26 November, 2018 11:17:30 AM


'ബാലഭാസ്കറിനെ പിന്‍സീറ്റില്‍ കണ്ടു'; ദുരൂഹത നിലനിര്‍ത്തി വൈരുധ്യമേറിയ മൊഴികള്‍ വീണ്ടും



തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹത തുടരുന്നു. വാഹനമോടിച്ചത് ആരെന്നതിനെ ചൊല്ലി വീണ്ടും വ്യത്യസ്ഥമായ മൊഴികള്‍ ലഭിക്കുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്ന് ആരെന്നതിൽ വ്യക്തത വരുത്താനാണ് പൊലീസിന്‍റെ ശ്രമം. വാഹനത്തിലുണ്ടായ ഡ്രൈവർ അർ‍ജുനന്‍റേയും, ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും മൊഴികളിൽ വൈരുധ്യമുള്ളതാണ് അപകടത്തിന് പിന്നില്‍ സംശയത്തിനിട നല്‍കിയത്.  ഡ്രൈവറുടെയും ഭാര്യ ലക്ഷ്മിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.


അതിനിടെ കൊല്ലത്ത് വച്ച് വാഹനത്തിന്‍റെ പിൻസീറ്റിൽ ബാലഭാസ്കർ ഉറങ്ങുന്നത് കണ്ടുവെന്ന് ചവറ സ്വദേശിയായ ഒരാള്‍ പൊലീസിനോട് പറഞ്ഞു. ആംബുലൻസിലേക്ക് കയറ്റുന്നതിനിടെ ബാലഭാസ്ക്കർ സംസാരിച്ചതായി സാക്ഷികളിലൊരാളും പറഞ്ഞിരുന്നുവത്രേ. അതേസമയം അർജുനാണ് വഹനമോടിച്ചതെന്ന മൊഴിയിൽ ലക്ഷ്മി ഉറച്ചുനിൽക്കുകയാണ്. പക്ഷെ വാഹനമോടിച്ചത് ബാലഭാസ്ക്കറാണെന്ന അർജുന്‍റെ മൊഴി പ്രധാന സാക്ഷികളും ശരിവയ്ക്കുന്നു. 


സാക്ഷിമൊഴികള്‍ പരിശോധിച്ച ശേഷം വീണ്ടും ലക്ഷ്മിയുടെയും അർജുന്‍റെയും മൊഴി രേഖപ്പെടുത്തും. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വഴി കൊല്ലത്ത് വച്ച് ജ്യൂസ് കുടിച്ച ശേഷമാണ് ബാലഭാസ്ക്കർ വാഹനമോടിച്ചതെന്നാണ് അർജുന്‍റെ മൊഴി. കൊല്ലത്ത് വച്ച് ബാലഭാസ്കറും അർജുനും വാഹനത്തിന് പുറത്തിറങ്ങി ജ്യൂസ് കുടിച്ച കാര്യം ലക്ഷ്മിയുടെ മൊഴിയിലുമുണ്ട്. 


ഇതിന് വിരുദ്ധമായ വെളിപ്പെടുത്തലുമായാണ് ചവറ സ്വദേശിയായ ഒരാള്‍ കൊല്ലം പൊലീസിനെ സമീപിച്ചത്. ബാലഭാസ്ക്കർ പിൻസീറ്റിൽ കിടക്കുകയായിരുന്നുവെന്നും ഡ്രൈവർ ജ്യൂസ് വാങ്ങി ബാലഭാസ്ക്കറിന് നൽകിയത് കണ്ടുവെന്നുമാണ് ചവറ സ്വദേശിയുടെ മൊഴി. ദുരൂഹതയുണര്‍ത്തുന്ന മൊഴികളിൽ വ്യക്തത  വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം ഡ്രൈവറുടെ സീറ്റിൽ നിന്നാണ് ബാലഭാസ്കറിനെ പുറത്തേക്കെടുത്തതെന്ന് പ്രധാന സാക്ഷിയായ കൊല്ലം സ്വദേശി പ്രവീണ്‍ പറഞ്ഞു. പുലർ‍ച്ചെ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രവീണ്‍ അപകടത്തിൽപ്പെട്ട വാഹനം കാണുന്നത്.


അപകടത്തിൽ ദുരൂഹത ഉന്നയിച്ച ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റെ മൊഴിയും ഈ ആഴ്ച രേഖപ്പെടുത്തും. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ആറ്റിങ്ങല്‍ ഡിവൈഎസ്പി അനിൽകുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിപുലപ്പെടുത്തി.



Share this News Now:
  • Google+
Like(s): 255