28 November, 2018 09:24:10 PM


കരിമ്പനി: പൊങ്ങൻചുവട് ആദിവാസി കുടിയിലെ ആരോഗ്യസ്ഥിതി ജില്ലാ കളക്ടർ വിലയിരുത്തി

കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ചെക്ക് ഡാം നിർമാണം - സാധ്യത പരിശോധിക്കും
കൊച്ചി: വേങ്ങൂർ പഞ്ചായത്ത് പൊങ്ങൻചുവട് ആദിവാസി കോളനിയിലെ ഒരാൾക്ക് കരിമ്പനി കണ്ടെത്തിയതിനെത്തുടർന്ന് കുടിയിലെ ആരോഗ്യസ്ഥിതിയും വികസനപദ്ധതികളും വിലയിരുത്താൻ ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ചു. ഇടമലയാർ ഗവൺമെൻറ് യുപി സ്കൂളിലെ 14 വിദ്യാർത്ഥികൾക്ക് ചിക്കൻപോക്സ് ബാധിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ എട്ടു കുട്ടികൾ പൊങ്ങൻചുവട് കുടിയിലെ അംഗങ്ങളാണ്.  ഊരിലെ അംഗങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ജില്ലാകലക്ടർ ചോദിച്ചറിഞ്ഞു.

ഊരിലെ അംഗങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ മെഡിക്കൽ ക്യാമ്പിൽ ഏ ക്യു 32 കാർഡ് ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഒരാൾക്ക് മാത്രം രോഗം കണ്ടെത്തിയത്. കരിമ്പനി ബാധിച്ച വ്യക്തിയെ ജില്ലാ കലക്ടർ സന്ദർശിക്കുകയും , ചികിത്സ ഉറപ്പാക്കാനും യാത്രാസൗകര്യം ഉറപ്പാക്കാനും ആരോഗ്യവകുപ്പിനെയും പട്ടികവർഗ്ഗ വികസന വകുപ്പിനെയും ചുമതലപ്പെടുത്തുകയും ചെയ്തു. മണലീച്ച വഴി പരക്കുന്ന കാല അസർ അഥവാ കരിമ്പനി എന്ന രോഗംബാധിച്ച വ്യക്തിയുടെയും പരിസരങ്ങളിലുള്ളവരുടെയും വീടുകളിൽ  ഇൻഡോർ റെസിഡ്യുവൽ സ്പ്രേ ഉപയോഗിച്ച് ആരോഗ്യപ്രവർത്തകർ മണലീച്ചയെ ഒഴിവാക്കും. വെക്ടർ കൺട്രോൾ റിസർച്ച് സെൻററിലെ ഡോക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ ഊരിലെ മണലീച്ചയിൽ രോഗാണുവിനെ കണ്ടെത്താനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. 

പകർച്ചവ്യാധികൾ തടയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം


പൊങ്ങൻചുവട് കുടിയിൽ മാസത്തിൽ ഒരു മെഡിക്കൽ ക്യാമ്പിനു പുറമേ ആവശ്യാനുസരണം ക്യാമ്പുകൾ നടത്താറുണ്ടെന്ന് പൊങ്ങൻചുവട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ കെ കുട്ടപ്പൻ പറഞ്ഞു. ഊരിൽ നിന്ന് തന്നെ ഒരു ആശാവർക്കറെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. വനംവകുപ്പ് കുടിയിൽ നടപ്പാക്കുന്ന 16 കിലോമീറ്റർ ഫെന്സിങ് പകുതിയോളം പൂർത്തിയാക്കിയെന്ന് മലയാറ്റൂർ ഡി എഫ് ഒ എ രഞ്ജൻ പറഞ്ഞു. ഒരു മാസത്തിനകം ഇത് പൂർത്തിയാക്കും.

ആദിവാസി കോളനികളിലെ തൊഴിലുറപ്പ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ജലസംരക്ഷണം, റോഡുകൾ നന്നാക്കൽ  തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്താം. കുടിയിലെ കുടിവെള്ള ദൗർലഭ്യത്തെ കുറിച്ച് പ്രദേശവാസികൾ ജില്ലാ കലക്ടറെ അറിയിച്ചു. പൊങ്ങൻചുവട് കുടിയിൽ ചെക്ക് ഡാമുകൾ നിർമ്മിക്കാനുള്ള സാധ്യത പരിശോധിക്കാൻ ഡി എഫ്ഒ-യെ ചുമതലപ്പെടുത്തി. 

റോഡുകളുടെ ശോച്യാവസ്ഥ കാണി രാജപ്പൻ പ്ലാനൊടി കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. അംബേദ്കർ സെറ്റിൽമെൻറ് പദ്ധതിപ്രകാരം റോഡ് നിർമ്മാണത്തിന് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ പദ്ധതി പ്രകാരം നിലവിലുള്ള കുളം ഭിത്തി കെട്ടി, ചെളിവാരി വൃത്തിയാക്കുന്നതിനും 5 പുതിയ കിണറുകൾ നിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്. ഇത് വേഗത്തിലാക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.

വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ പ്രദേശവാസികൾക്ക് ഇരട്ടി വിലയ്ക്കാണ് ലഭിക്കുന്നതെന്ന പരാതിയും യോഗത്തിൽ ഉയർന്നു. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ ഒരു സൊസൈറ്റി രൂപീകരിച്ച് ന്യായമായ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചു.  ഊരിലെ അങ്കണവാടിയിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കാനും ജില്ലാ കലക്ടർ നിർദേശിച്ചു.

ഊരിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ബീന ജോസഫിന് പുതുക്കിപ്പണിയുന്ന വീട് ജില്ലാ കലക്ടർ സന്ദർശിച്ചു. വീടുനിർമാണത്തിനായി രണ്ടു ഗഡുക്കൾ ബീനയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 14 വിദ്യാർഥികൾക്കും ഒരു ജീവനക്കാരനും ചിക്കൻപോക്സ് ബാധിച്ച ഇടമലയാർ ഗവൺമെൻറ് യുപിസ്കൂളും ട്രൈബൽ ഹോസ്റ്റലും ജില്ലാകലക്ടർ സന്ദർശിച്ചു. വെള്ളപ്പൊക്കത്തിൽ സ്കൂളിലെ 7 ലാപ്ടോപ്പുകളും പ്രൊജക്ടറും നശിച്ചിരുന്നുവെന്ന് അധ്യാപകർ ജില്ലാ കലക്ടറെ അറിയിച്ചു.  ഇവ പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞുShare this News Now:
  • Google+
Like(s): 272