28 November, 2018 12:35:56 PM


ബോര്‍ഡിന് തലവേദന സൃഷ്ടിച്ച് പൊലീസുകാര്‍ക്കുള്ള പ്രസാദ വിതരണം; ബാധ്യത 25 ലക്ഷത്തിന് മേല്‍



പമ്പ: ശബരിമല സുരക്ഷയ്ക്കായെത്തുന്ന പൊലീസിനുള്ള അപ്പം, അരവണ പ്രസാദ വിതരണം ദേവസ്വം ബോർഡിന് തലവേദനയാകുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ജോലി ചെയ്ത മുഴുവൻ പൊലീസുകാർക്കും പ്രസാദം വിതരണം ചെയ്യണം എന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് മണ്ഡലകാലം പൂർത്തിയാകുമ്പോൾ ബോ‍ർഡിന് 25 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നാണ് കണക്കുകള്‍. 


മുന്‍ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഇക്കുറി ഉണ്ടായതാണ് ചെലവ് കൂടാന്‍ കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നത്. 5200 പൊലീസുകാർക്കാണ് ആദ്യ ഘട്ടത്തില്‍ മാത്രം പ്രസാദം നൽകേണ്ടത്. ഇതുവഴി ആറ് ലക്ഷത്തി ഇരുപത്തി നാലായിരം രൂപയുടെ ബാധ്യത ബോ‍‍ർഡിനുണ്ടാകും. മണ്ഡലകാലം പൂർത്തിയാകുമ്പോൾ 20,000ലേറെ പൊലീസുകാർക്ക് പ്രസാദം നൽകേണ്ടിവരും. 


ദേവസ്വം കമ്മീഷണറുടെ ഉത്തരവ് പ്രകാരം പോലീസുകാര്‍ക്കുള്ള അരവണ, അപ്പം വിതരണം ബോര്‍ഡിന് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് തന്നെയാണ് ഒരു വിഭാഗം ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്നതും. അതേസമയം, ഈ വിവരം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രതിസന്ധികളുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പ്രതികരിച്ചു.  



Share this News Now:
  • Google+
Like(s): 261