03 December, 2018 02:06:38 PM


പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം: യുവാവ് ഏറ്റുമാനൂരില്‍ പിടിയില്‍




ഏറ്റുമാനൂര്‍: പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം നടത്തിയ യുവാവ് ഏറ്റുമാനൂരില്‍ പിടിയില്‍. ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസിന് സമീപം പിക്സല്‍ ഡിസൈന്‍ പാര്‍ക്ക് എന്ന സ്ഥാപനം നടത്തിവരുന്ന ഗ്രാഫിക് ഡിസൈനര്‍ കൂടിയായ നീണ്ടൂര്‍ മഠത്തില്‍പറമ്പില്‍ വിശ്വംഭരന്‍റെ മകന്‍ അനീഷ് എം.വി (29) ആണ് പിടിയിലായത്. തൊട്ടടുത്ത സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ബന്ധു കൂടിയായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിയത്.


ആളെ തിരിച്ചറിയാതിരിക്കാന്‍ ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വിർച്വൽ നമ്പരിലൂടെയാണ് അനീഷ് ചാറ്റ് ചെയ്തു കൊണ്ടിരുന്നത്.  യുവതിയുമായി വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്ത അനീഷ് അടുത്തിടെ ഇവരുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം അയച്ചുകൊടുത്തു. ഇതുപോലെ ഒട്ടനവധി ചിത്രങ്ങള്‍ തന്‍റെ പക്കലുണ്ടെന്നും യു ട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും താനിത് പ്രചരിപ്പിക്കുമെന്നും പറഞ്ഞ അനീഷ് അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. യുവതി വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് വളരെ തന്ത്രപൂര്‍വ്വം ഒരുക്കിയ കെണിയില്‍ അനീഷ് വീഴുകയായിരുന്നു.


തിങ്കളാഴ്ച രാവിലെ പോലീസ് നിര്‍ദ്ദേശപ്രകാരം പണം റഡിയാണെന്നും എവിടെ വരണമെന്നും ചോദിച്ച് യുവതി തനിക്ക് ലഭിച്ച നമ്പരിലേക്ക് സന്ദേശമയച്ചു. ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍റില്‍ എത്താനായിരുന്നു മറുപടി. സ്റ്റാന്‍റിലെത്തിയ യുവതിയോട് വൈക്കം റോഡിലൂടെ നടക്കുവാനും വില്ലേജ് ഓഫീസിന് മുന്നിലെത്തി വലത്തോട്ട് തിരിയുവാനും ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസ് റോഡിലെ ഡ്രൈക്ലീനിംഗ് കടയോട് ചേര്‍ന്ന് മുകളിലേക്കുള്ള സ്റ്റെപ്പിലൂടെ കയറി മാതൃഭൂമി ഓഫീസിനോട് ചേര്‍ന്നുള്ള പൊത്തില്‍ പണം വെച്ച് തിരികെ പോകാനായിരുന്നു പിന്നീട് ലഭിച്ച സന്ദേശം. യുവതിയോടൊപ്പം എത്തിയ ബന്ധുക്കളും പോലീസും പതിയിരുന്ന് ഇയാളെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.


കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഓപ്പറേഷന്‍ ഗുരുകുലം കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍. അരുണ്‍കുമാറിന്‍റെ നേതൃത്വത്തിലാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഏറ്റുമാനൂർ സിഐ എ.ജെ.തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കോട്ടയത്ത് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച ശേഷം പോലീസ് അനീഷിനെ ഇയാളുടെ സ്ഥാപനത്തിൽ കൊണ്ടുവന്ന് തെളിവെടുത്തു. 


അനീഷിന്റെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും എട്ടോളം യുവതികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പോലീസ് കണ്ടെത്തി.ഇതിന് മുമ്പ് മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ചുള്ള ആളാണ് അനീഷ് എന്ന് പോലീസ് പറഞ്ഞു. അനീഷ് പിടിയിലായതോടെ വിവാഹ ആല്‍ബങ്ങള്‍ ഉള്‍പ്പെടെ ഡിസൈന്‍ വര്‍ക്കുകള്‍ ഏല്‍പ്പിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്.




Share this News Now:
  • Google+
Like(s): 10038