ്ടെത്തി. ഒട്ടേറെ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും പോലീസ് കണ്ടെത്തി. ഇവരെയും അനീഷ് കെണിയില്‍ വീഴ്ത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അനീഷിന്‍റെ മൊബൈലില്‍ കൂടുതല്‍ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഇയാളുമായി ചാറ്റ് ചെയ്തിരുന്നവരും ഫോട്ടോകള്‍ ഡിസൈനിംഗിന് നല്‍കിയിരുന്നവരും ഉള്‍പ്പെടെ കൂടുതല്‍ യുവതികള്‍ പേടിച്ചരണ്ടിരിക്കുകയാണ്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ അനീഷിനെ റിമാന്‍ഡ് ചെയ്തു.Share this News Now:
  • Google+
Like(s): 759