28 November, 2018 08:32:12 AM


നിയമപാലകര്‍ നിസഹായരാകുന്നു: കളം മുറുക്കി കഞ്ചാവ് മാഫിയ; തെന്നിമാറി 'വമ്പന്‍ സ്രാവുകള്‍'
അധികൃതരെ നിസഹായരാക്കി കഞ്ചാവ് - മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ സംസ്ഥാനത്ത് കളം മുറുക്കുന്നു.  സ്കൂളുകളും കോളനികളും കേന്ദ്രീകരിച്ചും, ആവശ്യക്കാര്‍ക്ക് രഹസ്യമായി വാഹനങ്ങളില്‍ എത്തിച്ചും കഞ്ചാവും മയക്കുമരുന്നും കച്ചവടം നടത്തുന്ന സംഘങ്ങള്‍ ഒരു പേടിയുമില്ലാതെ വിലസുമ്പോള്‍ ഇവരെ നിയന്ത്രിക്കേണ്ട പോലീസും എക്സൈസും നോക്കുകുത്തികളായി മാറുന്നു. പിടികൂടാനെത്തുന്ന നിയമപാലകര്‍ ആക്രമിക്കപ്പെടുന്ന കാഴ്ചയാണ് അടുത്ത കാലത്ത് കണ്ടുവരുന്നത്.

കഴിഞ്ഞ ആറ് മാസത്തിനിടെ കോട്ടയം ജില്ലയില്‍ രണ്ട് തവണ എക്സൈസ് സംഘം കൂട്ടമായി ആക്രമിക്കപ്പെട്ടു. രണ്ട് സംഭവങ്ങളിലും കഞ്ചാവ് മാഫിയാ സംഘാംഗങ്ങള്‍ രക്ഷപെടുകയായിരുന്നു. കഴിഞ്ഞ മെയില്‍ ആര്‍പ്പൂക്കരയില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഏറ്റുമാനൂരില്‍ നിന്നുള്ള എക്സൈസ് സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഏതാണ്ട് ഇതേപോലെ തന്നെയായിരുന്നു കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ കുറവിലങ്ങാട് നിന്നുള്ള എക്സൈസ് സംഘം ആക്രമിക്കപ്പെട്ടത്. പിടിയിലായ പ്രതിയെ വിലങ്ങോടുകൂടി രക്ഷപെടുത്തി എന്നു മാത്രമല്ല, കേസെടുത്ത രേഖകളും തട്ടിയെടുക്കപ്പെട്ടു. രണ്ട് സംഭവങ്ങളിലും സാമ്യങ്ങള്‍ ഏറെയായിരുന്നു. ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കൊടും ക്രിമിനലുകള്‍. കുരുമുളക് സ്പ്രേ വിതറി വടിവാള്‍ തുടങ്ങിയ  മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണം.
 
ചെറിയ കേസുകളില്‍ ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍ തങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാനില്ലെന്ന മട്ടിലാണ് കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ഇവര്‍ വീണ്ടും ബിസിനസ് വ്യാപകമാക്കുന്നതോടൊപ്പം സുരക്ഷയ്ക്കായി കൊലപാതകകേസുകളില്‍ പ്രതികളായവര്‍ ഉള്‍പ്പെടെയുള്ള വന്‍ ഗുണ്ടാസംഘങ്ങളെയും കൂടെ കൂട്ടുന്നു. പരിശോധനകളില്‍ പിടിക്കപ്പെടുന്നവരില്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്തവരും ഒട്ടേറെയാണ്.  തങ്ങളുടെ കൈപിടിയിലൊതുങ്ങാത്ത വിധം കഞ്ചാവ് മാഫിയാ തഴച്ചു വളര്‍ന്നുവെന്ന് പോലീസും എക്സൈസ് ഉദ്യോഗസ്ഥരും ഒന്നു പോലെ പറയുന്നു. 

സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് കച്ചവടം പൊടിപൊടിക്കുന്നവര്‍ ആദ്യം വിദ്യാര്‍ത്ഥികളുമായി ചങ്ങാത്തം കൂടി പിന്നാലെ അവരെ തങ്ങളുടെ ഏജന്‍റുമാരായി വളര്‍ത്തിയെടുക്കുകയാണ് ചെയ്തുവരുന്നത്. ആദ്യം നല്ല ഭക്ഷണവും മറ്റും വാങ്ങി നല്‍കി കൈയിലെടുക്കുന്ന ഇവരുടെ പക്കല്‍ ഇവരറിയാതെ തന്നെ ചെറിയ പൊതികള്‍ ആവശ്യക്കാര്‍ക്ക് നല്‍കാനായി കൊടുത്തുവിടും. പിന്നാലെ പാരിതോഷികമായി പണവും കൊടുത്തു തുടങ്ങും. തങ്ങള്‍ ചതിക്കപ്പെടുകയാണെന്ന് കുട്ടികള്‍ മനസിലാക്കുമ്പോഴേക്കും ഊരാനാവാത്ത വിധം കുരുക്കില്‍ പെട്ടിട്ടുണ്ടാവും. ഭീഷണിയുടെ നിഴലിലാണെങ്കിലും നല്ലൊരു വരുമാനമാര്‍ഗമായി കാണുന്നതോടെ യുവതലമുറ ഈ വഴി തന്നെ മുന്നോട്ട് സഞ്ചരിക്കുന്നു. 

മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങന്നൂരില്‍ ഉണ്ടായ അപകടത്തില്‍ ഏറ്റുമാനൂരില്‍ നിന്നും പോയ നാല് യുവാക്കളില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ ബൈക്കുമായി മുങ്ങിയ സുഹൃത്തിനെ പിന്നീട് പോലീസ് പിടികൂടിയത് കഞ്ചാവ് വിതരണത്തിനിടെ.  ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകള്‍ മുതല്‍ പല വമ്പന്‍ ഓഫറുകളും നല്‍കിയാണ് കഞ്ചാവ് മാഫിയാ യുവാക്കളെ കളത്തിലിറക്കുന്നത് എന്നതുള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത്. ഇത്തരം കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതല്ലാതെ തടയിടാന്‍ നിയമപാലകര്‍ക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത. 'ചെറുമീനുകള്‍' മാത്രമാണ് പോലീസിന്‍റെയും എക്സൈസിന്‍റെയും വലയില്‍  എപ്പോഴും കുരുങ്ങുന്നത്. 'വമ്പന്‍ സ്രാവുകള്‍' പിടികൊടുക്കാതെ ഇപ്പോഴും വിലസുകയാണ്.Share this News Now:
  • Google+
Like(s): 421