25 November, 2018 09:28:13 PM


'ഓപ്പറേഷന്‍ സാഗരറാണി' പ്രളയത്തില്‍ മുങ്ങി; മലയാളികള്‍ക്ക് വിഷം കലര്‍ന്ന മീനുകള്‍ തുടര്‍ന്നും കഴിക്കാംമത്സ്യത്തിലെ മായം കണ്ടെത്താനുള്ള 'ഓപ്പറേഷന്‍ സാഗരറാണി' പ്രളയത്തില്‍ മുങ്ങി. ഒട്ടേറെ കടമ്പകള്‍ക്ക് ശേഷം പദ്ധതിയനുസരിച്ചുള്ള പരിശോധനകള്‍ സംസ്ഥാനത്ത് തുടങ്ങിവെച്ച പിന്നാലെ പ്രളയം നാടിനെ വിഴുങ്ങി. ഇതിനുശേഷം മന്ദഗതിയിലായ 'സാഗരറാണി' പിന്നീട് ചലിക്കാതായി. ഇതോടെ മലയാളികള്‍ക്ക് വിഷം കലര്‍ത്തിയ മത്സ്യങ്ങള്‍ വീണ്ടും സുലഭമായി ലഭിച്ചുതുടങ്ങി. ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ നേതൃത്വത്തിലുള്ള പരിശോധന നിലച്ചത് മത്സ്യവ്യാപാരികള്‍ക്ക് ഗുണമായി തീരുകയും ചെയ്തു.

ഫോര്‍മാലിന്‍, അമോണിയ എന്നി രണ്ട് രാസവസ്തുക്കളാണ് മീനില്‍ പ്രധാനമായും ചേര്‍ത്തുവരുന്നത്. അമോണിയ ഐസിലാണു ചേര്‍ക്കുന്നത്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. മനുഷ്യശരീരം സംസ്‌കരിച്ചു സൂക്ഷിക്കുന്നതിനു മോര്‍ച്ചറികളില്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ ഡിഹൈഡിന്‍റെ ദ്രാവകരൂപമായ ഫോര്‍മാലിനില്‍ ഉയര്‍ന്ന തോതിലാണ് വിഷാംശം. കാന്‍സറിനും അള്‍സറിനും കാരണമാകുന്ന ഈ രാസവസ്തു മാസങ്ങളോളം മീന്‍ കേടാകാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുമ്പോള്‍ കുറയുന്നത് നമ്മുടെ ആയുസും.

'ഓപ്പറേഷന്‍ സാഗരറാണി' പദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതോടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടണ്‍ കണക്കിന് മത്സ്യം ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവയിലേറെയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവയും. എറണാകുളം, ഏറ്റുമാനൂര്‍ മാര്‍ക്കറ്റുകളിലേക്ക് കൊണ്ടുപോയ ഫോര്‍മാലിന്‍ കലര്‍ത്തിയ ഒമ്പതര ടണ്‍ മത്സ്യം കൊല്ലത്ത് ആര്യങ്കാവില്‍ പിടിച്ചത് പദ്ധതിയുടെ ആരംഭത്തില്‍ നടന്ന ഏറ്റവും വലിയ മത്സ്യവേട്ടയില്‍ ഒന്നായിരുന്നു. തൂത്തുകുടി, രാമേശ്വരം എന്നിവിടങ്ങളില്‍  നിന്നുള്ള മത്സ്യമായിരുന്നു അത്. ആന്ധ്രാപ്രദേശില്‍  നിന്നും റോഡ് മാര്‍ഗം കൊണ്ടുവന്ന മീന്‍ വാളയാര്‍ ചെക്കുപോസ്റ്റിലും പിടിക്കപ്പെട്ടിരുന്നു. 

കയറ്റുമതിയ്ക്കിടെ രാസവസ്തുക്കളുടെ ഉപയോഗവും മറ്റും കണ്ടെത്തി തിരിച്ചയയ്ക്കുന്ന മീനും കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളില്‍ എത്തുന്നതായി തെളിഞ്ഞിരുന്നു. മൂവാറ്റുപുഴ, ഏറ്റുമാനൂര്‍, ചങ്ങനാശേരി തുടങ്ങിയ മാര്‍ക്കറ്റുകളില്‍ എത്തുന്ന ഈ മത്സ്യം വീണ്ടും പെട്ടിയിലാക്കി ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതായും കണ്ടെത്തിയിരുന്നു. പക്ഷെ തുടര്‍നടപടികള്‍ ഒരു ഭാഗത്തുനിന്നും ഉണ്ടായില്ല എന്നു മാത്രം.

ഫോര്‍മാലിന്റെ അംശം കണ്ടെത്തുന്നതിന് ഇറങ്ങിയ കിറ്റുകള്‍ ആവശ്യത്തിന് ലഭിക്കാതായതും കിറ്റ് ഉപയോഗിച്ച് പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും പരിജ്ഞാനമില്ലാതെ വന്നതും 'ഓപ്പറേഷന്‍ സാഗരറാണി' തുടക്കത്തിലേ പൊളിയുന്നതിന് കാരണമായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യാഗസ്ഥര്‍ക്ക് മാത്രമാണ് ഭാഗികമായി ആദ്യം കിറ്റുകള്‍ ലഭിച്ചിരുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഇനിയും കിറ്റുകള്‍ ആവശ്യത്തിന് കിട്ടി തുടങ്ങിയിട്ടില്ല. 

ഇതിനിടെ പിടിക്കപ്പെടുന്ന മത്സ്യവ്യാപാരികളെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി രാഷ്ട്രീയനേതാക്കള്‍ രംഗപ്രവേശം ചെയ്തത് ഉദ്യോഗസ്ഥരുടെ വീര്യം കെടുത്തി. ആധുനിക ഹൈജീനിക് മത്സ്യമാര്‍ക്കറ്റുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടെങ്കിലും ഇവിടെയെങ്ങും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ചുരുക്കി പറഞ്ഞാല്‍ മറ്റേതൊരു പരിപാടിയെ പോലെയും 'ഓപ്പറേഷന്‍ സാഗരറാണി'യും ആരംഭശൂരത്വം കാട്ടി അവസാനിച്ചു എന്നു വേണം പറയാന്‍.Share this News Now:
  • Google+
Like(s): 397