01 December, 2018 12:24:02 AM


തൊഴിലുറപ്പ് പദ്ധതി: സിമന്‍റ് ഇഷ്ടിക നിർമാണത്തിൽ എറണാകുളം ഒന്നാമത്




കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സിമൻറ് ഇഷ്ടിക നിർമാണത്തിൽ എറണാകുളം ജില്ല ഒന്നാമതെത്തിയതായി ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.  ജില്ലയിൽ 28 ഗ്രാമ പഞ്ചായത്തുകളിലായി  ഭവന നിർമാണ സാമഗ്രികളുടെ 95 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ലൈഫ് മിഷൻ വീടുകളുടെ നിർമാണത്തിന് 70 ശതമാനത്തിലധികം കട്ടകൾ വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വർഷം 4, 26,726 കട്ടകൾ നിർമിച്ചതിൽ 3,11,384 എണ്ണം ലൈഫ് ഗുണഭോക്താക്കൾക്കു നൽകി.  വീടൊന്നിന് 1400 കട്ടകളാണ് അനുവദിക്കുക. ലൈഫ് ഗുണഭോക്താക്കൾക്കു പുറമേ പ്രളയത്തിൽ തകർന്ന കേന്ദ്ര-സംസ്ഥാനാവിഷ്കൃത ഭവന പദ്ധതി വീടുകളുടെ പുനഃനിർമാണത്തിനും കട്ടകൾ നൽകും. 


ഇതിനായി ഗ്രാമപഞ്ചായത്തുകൾ തോറും കട്ടനിർമാണ യൂണിറ്റുകളും ബ്ലോക്കുതലത്തിൽ കുറഞ്ഞത് ഒരു യന്ത്രവൽകൃത യൂണിറ്റും ആരംഭിക്കാനാണ് ലക്ഷ്യമെന്ന് ദാരിദ്യ ലഘൂകരണ വിഭാഗം ജില്ലാ പ്രോജക്ട് ഡയറക്ടർ കെ.ജി.തിലകൻ പറഞ്ഞു. ഡിസംബർ രണ്ടാം വാരത്തോടെ ജില്ലയിൽ 61 ഗ്രാമ പഞ്ചായത്തുകളിലായി 169 യൂണിറ്റുകൾ ആരംഭിക്കുമെന്നും അറിയിച്ചു. ലൈഫ് ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന നാലു ലക്ഷം രൂപ കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ 90 ദിവസത്തെ അവിദഗ്ദ്ധ വേതനമായി ഒരു കുടുംബത്തിന് 24,390 രൂപ നൽകും.


ഉപജീവനം മെച്ചപ്പെടുത്തുന്നതിന് പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കിണർ, ശുചിമുറി എന്നിവയും സൗജന്യമായി നിർമ്മിച്ചു നൽകും.  സിമൻറ് ഇഷ്ടിക നിർമാണം കൂടാതെ കട്ടിളകൾ, ജാളികൾ തുടങ്ങിയവയുടെ നിർമാണവും തൊഴിലുറപ്പു പദ്ധതിയിൽ ഏറ്റെടുക്കും.



Share this News Now:
  • Google+
Like(s): 291