01 December, 2018 12:40:49 AM


പാഠഭാഗങ്ങള്‍ ദൃശ്യാവിഷ്‌കരിച്ച് കളമശ്ശേരി നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങള്‍




കളമശ്ശേരി: കളമശ്ശേരി നിയോജക മണ്ഡലത്തില്‍ ഉണര്‍വ് ദൃശ്യാവിഷ്‌കാരം പദ്ധതിക്ക് തുടക്കമായി. മുപ്പത്തടം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വച്ച് നടന്ന പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം  വി കെ ഇബ്രാഹിംകുഞ്ഞ്  എം എല്‍ എ നിര്‍വഹിച്ചു. ഉണര്‍വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എട്ടാം വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണവും ഇതോടൊപ്പം നടന്നു. പാഠഭാഗങ്ങള്‍ കൂടുതല്‍ അറിയാനും അത് ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നതിനുമാണ് പാഠഭാഗങ്ങള്‍ ദൃശ്യാവിഷ്‌കരിച്ച് കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പദ്ധതി നടപ്പാക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു.


നിയോജക മണ്ഡലത്തിലെ 41 പൊതുവിദ്യാലയങ്ങളിലാണ് പദ്ധതിയുടെ പ്രയോജനം ആദ്യ ഘട്ടത്തില്‍ ലഭിക്കുന്നത്. സ്‌കൂള്‍ പഠനത്തിന് രാജ്യാന്തര നിലവാരം കൈവരിക്കുന്നതിനൊപ്പം പാഠഭാഗങ്ങള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാനും ദൃശ്യവല്‍ക്കരണം ഉപകരിക്കുമെന്നും എം എല്‍ എ പറഞ്ഞു. എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ് വരെ ഓരോ പാഠഭാഗങ്ങളും അധ്യാപകര്‍ ക്ലാസെടുക്കുന്നു അതോടൊപ്പം കുട്ടികള്‍ക്ക് വീഡിയോയിലൂടെ കാണിച്ചു കൊടുക്കുന്നതാണ് ദൃശ്യാവിഷ്‌കാരം പദ്ധതി. കുട്ടികളുടെ മനസ്സില്‍ പാഠ്യവിഷയങ്ങള്‍ മായാതെ പതിയാന്‍ പദ്ധതിയിലൂടെ സാധിക്കും. ഇതിനായി എഴുനൂറിലധികം വീഡിയോകളുടെ വന്‍ ശേഖരവും തയ്യാറാക്കിയിട്ടുണ്ട്.


കുട്ടികളെ ഭാവി പ്രവര്‍ത്തനങ്ങളിലേയ്ക്ക് പ്രചോദിപ്പിക്കുന്ന വീഡിയോകളും ഇതോടൊപ്പമുണ്ട്. നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പൊതുവിജ്ഞാനം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ ജില്ലയില്‍ ഉണ്ടായ പ്രളയം ഏറ്റവും ശക്തമായി ബാധിച്ച നിയോജക മണ്ഡലമാണ് കളമശ്ശേരി. അതുകൊണ്ടുതന്നെ പ്രളയത്തെക്കുറിച്ചും അതിജീവനത്തിന്റെ വഴികളെ കുറിച്ചും അറിവ് പകരുന്ന ലേഖനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍  കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് അധ്യക്ഷത വഹിച്ചു.



Share this News Now:
  • Google+
Like(s): 278