02 December, 2018 12:56:55 AM


മരട് - നെട്ടൂര്‍ - മാടവന റോഡ് കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടിയുമായി താലൂക്ക് വികസന സമിതി



കൊച്ചി: മരട് - നെട്ടൂര്‍ - മാടവന പിഡബ്ല്യുഡി റോഡ് കയ്യേറ്റങ്ങള്‍ അളന്ന് കയ്യേറ്റം ഒഴിപ്പിക്കാന്‍ വേണ്ട നടപടി ഉടന്‍ സ്വീകരിക്കാന്‍ കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം. പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ യോഗം കൊച്ചി നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കി. പി ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കണയന്നൂര്‍ താലൂക്ക് വികസന സമിതിയില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. 


ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ പ്രളയത്തെ തുടര്‍ന്ന് സാങ്കേതിക കാരണങ്ങളാല്‍ 10000 രൂപ കിട്ടാത്തവര്‍ക്ക് ഈ മാസം തന്നെ ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ പി ആര്‍ രാധിക പറഞ്ഞു. കൂടാതെ പ്രളയത്തെ തുടര്‍ന്ന് മരണപ്പെട്ടവര്‍ക്ക് അര്‍ഹമായ ധനസഹായം എത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കും. ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല എന്ന സെക്രട്ടറിയുടെ സാക്ഷ്യപത്രം റദ്ദുചെയ്യണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. 


അഗതിമന്ദിരം, അനാഥാലയം തുടങ്ങിയ സ്ഥലങ്ങളിലെ അഗതികള്‍ക്കുള്ള റേഷന്‍ പുനഃസ്ഥാപിക്കണമെന്ന് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. വെണ്ണല അറക്കക്കടവ് റോഡരികിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടി മാറ്റാന്‍ തീരുമാനിച്ചു. പിഡബ്ല്യുഡി റോഡുകളുടെയും കോര്‍പ്പറേഷന്‍ റോഡുകളുടെയും അറ്റുകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 


വിവിധ മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷന്റെയും ചോര്‍ന്നൊലിക്കുന്ന മാലിന്യവണ്ടികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ സ്വകാര്യ ഹോസ്റ്റലുകളുടെയും അന്യസംസ്ഥാന തൊഴിലാളി ലേബര്‍ ക്യാമ്പുകളുടെയും കണക്കെടുക്കാന്‍ തീരുമാനിച്ചു. കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ആന്റണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 156